26 December 2024, Thursday
KSFE Galaxy Chits Banner 2

ഗവർണർമാരുടെ രാഷ്ട്രീയ ഇടപടലിനെതിരെ സംയുക്ത നീക്കം

Janayugom Webdesk
കൊൽക്കത്ത
February 14, 2022 9:15 pm

കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസിതര പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ഐക്യമുണ്ടാക്കാൻ നീക്കം. സംസ്ഥാന ഗവർണർമാരെ ഉപയോഗിച്ച് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ സഖ്യം ഉണ്ടാക്കാനാണ് നീക്കം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവര്‍ ഇതിനുള്ള നീക്കമാരംഭിച്ചു.

ബിജെപി വിരുദ്ധ സഖ്യത്തിന് പിന്തുണ തേടി മമതാ ബാനർജി ഞായറാഴ്ച എം കെ സ്റ്റാലിൻ, കെ ചന്ദ്രശേഖർ റാവു എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. ‘ഞങ്ങൾ ഒരുമിച്ച് ഫെഡറൽ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. എല്ലാ പ്രാദേശിക പാർട്ടികളുമായും ഒരു ധാരണയിലെത്താനാണ് ശ്രമ’മെന്ന് ഇന്നലെ മമത വ്യക്തമാക്കുകയും ചെയ്തു. സഖ്യത്തിൽ കോൺഗ്രസിനെ പരിഗണിക്കുന്നില്ലെന്നും അവർക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്നും മമത പറഞ്ഞു.

‘രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർച്ചയിലാണ്. ഭരണഘടന തകർക്കപ്പെടുന്നു. അത് സംരക്ഷിക്കാൻ നാമെല്ലാവരും ഒന്നിക്കേണ്ടതുണ്ട്’ പശ്ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ടിഎംസിയെ വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദി പറയുന്ന വേളയിൽ മമത വ്യക്തമാക്കി.

‘ബിജെപി-കോൺഗ്രസ് ഇതര മുന്നണി എന്ന ആശയം മമതയുമായി ഫോണിൽ ചർച്ച നടത്തി. അവർ എന്നെ ബംഗാളിലേക്ക് ക്ഷണിച്ചു. ഹൈദരാബാദിലേക്ക് സ്വാഗതം എന്ന് ഞാൻപറഞ്ഞു. ചർച്ച തുടരുകതന്നെ ചെയ്യും’-ചന്ദ്രശേഖർ റാവു പറഞ്ഞു. ബിജെപിക്കെതിരെ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണുമെന്നും റാവു പറഞ്ഞു.

ഗവർണർമാരുടെ നടപടികളെക്കുറിച്ച് പൊതുവായ ആശങ്കകളാണ് മമതയും സ്റ്റാലിനും ഞായറാഴ്ച പങ്കുവച്ചത്. ‘ഗവർണർമാരുടെ ഭരണഘടനാവിരുദ്ധ നിലപാടിലും അധികാര ദുർവിനിയോഗത്തിലുമുള്ള ആശങ്ക പങ്കുവയ്ക്കാനാണ് മമത ബാനർജി ഫോണിൽ വിളിച്ച’തെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

 

Eng­lish Sum­ma­ry: Joint move against gov­er­nors’ polit­i­cal interference

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.