27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024

ലഹരിവിരുദ്ധ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്

Janayugom Webdesk
December 12, 2022 5:00 am

സംസ്ഥാനം നേരിടുന്ന വലിയ സാമൂഹ്യ പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ലഹരി, മയക്കുമരുന്ന് വ്യാപനം. പ്രധാനമായും പുതുതലമുറയെ ലക്ഷ്യമിട്ട് ലഹരി, മയക്കുമരുന്ന് മാഫിയ പ്രയോഗിക്കുന്ന വ്യാപാര തന്ത്രങ്ങൾക്കും ലഹരി ഉപയോഗത്തിനുമെതിരായ പ്രവർത്തനങ്ങൾ സംസ്ഥാനം ഒറ്റക്കെട്ടായി ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോൾ അതില്‍ രാഷ്ട്രീയനിറം പകർന്ന് മുതലെടുപ്പിനിറങ്ങിയ യുഡിഎഫ് സമീപനം അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. മയക്കുമരുന്ന് വ്യാപനത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വളരെ കൃത്യമായ രാഷ്ട്രീയമുണ്ട്. പക്ഷെ അതു കക്ഷിരാഷ്ട്രീയമല്ല. ഉദാരവല്‍ക്കരണ കാലത്തെ ആഗോള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഉപോല്പന്നമെന്ന നിലയിൽ, യുവജനതയ്ക്കിടയിൽ അരാഷ്ട്രീയ–അരാജക മാനസികാവസ്ഥ വളർത്തിയെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് മയക്കുമരുന്ന് വ്യാപനത്തിനു പിന്നിലുള്ള രാഷ്ട്രീയം. യുവജനങ്ങളിലെ ക്രിയാത്മകതയും സർഗാത്മകതയും പ്രവർത്തനശേഷിയും ഊർജവും പുരോഗമന ചിന്തയും എല്ലാം നശിപ്പിച്ച്, അവരെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നകറ്റി അരാജകത്വത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന ആസൂത്രിതമായ രാഷ്ട്രീയമാണ് മയക്കുമരുന്ന് മാഫിയകളുടെ അജണ്ട. ഇതു കൃത്യമായി മനസിലാക്കിയാണ് യുവജനങ്ങളെ ശരിയായ സാമൂഹ്യബോധത്തിലൂടെ നയിക്കാൻ, മയക്കുമരുന്നിനെതിരായ അതിവിപുലമായ പ്രചരണ പ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് അതിന്റെ രാഷ്ട്രീയം.

ഇത് യുഡിഎഫ്-എൽഡിഎഫ് വിഷയമല്ല എന്ന് തിരിച്ചറിയാൻ കഴിയാത്തത് രാഷ്ട്രീയ പാപ്പരത്തം തന്നെയാണ്. നാടിനെ രക്ഷിക്കാനുള്ള വിവിധവും വിശാലവുമായ ക്യാമ്പയിനാണ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രചാരണത്തിനൊപ്പം നിയമനടപടികളും കാർക്കശ്യമുള്ളതാക്കി. ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും പ്രാവർത്തികമാക്കുന്നു. കൂടുതൽ ലഹരി മരുന്നുകളും സംസ്ഥാനത്തിന് പുറത്തുനിന്നാണ് എത്തുന്നത് എന്നതുകൊണ്ട് അതിർത്തി പ്രദേശങ്ങളിലെ പരിശോധന ശക്തിപ്പെടുത്തി. ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കുന്നതിനോടൊപ്പം പൊലീസ് ഡോഗ്സ്ക്വാഡിന്റെ സേവനവും മയക്കുമരുന്നുകളുടെ അനധികൃത കടത്ത് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. ചെക്ക്പോസ്റ്റുകൾ ഇല്ലാത്ത അതിർത്തി റോഡുകളിൽ മൊബൈൽ പട്രോളിങ് യൂണിറ്റുകൾ വാഹന പരിശോധന ഊർജിതപ്പെടുത്തി. സംസ്ഥാനത്തെ 14 ചെക്ക്പോസ്റ്റുകളിൽ സിസിടിവി കാമറ സ്ഥാപിച്ച് പരിശോധനയുടെ സുതാര്യത ഉറപ്പുവരുത്തി. സ്ഥിരമായി അതിർത്തി റോഡുകളിൽ വാഹന പരിശോധന ശക്തിപ്പെടുത്തുന്നതിന് കെഇഎംഐയു (കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്) ആരംഭിക്കുന്നതിനും നടപടിയായി. എക്സൈസ് വകുപ്പിന്റെ നവീകരണവും ദ്രുതഗതിയിലാണ്. വകുപ്പിൽ ഡിജിറ്റൽ വയർലസ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. 37 പുതിയ വാഹനങ്ങൾ അനുവദിച്ചു.


ഇതുകൂടി വായിക്കൂ: വിദ്യാഭ്യാസ രംഗത്ത് സമൂല വികസനം 


എക്സൈസ് വകുപ്പിൽ പുതിയ ഒൻപത് എംഎം ഓട്ടോ പിസ്റ്റളുകൾ 83 എണ്ണം ലഭ്യമാക്കി. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുതകുന്ന പുതിയതരം ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വിതരണം ചെയ്തു. സൈബർ സെൽ നവീകരിച്ചു. കേസ് അന്വേഷണം ഫലപ്രദമാക്കുന്നതിനുള്ള കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പംതന്നെ ഗ്രാമീണതലം വരെ ബോധവല്ക്കരണത്തിനായി ജനകീയ പദ്ധതികൾ കക്ഷി, രാഷ്ട്രീയ, മത, സാമുദായിക പരിഗണനകളില്ലാതെ ഒറ്റക്കെട്ടായി മുന്നേറുകയുമാണ്. എന്നാൽ കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണ് എന്ന് സ്ഥാപിക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. ഇത് വളരെ വേദനിപ്പിക്കുന്നതും നാടിനെ അപമാനിക്കുന്നതുമാണ്. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ദുരുപയോഗം കൂടിയിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ ലഹരിവ്യാപനം അത്രകണ്ട് വർധിച്ചിട്ടില്ല. എങ്കിലും മയക്കുമരുന്ന് ഉണ്ടാക്കുന്ന അപകടത്തിന്റെ ഗൗരവം ഒട്ടും കുറച്ചു കാണേണ്ടതുമില്ല. നാടിനെ പരിപൂർണമായും മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചെടുക്കാനാണ് ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടത്. മയക്കുമരുന്ന് ഉപയോഗിക്കുകയും വിപണനം ചെയ്യുകയും അതിന്റെ ഭാഗമായി കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നത് ആരായാലും, ഏതു സംഘടനയിലെ നേതാവായാലും, ഏതു രാഷ്ട്രീയ കക്ഷിയിൽപ്പെട്ടവരായാലും അതിശക്തമായി അപലപിക്കാനും അവരെ തള്ളിപ്പറയാനും തയാറാകണം. അത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സന്നദ്ധമാകണം. അവർ ഏതെങ്കിലും ഒരു കക്ഷിയിൽപ്പെട്ട ആളാണെന്ന കണ്ടെത്തൽ നടത്തി രാഷ്ട്രീയവല്ക്കരിക്കുന്നത് ധാർമ്മികതയ്ക്ക് നിരക്കാത്തതും കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുന്ന സമയോചിതവും അനിവാര്യവുമായ ഒരു ദൗത്യത്തെ തുരങ്കംവയ്ക്കുന്നതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.