26 December 2024, Thursday
KSFE Galaxy Chits Banner 2

പതിനാറാം നൂറ്റാണ്ടിലെഹല്‍ദിഘട്ടി യുദ്ധം ; രാഷ്ട്രീയ മുതലെടുപ്പിനായി കോണ്‍ഗ്രസും, ബിജെപിയും

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2022 3:51 pm

ചരിത്രത്തെ വളച്ചൊടിക്കുന്ന ബിജെപി സര്‍ക്കാര്‍ , രാജ്യത്താകമാനം സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. അതിന്‍റെ ഭാഗമായി പാഠപുസ്തകങ്ങളിഡ പോലും വര്‍ഗ്ഗീയ വളര്‍ത്തുന്ന തരത്തില്‍ പാഠഭാഗങ്ങള്‍ തയ്യാറാക്കുന്നു. ഇപ്പോള്‍ ഹല്‍ദിഘട്ടി യുദ്ധത്തെ ചൊല്ലിയാണ് ബിജെപി രംഗത്തു വന്നത്. 

അതിന്‍റെ ചുവടു പിടിച്ച് കോണ്‍ഗ്രസും രംഗത്തു വന്നു. ബിജെപി തീവ്രഹിന്ദുത്വ നിലപാടുമായി നീങ്ങുമ്പോള്‍, കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചുപോരുന്നത്.പതിനാറാം നൂറ്റാണ്ടില്‍ അരങ്ങേറിയ അക്ബറും മഹാറാണാ പ്രതാപും തമ്മിലുണ്ടായ ഹല്‍ദിഘട്ടി യുദ്ധത്തെച്ചൊല്ലി രാജസ്ഥാനില്‍ വിവാദം. 

പ്രതിപക്ഷമായ ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസുമാണ് വിഷയത്തില്‍ വാദ പ്രതിവാദങ്ങളുമായി രംഗത്തെത്തിയത്. ഹല്‍ദിഘട്ടി യുദ്ധം അധികാരത്തിന് വേണ്ടിയുള്ള യുദ്ധമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ മതപരമായ യുദ്ധമായിരുന്നുവെന്ന് ബി ജെ പി പറഞ്ഞു. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നും ബി ജെ പി ആരോപിച്ചു. എന്നാല്‍ ഹിന്ദു-മുസ്ലിം പോരാട്ടമെന്ന് വിശേഷിപ്പിച്ച് ബി ജെ പി കുട്ടികള്‍ക്കിടയില്‍ വിഷം പരത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ഹല്‍ദിഘട്ടി യുദ്ധം മതപരമായ പോരാട്ടമല്ലെന്നും അധികാരത്തിനുവേണ്ടിയുള്ള ഏറ്റുമുട്ടലാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദോതസ്ര പറഞ്ഞു. ‘ഹല്‍ദിഘട്ടി യുദ്ധം അധികാരത്തിനുവേണ്ടിയുള്ള ഏറ്റുമുട്ടലായിരുന്നു, എന്നാല്‍ ബി ജെ പി പറയുന്നത് ഇതൊരു മതയുദ്ധമാണെന്നാണ്. അവര്‍ എല്ലാത്തിലും ഹിന്ദു-മുസ്ലിം പ്രശ്‌നം കാണുന്നു, ദോതസ്ര പറഞ്ഞു. എന്നാല്‍ ദോതസ്രയുടെ പ്രസ്താവനയെ ബി ജെ പി നേതാക്കള്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് എന്നും വോട്ട് ബാങ്കും പ്രീണന രാഷ്ട്രീയവുമാണ് ചെയ്തിരുന്നത്. അവര്‍ ചരിത്രം പഠിപ്പിച്ചപ്പോഴെല്ലാം അതിന്റെ വികലമായ പതിപ്പാണ് പഠിപ്പിച്ചത്.

അവരുടെ അഭിപ്രായത്തില്‍ അക്ബര്‍ മഹാനാണ്, പക്ഷേ ഈ രാജ്യത്ത് മഹാറാണാ പ്രതാപ് ആയിരിക്കും മഹാനെന്നും രാജസ്ഥാന്‍ ബി ജെ പി അധ്യക്ഷന്‍ സതീഷ് പൂനിയ അഭിപ്രായപ്പെട്ടു. ദേശീയതയുടെ അടിസ്ഥാനത്തിലാണ് ഹല്‍ദിഘട്ടി യുദ്ധം നടന്നതെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടിയായിരുന്നു ഹല്‍ദിഘട്ടി യുദ്ധം നടന്നതെന്നും സതീഷ് പൂനിയട് പറഞ്ഞു. ദോതാസ്രയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ആവശ്യപ്പെട്ടു.

മഹാറാണാ പ്രതാപും അക്ബറും തമ്മിലുള്ള ഏറ്റുമുട്ടല്‍ അധികാരത്തിനായുള്ള പോരാട്ടം മാത്രമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് മേവാറിന്റെ അഭിമാന ചരിത്രത്തെ വെല്ലുവിളിച്ചു. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി മഹാറാണാ പ്രതാപ് തന്റെ ജീവിതം മുഴുവന്‍ പണയം വച്ചു. അക്ബറും മഹാറാണ പ്രതാപും തമ്മിലുള്ള യുദ്ധം അധികാര ഏറ്റുമുട്ടലല്ല, മറിച്ച് രാജ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള ഏറ്റുമുട്ടലായിരുന്നു,’ വസുന്ധര രാജെ ട്വീറ്റ് ചെയ്തു. മഹാറാണാ പ്രതാപിനെ അപമാനിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും രാജെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബി ജെ പിയ്ക്ക് മറുപടിയുമായി ദോതസ്രയും രംഗത്തെത്തി. 

മഹാറാണാ പ്രതാപിന്റെ മഹത്വത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല, അദ്ദേഹം മഹാനായിരുന്നു, അത് അങ്ങനെ തന്നെ തുടരും. എന്നാല്‍ ഹല്‍ദിഘട്ടി യുദ്ധത്തെ ഹിന്ദു-മുസ്ലിം പോരാട്ടമെന്ന് പാഠപുസ്തകങ്ങളില്‍ വിശേഷിപ്പിച്ച് ബി ജെ പി കുട്ടികള്‍ക്കിടയില്‍ വിഷം പടര്‍ത്തുകയാണ്. ഇത് ലജ്ജാകരമാണ്,” ദോതസ്ര ട്വീറ്റ് ചെയ്തു. നേരത്തെ ഹല്‍ദിഘട്ടിലെ യുദ്ധത്തില്‍ അക്ബറല്ല വിജയിച്ചതെന്ന് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ചേര്‍ത്തത് വിവാദമായിരുന്നു. പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിലാണ് ചരിത്രം മാറ്റിയെഴുതിയത്.

ഹാല്‍ദിഘട്ടിലെ യുദ്ധത്തില്‍ ജയിച്ചത് അക്ബറല്ല പകരം റാണാപ്രതാപാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. 2017–2018 അക്കാദമിക് വര്‍ഷത്തില്‍ പുറത്തിറക്കിയ പുസ്തകത്തിലായിരുന്നു ഈ പരാമര്‍ശം. മുഗള്‍ ദര്‍ബാറിലേക്ക് മഹാറാണാ പ്രതാപിനെ പിടിച്ചു കൊണ്ടു വന്ന് കൊല്ലാനായിരുന്നു അക്ബറിന്റെ പദ്ധതി. അങ്ങനെ രജപുത്ര സാമ്രാജ്യം മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കുക എന്നതായിരുന്നു അക്ബറിന്റെ ലക്ഷ്യം. എന്നാല്‍ മീവാര്‍ പിടിച്ചെടുത്ത് മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കുന്നതില്‍ അക്ബര്‍ പരാജയപ്പെട്ടു എന്നാണ് ചരിത്ര രേഖകള്‍ എന്നും അതിനാല്‍ തന്നെ യുദ്ധ വിജയം റാണാ പ്രതാപിനൊപ്പമാണെന്നുമാണ് പുസ്തകം തയ്യാറാക്കിയ ചന്ദ്രശേഖര്‍ ശര്‍മ്മ പറയുന്നത്. 

1576 ജൂണില്‍ നടന്ന ഹല്‍ദിഘട്ടി യുദ്ധത്തില്‍ അക്ബറാണ് വിജയിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അതേസമയം ഹല്‍ദിഘട്ടി യുദ്ധം തീര്‍പ്പില്ലാതെയാണ് അവസാനിച്ചതെന്നും പല ചരിത്രകാരന്‍മാരും നിരീക്ഷിക്കുന്നുണ്ട്. ഉദയ്പുറിനടുത്തുള്ള ഹല്‍ദിഘട്ടിയിലാണ് യുദ്ധം നടന്നത്.

Eng­lish Sumam­ry: Six­teenth-Cen­tu­ry Haldighati War; Con­gress and BJP for polit­i­cal gain

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.