പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയായ മുസ്‌ലിം ലീഗ് നിലനില്പിനായുള്ള തീവ്രസമരത്തില്‍. സംസ്ഥാനത്തു നടക്കുന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ ലീഗിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ഉള്‍പ്പോരുകള്‍ക്ക് തടയിടുന്ന സംവിധാനവും ഇല്ലാതാകുന്നു. പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നാലെ ലോക്‌സഭാംഗത്വം രാജിവച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നതോടെയാണ് പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമായത്. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ചതിന് അണികളോടുപോലും വിശദീകരണം നല്കാനാവാത്ത അവസ്ഥയാണെന്ന് പാണക്കാട് തങ്ങള്‍മാരിലൊരാളായ പാണക്കാട് മുനവറലിതങ്ങള്‍ തന്നെ തുറന്നടിച്ചത് ലീഗിനുള്ളിലും പൊതുസമൂഹത്തിലും വന്‍ രാഷ്ട്രീയ സ്ഫോടനമാണുണ്ടാക്കിയത്. യുഡിഎഫ് അധികാരത്തില്‍ വരുമെന്നും തനിക്ക് ഉപമുഖ്യമന്ത്രിയാകാമെന്നുമുള്ള മോഹത്തോടെ കേരളത്തിലെത്തിയ കുഞ്ഞാലിക്കുട്ടിയുടെ സ്വപ്നങ്ങളെല്ലാം വീണുടയുകയായിരുന്നു.
മന്ത്രിയാക്കാമെന്ന കരാറില്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെയും പി കെ ഫിറോസ്, പി കെ ബഷീര്‍ എന്നിവരെ കൂട്ടി പാര്‍ട്ടിയില്‍ ഒരു കുറുമുന്നണി തന്നെയുണ്ടാക്കിയ കുഞ്ഞാലിക്കുട്ടി, മജീദിനു പകരം പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കി ഒപ്പം കൂട്ടിയതോടെയാണ് ലീഗിനുള്ളിലെ കൂട്ടപ്പൊരിച്ചിലുകള്‍ക്ക് തുടക്കമായത്.
യുഡിഎഫ് ജയിച്ചാല്‍ മന്ത്രിമാരാകുമെന്ന് കരുതിയിരുന്ന കെഎൻഎ ഖാദറേയും താനൂര്‍ എംഎല്‍എയായിരുന്ന അബ്ദുല്‍ റഹുമാന്‍ രണ്ടത്താണിയേയും നാടുകടത്തിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കളി. താനൂര്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ഖാദര്‍ ഗുരുവായൂരും അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരും തോല്ക്കുകയും ചെയ്തു. പുനലൂരിലേക്ക് രണ്ടത്താണിയെ അയച്ച് തോല്പിച്ചതും ഖാദറിനെ തോല്പിച്ച് ഒതുക്കിയതും കുഞ്ഞാലിക്കുട്ടിയുടെ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു. ഇതോടെ ലീഗിനുള്ളില്‍ ഉരുണ്ടുകൂടിയ ഭിന്നതയുടെ കാര്‍മേഘങ്ങളാണ് ഒരു ഉരുള്‍പൊട്ടലിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. മുന്‍ മന്ത്രിയായ നാലകത്ത് സൂപ്പിയാകട്ടെ കുഞ്ഞാലിക്കുട്ടിയുടെ കുതന്ത്രങ്ങള്‍ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ അച്ചുതണ്ടിനെതിരേ കെഎന്‍എ ഖാദര്‍, കെ എം ഷാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങി സംസ്ഥാന നേതൃത്വത്തിലെ പത്തോളം പേര്‍ മറുഅച്ചുതണ്ടുണ്ടാക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. മുസ്‌ലിംലീഗിന്റെ ചാലകശക്തിയായിരുന്ന സമസ്തയെ പാര്‍ട്ടിയില്‍ നിന്നകറ്റിയത് കുഞ്ഞാലിക്കുട്ടി ഗ്രൂപ്പിന്റെ നയരാഹിത്യം കൊണ്ടാണെന്ന് വിമതപക്ഷം ആരോപിക്കുന്നു. ലീഗിന്റെ സ്ത്രീവിരുദ്ധതയെ ഇസ്‌ലാം വിരുദ്ധര്‍ മുതലാക്കുന്നതിനുള്ള അവസരം തുറന്നുകൊടുത്തതും കുഞ്ഞാലിക്കുട്ടി പക്ഷമാണെന്ന് വിമതര്‍ കരുതുന്നു. ഏറ്റവുമൊടുവില്‍ ഹിജാബ് വിഷയത്തില്‍ പോലും ഇസ്‌ലാമിന്റെ താല്പര്യങ്ങള്‍ക്കു വേണ്ടി ലീഗ് പ്രക്ഷോഭ പാതയിലിറങ്ങാത്തതും ദുരൂഹമാണെന്ന് വിമതര്‍ കുറ്റപ്പെടുത്തുന്നു.
പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിനുള്ളില്‍ത്തന്നെ മൂപ്പിളമ തര്‍ക്കങ്ങള്‍ നുരപൊന്തുകയാണ്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ഷിഹാബ് തങ്ങള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഏകദേശം രംഗമൊഴിഞ്ഞതോടെ കൊടപ്പനയ്ക്കല്‍ പാണക്കാട് തറവാടും അഭിപ്രായ ഭിന്നതകളാല്‍ ഛിന്നഭിന്നമാണ്. മുന്‍ പ്രസിഡന്റായ അന്തരിച്ച പാണക്കാട് മുഹമ്മദാലി ഷിഹാബ് തങ്ങളുടെ മക്കളായ മുനവര്‍ അലിതങ്ങളും ബഷീര്‍ അലി തങ്ങളും ചേര്‍ന്ന അച്ചുതണ്ട് കൊടപ്പനക്കല്‍ തറവാടിന്റെ അധീശാധികാരങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പക്ഷത്തിന് പരാതിയുണ്ട്. ഇതും പാര്‍ട്ടിക്ക് ഭീഷണിയായി വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ നിലനില്പിനു വേണ്ടിയുള്ള കുഞ്ഞാലിക്കുട്ടിയുടെ ശ്രമങ്ങള്‍പോലും ദുര്‍ബലമാകുന്നുവെന്നാണ് സൂചന.
English Summary:Muslim League in struggle for survival
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.