26 November 2024, Tuesday
KSFE Galaxy Chits Banner 2

ഷബ്‌ന മറിയത്തിന്റെ കഥ ‘കാട്ടുനിലത്തിൽ എസ്റ്റേറ്റ്’ ന്റെ വിശകലനം

ദീപ ഗോപകുമാർ
February 28, 2022 1:47 pm

കുടിയേറ്റക്കാരുടെ ജീവിതവും, മലങ്കാറ്റും ഏതാണ്ടൊരു പോലെയാണ്. ഏതോ വിദൂര ഭൂമികയിൽ നിന്നുത്ഭവിച്ച്, ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച് ‚മൂന്നുദിക്കുകൾ വലയം ചെയ്തു നിലകൊള്ളുന്ന  മലമടക്കുകളുടെ നിഗൂഢഗർഭഗേഹങ്ങളിൽ ആസുരനർത്തനമാടി, ഒടുവിൽ നാവു വരണ്ട് കാലു കുഴഞ്ഞ് മലകളുടെ മണ്ണടുക്കുകളിൽത്തന്നെ വിലയം പ്രാപിക്കുന്നവയാണ് മലങ്കാറ്റുകൾ.മല തൊടുമ്പോഴും, മണ്ണടിയുമ്പോഴും കാറ്റുകൾ ഒന്നും കൊണ്ടു വരുന്നില്ല; ഒന്നും കൊണ്ടു പോകുന്നുമില്ല. തങ്ങളിലടങ്ങിയ അപരിമേയമായ ഊർജ്ജം മലമടക്കുകളിൽ ഉപേക്ഷിച്ചു കൊണ്ടാണ് അവ അടങ്ങുന്നത്. ഇപ്പോൾ കിളിർത്തു നില്ക്കുന്നവയും, ഇനി കിളിർക്കാനുള്ളവയുമായ നിരവധി ജീവമുകുളങ്ങൾ ആ ഊർജ്ജത്തിൻ്റെ സൗമനസ്യം ഉൾക്കൊണ്ട് ജീവിതത്തിലേക്ക് ഇല നീർത്തുന്നു.        ഷബ്നാ മറിയം രചിച്ച, _കാട്ടുനിലത്തിൽ_ _എസ്റ്റേറ്റ്_ എന്ന ഈ കഥയിലും ഉണ്ട് മലങ്കാറ്റ് പോലുള്ള ജീവിതങ്ങൾ. വിദേശത്ത് സ്ഥിരം താമസിക്കുന്ന ഒരു എസ്റ്റേറ്റ് മുതലാളിയുടെ ഭാരിച്ച വസ്തുവകകൾ നോക്കി നടത്തുന്നവരാണ് “അണ്ണാൻ കുഞ്ഞ്” എന്ന വിളിപ്പേരുള്ള ഔസേപ്പും, ഭാര്യ ഏലിയാമ്മയും. ഇരുപത്തഞ്ചു വർഷമായി നോക്കി വരുന്ന മേൽനോട്ടപ്പണി അവസാനിപ്പിക്കാനുള്ള സമയമായി എന്ന പരോക്ഷസൂചന അണ്ണാൻ കുഞ്ഞിന് തൻ്റെ മുതലാളിയിൽ നിന്നും ലഭിക്കുന്നു. കാടിനോടും കാട്ടുമൃഗങ്ങളോടും പൊരുതി വിയർത്തു കെട്ടിപ്പടുത്ത ജീവിതവും,ഭൂതകാലവും   എന്നെന്നേക്കുമായി പിന്നിലുപേക്ഷിച്ച് മലയിറങ്ങുവാൻ  മാനസികമായി തയ്യാറെടുത്തിട്ടുമുണ്ട് അയാൾ.

 

അങ്ങനെ മലയിറങ്ങുമ്പോൾ മുതലാളി വച്ചുനീട്ടുന്ന യാതൊരു ഔദാര്യങ്ങളും സ്വീകരിക്കേണ്ടതില്ല എന്ന് മനസ്സിലുറപ്പിച്ചിട്ടുമുണ്ട്. ഒറ്റസംസ്കൃതിയിൽ പുലരുന്ന ഒരു  ലോക ക്രമം മാത്രമായിരുന്നു അയാളുടെ ഒരേയൊരു സ്വപ്നം. അത് അന്വേഷിച്ച് ഇറങ്ങിത്തിരിച്ച ഒരു യാത്രയിൽ അയാൾ കണ്ടതും കൊണ്ടതുമെല്ലാം വിഭിന്ന രുചികൾ ആഘോഷിക്കുന്ന ലോകങ്ങളെയാണ്. തവിട്ടു ചിറകുകൾ മുളച്ച ആ യാത്രയുടെ ഒടുവിൽ ‚വഴി വിധിക്കപ്പെട്ട മലങ്കാറ്റുപോലെ അയാൾ ഈ മലമടക്കിലെ   മണ്ണുതൊട്ടു. അവിടെ അയാളെപ്പോലെ  മലങ്കാറ്റുകൾ  വേറെയുമുണ്ടായിരുന്നു — ഇസ്ഹാക്ക്, ജോസ്, ശോശാമ്മ ‚വറീത് മാപ്ള, മരുത്, സരോജിനി, മരക്കാർ, കമറ്… ആ കാറ്റുകളിൽ ചിലതൊക്കെ മണ്ണിലടങ്ങി.അവരൊക്കെ “ഇരുന്നും എരന്നും കിടന്നും ” പണിയെടുത്തപ്പോൾ, പണിത മണ്ണ് “പെറ്റെഴുന്നേറ്റവളുടെ വീറും കന്യകയുടെ പിടപ്പും “എന്താണെന്നു കാണിച്ചു കൊടുക്കുകയും ചെയ്തു. അവരാരും ആരുടെയും ഒന്നും പിടിച്ചുപറിച്ചെടുത്തവരല്ല; മറിച്ച്, മലങ്കാറ്റുകളെപ്പോലെ വിട്ടുനൽകുക മാത്രം ചെയ്തു. അണ്ണാൻ കുഞ്ഞിൻ്റെ സഹയാത്രിക ഏലിയാമ്മയാകട്ടെ, തൻ്റെ (മുൻ)ഭർത്താവും തൻ്റെ സഹോദരിയും തമ്മിലുള്ള അവിശുദ്ധ ബന്ധമറിഞ്ഞപ്പോൾ, ഭർത്താവിനെയും, സ്വന്തം ജീവിതത്തെത്തന്നെയും സഹോദരിക്ക് വിട്ടു നൽകി ഇറങ്ങിപ്പോന്നവളാണ്. അതിൽപ്പിന്നെ, ജീവിതത്തിൽ പരസ്പരം കൈയിട്ടുവാരാതെ,കൊണ്ടും കൊടുത്തും അണ്ണാൻ കുഞ്ഞും ഏലിയാമ്മയും ഒരു “ലിവിംഗ് ടുഗദർ “ജീവിത ശൈലിയുമായി മുന്നോട്ടു പോകുന്നു. പ്രണയത്തേക്കാളുപരി, പരസ്പരം  തണലാവുന്ന സൗഹൃദമാണ് അവരെ ചേർത്തു നിർത്തുന്നത്.നിരുപാധികമായ ആ സൗഹൃദത്തിൽ സ്വാർത്ഥതയോ, ഉടമ്പടികളോ നിബന്ധനകളോ ഇല്ല. കഥാന്ത്യത്തിൽ, അതുവരെ ജീവിതം ഒട്ടിനിന്ന ആ പ്രിയഭൂമികയിൽ നിന്നും , തങ്ങളുടെ ജീവിതം മാത്രം പറിച്ചെടുത്ത് തികച്ചും അപരിചിതമായ മറ്റൊരിടത്തിൻ്റെ സാന്ത്വനം തിരയുന്ന പലായനത്തിൻ്റെ നീറ്റലിലേക്ക് അവർ ഇറങ്ങി നടക്കുന്നു.     മലമടക്കുകളുടെ നെറിവിൽ നിവർന്നു കിടക്കുന്ന ഒരു ഗ്രാമവും, അവിടുത്തെ കുടിയേറ്റക്കാരായ ജനങ്ങളുടെ ജീവിതക്രമങ്ങളുമാണ് ഈ കഥയുടെ പശ്ചാത്തലം. പശ്ചാത്തലത്തിൻ്റെ പ്രകൃതത്തോട് ചേർന്നു പോകുന്ന, ഒരു ” നേരെ വാ, നേരേ പോ” ശൈലിയിൽ ആണ് കഥാവതരണം. കഥാപ്രസംഗം എന്നൊരു കലാരൂപമുണ്ട്. അത് തുടങ്ങുന്നത് വിശദമായ കഥാ-പശ്ചാത്തല വർണ്ണനയോടെയാണ്.ഈ കഥയുടെ തുടക്കവും ഏതാണ്ട് അതുപോലെ തോന്നിച്ചു .

 

കഥാഗതിയാകട്ടെ, മലഞ്ചെരിവുകളിലൂടെ ശാന്തമായൊഴുകിയിറങ്ങുന്ന ഒരു തെളിനീർച്ചോലയെ ഓർമ്മിപ്പിക്കുന്നു. കഥയിൽ കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളുമില്ല;തിരിവുകളും ഹെയർപിൻ വളവുകളുമില്ല; ആകസ്മികതകളോ, അപരിചിതമായ ആന്തരാർത്ഥങ്ങളോ ഇല്ല. പഴയ മട്ട് രചനാശൈലിയിലുള്ള ഒരു സിംപിൾ കഥ. കഥ അനായാസം “പറഞ്ഞു പോവുക“യാണ്; വായനക്കാർ വെറുതെ കേട്ടിരുന്നാൽ മാത്രം മതി.എന്നാൽ, “അപ്പോൾ പണ്ടെവിടെപ്പോയാലും കിട്ടുന്നതിൽ നിന്നൊരു പങ്കെടുത്ത്, ചക്കയോ മാങ്ങയോ.….….” എന്നു തുടങ്ങുന്നയിടം മുതൽ കഥയിലെ ഭാഷ ഒരു പ്രത്യേക ചാരുതയാർജ്ജിക്കുന്നുണ്ട്. ഇവിടം മുതൽ കഥയിൽ മനോഹരമായ ആലങ്കാരികതകൾ ചിറകുവിരിക്കു ന്നതായിക്കാണാം.നീട്ടി വലിച്ച ഫ്രെയിം പോലുള്ള ജീവിതം, നൈരന്തര്യമില്ലാത്ത സംഭവങ്ങളാകുന്ന “ഫ്രെയിം ‑ടു- ഫ്രെയിം കാഴ്ചകൾ “, പെറ്റെഴുന്നേറ്റവളുടെ വീറും, കന്യകയുടെ പിടപ്പും, തവിട്ടു നിറമുള്ള ചിറകുകൾ, ഓർമ്മകളിലൂടെ പരിക്രമണം കഴിഞ്ഞെത്തുന്ന അണ്ണാൻ കുഞ്ഞിൻ്റെ കാലിൽ കടിച്ചുതൂങ്ങുന്ന അട്ടകൾ, അരിമുറുക്ക് കാണുമ്പോൾ ഏലിയാമ്മയുടെ ഉള്ള് കാളുന്നത്, അവരുടെ പുരികങ്ങൾക്കിടയിലുള്ള മുറിപ്പാടിൻ്റെ കാൽപ്പനിക സൗന്ദര്യം, പണി നിർത്തി പൊയ്ക്കൊള്ളാൻ തൊഴിലാളികൾക്ക് എസ്റ്റേറ്റ് മുതലാളി നൽകുന്ന പരോക്ഷ മുന്നറിയിപ്പിൻ്റെ മട്ട്, ഒറ്റനിമിഷത്തിൻ്റെ ആളലിൽത്തീരുന്ന കാട്ടുതീ പോലുള്ള ജീവിത സന്ദർഭങ്ങൾ, അപരിചിതമായൊരു ദേശത്തിൻ്റെ ആകസ്മികതകളിലേക്കുള്ള പലായനത്തിൻ്റെ നീറ്റൽ — ഇവയൊക്കെ സൂചിപ്പിക്കുന്ന പരാമർശങ്ങൾക്ക് വല്ലാത്തൊരു ആലങ്കാരിക ഭംഗിയുണ്ട്.
പഴയ മട്ടിലുള്ള കഥ പറച്ചിലുകൾ ഏറെക്കുറെ അന്യം നിന്ന നിലയാണിപ്പോൾ. ഒട്ടും ദുർഗ്രഹതയില്ലാതെ കഥ പറഞ്ഞു പോകുന്ന ഈ രീതിയിൽ അനുവാചകർക്ക് മറ്റു വിശദീകരണങ്ങൾ വേണ്ടിവരുന്നില്ല എന്നൊരു ഗുണമുണ്ട്. കുറച്ചു മാത്രം പറഞ്ഞു നിർത്തുന്ന പുതിയ മട്ടിലുള്ള കഥാ ശൈലിയിൽ അന്തർലീനമായ ആശയങ്ങളും, ആന്തരാർത്ഥങ്ങളും കൂട്ടിച്ചേർത്ത് ഗ്രഹിച്ചെടുക്കേണ്ടത് വായനക്കാരുടെ ഉത്തരവാദിത്വമാണ്.അത്തരം ശൈലിയോട് അനുവാചക ലോകം താദാത്മ്യപ്പെട്ടു വരികയാണെങ്കിൽ കൂടിയും,  പഴയ ശൈലിയിലുള്ള എഴുത്തിനെ വായനക്കാർ  ഇപ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെങ്കിൽ അതിനു കാരണം, അധികം ചവയ്ക്കാതെ തന്നെ എളുപ്പം ദഹിക്കുന്നു എന്നതുകൊണ്ടുതന്നെയാണ്. അഭിവാദ്യങ്ങൾ, ആശംസകൾ, ഷബ്നാമറിയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.