19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 1, 2024
September 20, 2024
June 9, 2024
March 23, 2024
February 7, 2024
August 2, 2023
February 15, 2023
January 22, 2023
January 17, 2023
December 12, 2022

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിരയ്ക്ക് വഴിയൊരുങ്ങുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2022 11:17 pm

ബിജെപിയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിരയ്ക്ക് വഴിയൊരുങ്ങുന്നു. വിവിധ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെയും ഇടതുനേതാക്കളുടെയും മുന്‍കയ്യില്‍ ആരംഭിച്ച നീക്കം കൂടുതല്‍ ശക്തമായി. ജനുവരിയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു നീക്കത്തിന് വേഗമേറിയത്. പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ചന്ദ്രശേഖര റാവു എന്നിവരും പരസ്പരം കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം കെ ചന്ദ്രശേഖര്‍ റാവു, ഉദ്ധവ് താക്കറെ എന്നിവര്‍ ഒരുമിച്ച് മുംബൈയില്‍ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് റാവു എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തി.

ജനാധിപത്യത്തിനുവേണ്ടിയും അനീതിക്കെതിരെയുമാണ് തങ്ങളുടെ പോരാട്ടമെന്നും ഇതൊരു പുതിയ തുടക്കമാണെന്നുമായിരുന്നു വിരുന്നിനുശേഷം ചന്ദ്രശേഖര റാവു പ്രതികരിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും ഈ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തിന്റെ പേരില്‍ തരംതാണ രാഷ്ട്രീയക്കളിയാണ് രാജ്യത്ത് നടക്കുന്നതെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കുകയെന്നതാണ് മുഖ്യലക്ഷ്യമെന്ന പൊതു അഭിപ്രായം എല്ലാവര്‍ക്കുമിടയില്‍ രൂപപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്ന മാര്‍ച്ച് പത്തിന് ശേഷം കൂട്ടായ്മയ്ക്കുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനാണ് പരസ്പരധാരണയായിരിക്കുന്നത്. പത്തിന് ശേഷം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഈ യോഗത്തിലുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍വാഹക സമിതിയോഗം പത്തിന് മമത ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഇതിനായി എത്തുന്ന മമത കുറച്ചുദിവസം ഡല്‍ഹിയില്‍ തങ്ങുമെന്നാണ് വിവരം.

കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരാണ് ഇപ്പോഴത്തെ നീക്കത്തിന്റെ മുന്‍നിരയിലെങ്കിലും കോണ്‍ഗ്രസിനെയും കൂട്ടായ്മയുടെ ഭാഗമാക്കണമെന്ന് തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് അഭിപ്രായമുണ്ട്. മാര്‍ച്ച് പത്തിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനം എങ്ങനെ ആയിരിക്കുമെന്നതുകൂടി വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ യോജിച്ച നിലപാടെടുക്കും.

Eng­lish Sum­ma­ry: Paving the way for a unit­ed front of oppo­si­tion parties

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.