24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 28, 2024
October 27, 2024
October 26, 2024
October 21, 2024
September 5, 2024
September 1, 2024
August 14, 2024
July 17, 2024
July 13, 2024

സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടന നിര്‍ത്തിവെച്ചതിനു പിന്നില്‍ കെ.സി; സ്വാധീനം ഉറപ്പിക്കാന്‍ കെ ഡി ഗ്രൂപ്പ്

പുളിക്കല്‍ സനില്‍രാഘവന്‍
March 2, 2022 4:05 pm

കെപിസിസി പുനസംഘടന നിര്‍ത്തിവെയ്ക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അജണ്ടയ്കക് പിന്നില്‍ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണെന്നു വ്യക്തമായിക്കന്നു.

കെ സി ക്കുവേണ്ട എല്ലാ പിന്തുണയും നല്‍കുന്നത് പ്രതിപക്ഷനേതാവ് വ.ഡി സതീശനുമാണ്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉദയം ചെയ്തിരിക്കുന്നു. കെ ഡി ഗ്രപ്പ് എന്നാണ് പുതിയ ഗ്രൂപ്പ് അറിയപ്പെടുന്നത്.കെഡിയിലെ കെ എന്ന ആക്ഷരം സൂചിപ്പിക്കുന്നത് കെ സി വേണുഗോപാൽ ഡിയിലെ സൂചകം നീളുന്നത് വിഡി സതീശനിലേക്കും. കെസി ഗ്രൂപ്പെന്നും വിഡി ഗ്രൂപ്പെന്നും വിളിക്കുന്ന രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ കേരളത്തിലെ കോൺഗ്രസിൽ സജീവമായിരുന്നു. ഈ രണ്ടു ഗ്രൂപ്പുകൾ യോജിച്ചപ്പോഴാണ്. കെഡി ഗ്രൂപ്പുണ്ടായത്.ഹൈക്കമാണ്ടിലെ അധികാര കേന്ദ്രമാണ് കെസി വേണുഗോപാൽ

ഈ ബലത്തിലാണ് സതീശനും കെസിയ്‌ക്കൊപ്പം ചേർന്നത്. ഇതോടെ എ, ഐ ഗ്രൂപ്പുകൾ സുധാകരനെ പരസ്യമായി പിന്തുണയ്ക്കുന്നു. ഡിസിസി പുനഃസംഘടനയിൽ അടക്കം സുധാകരന് ഈ രണ്ട് ഗ്രൂപ്പുകളുടെ പിന്തുണയുണ്ട്. ഇതോടെയാണ് പഴയ ഗ്രൂപ്പുകളെല്ലാം ഒരു കുടക്കീഴിലെത്തിയത്.അതിനിടെ പ്രചരണങ്ങളെ തള്ളുകയാണ് വിഡി സതീശൻ. സുധാകരനുമായി ഒരു പ്രശ്‌നവുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഇപ്പോഴും പറയുന്നത്. ഡിസിസി പുനഃസംഘടനയിലെ പ്രശ്‌നങ്ങൾ ഒരുമിച്ചിരുന്നുള്ള ചർച്ചയിലൂടെ പരിഹരിക്കും. ആശയക്കുഴപ്പമെല്ലാം പറഞ്ഞു തീർക്കുമെന്നും സതീശൻ പറയുന്നു. ഗ്രൂപ്പകൾ കോൺഗ്രസിൽ ഉണ്ടാകില്ലെന്നാണ് സതീശന്റെ ഇപ്പോഴത്തേയും നിലപാട്. ദൗർഭാഗ്യകരമായ ചർച്ചകൾ താമസിയാതെ മാറുമെന്നും സതീശൻ അണികളോട് പറയുന്നു. എന്നാൽ ഗ്രൂപ്പിന് അതീതമായി എല്ലാവരേയും ഒരുമിപ്പിക്കുന്നതാകും പുതിയ ഭാരവാഹി പട്ടികയെന്ന് നിലപാടിലാണ് സുധാകരൻ.കോൺഗ്രസിൽ വീണ്ടും രണ്ട് ശാക്തിക ചേരികൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണയ്ക്കുന്നവരും പിന്നെ കെഡി ഗ്രൂപ്പും

കെപിസിസി നിർവാഹക സമിതി ചേർന്നു മാനദണ്ഡങ്ങൾ നിശ്ചയിച്ചശേഷം, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റുമാരാണു പ്രാഥമിക പട്ടിക തയാറാക്കിയത്. ജില്ലയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളുമായി ചർച്ച നടത്തി തയാറാക്കിയ പട്ടികയിൽ ഓരോ ജില്ലയിലും 100 മുതൽ 200 വരെ പേർ ഇടംപിടിച്ചു. ഈ പട്ടികയാണു കെപിസിസി ആസ്ഥാനത്തെത്തിയത്. ഇതിനൊപ്പം ഗ്രൂപ്പുകളുടെയും എംപിമാർ, എംഎൽഎമാർ എന്നിവരുടെയും നിർദ്ദേശങ്ങൾ എത്തി

10 ജില്ലകളുടെ പ്രാഥമിക പട്ടിക അഭിപ്രായമറിയിക്കാൻ എട്ടു ദിവസം മുൻപു പ്രതിപക്ഷ നേതാവിനു കൈമാറി. തുടർന്ന് 14 ജില്ലകളുടെയും ചുരുക്കപ്പട്ടിക കെപിസിസി ഓഫിസിൽ തയാറാക്കി. ഈ പട്ടിക ചർച്ച ചെയ്യാനാണു തിങ്കളാഴ്ച കെ.സുധാകരനും വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഇവിടെ വെച്ച് കെസി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടായതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്.കേരളത്തിൽ കോൺഗ്രസ് പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നിൽക്കെ കെപിസിസി നേതൃത്വം തയാറാക്കിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക ഹൈക്കമാൻഡ് മരവിപ്പിച്ചു

മുതിർന്ന നേതാക്കൾ, എംപിമാർ എന്നിവരടക്കമുള്ളവരുമായി വിശദ കൂടിയാലോചനയ്ക്കു ശേഷമേ പട്ടികയ്ക്ക് അന്തിമരൂപം നൽകാവൂ എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി നേതൃത്വത്തോടു നിർദ്ദേശിച്ചു.ചില എംപിമാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചില്ലെന്നു പരാതിയുള്ളതിനാൽ നടപടികൾ നിർത്താൻ താരിഖ് അൻവർ ഫോണിലൂടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു

ആർക്കാണു പരാതിയെന്നും അത് എന്താണെന്നും അറിയിക്കുന്നതിനു പകരം, പുനഃസംഘടന നിർത്തിവയ്ക്കാൻ നിർദ്ദേശിക്കുന്നതു ശരിയായ രീതിയല്ലെന്നു താരിഖ് അൻവറിന് അയച്ച കത്തിൽ സുധാകരൻ തിരിച്ചടിച്ചതും അതുകൊണ്ടാണ്.പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നാണു സുധാകരന്റെ നിലപാട്. 14 ജില്ലകളുടെയും അന്തിമപട്ടികയുടെ കരട് പ്രതിപക്ഷനേതാവ് വി.ഡി.സതീശനു നൽകിയെന്നും സതീശന്റെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെപിസിസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി

പുനഃസംഘടന സുതാര്യവും നിഷ്പക്ഷവുമായാണു മുന്നോട്ടുപോയതെന്നു കുറിപ്പിൽ വിശദീകരിക്കുന്നു.രണ്ടു മാസമായി തുടരുന്ന പ്രക്രിയ പൂർത്തിയായ ഘട്ടത്തിൽ ഇത്തരം ഇടപെടൽ നടത്തിയാൽ പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അടുത്ത സഹപ്രവർത്തകരോടു സുധാകരൻ സൂചിപ്പിച്ചിരുന്നു. പുനഃസംഘടന നിർത്തിവയ്ക്കാനല്ല, മറിച്ച് തൽക്കാലത്തേക്കു നീട്ടാനാണു നിർദ്ദേശിച്ചതെന്നു താരിഖ് പറഞ്ഞു. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക അന്തിമമാക്കാൻ തിങ്കളാഴ്ച രാത്രി കെപിസിസി ഓഫിസിൽ സുധാകരനും വി.ഡി.സതീശനും ചർച്ച നടത്തുന്ന സമയത്തായിരുന്നു താരിഖിന്റെ ഫോൺ വിളി. പരാതി പരിശോധിക്കാമെന്നും പട്ടിക പ്രഖ്യാപിക്കാനിരിക്കെ നിർത്തിവയ്ക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു

താൻ നിസ്സഹായനാണെന്നായിരുന്നു താരിഖിന്റെ മറുപടി. കെ സുധാകരനെ മുന്നിൽ നിർത്തി കേരളത്തിലെ സംഘടന പിടിക്കാനായിരുന്നു കെസി വേണുഗോപാലിന്റേയും വിഡി സതീശന്റേയും ശ്രമം. ഇതിലെ പ്രശ്‌നങ്ങൾ സുധാകരൻ തിരിച്ചറിഞ്ഞപ്പോവാണ് ‘കെഡി’ ഗ്രൂപ്പ് ഉദയം കൊണ്ടത്. യൂത്ത് കോൺഗ്രസിലായിരുന്നു ഈ രഹസ്യ കൂട്ടായ്മയുടെ തുടക്കം. ഷാഫി പറമ്പിലിനെ ഹൈക്കമാണ്ട് കരുത്തിൽ മാറ്റി വിശ്വസ്തനെ സംസ്ഥാന പ്രസിഡന്റാക്കാനായിരുന്നു തീരുമാനം. ഇിതന് വേണ്ടി കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് യോഗത്തിൽ ചരടു വലികൾ തുടങ്ങി

അപകടം മണത്ത ഷാഫിയാണ് പുതിയ നീക്കങ്ങൾ സുധാകരനേയും ചെന്നിത്തലയേയും അറിയിച്ചത്. ഉമ്മൻ ചാണ്ടിയുമായി പാലിച്ച അകലവും ഷാഫി കുറച്ചു. എ ഗ്രൂപ്പിലേക്ക് മടങ്ങിയത്തെ യൂത്ത് കോൺഗ്രസിലെ പുതിയ നീക്കങ്ങൾ എല്ലാവരേയും അറിയിച്ചതോടെയാണ് കെ ഡിക്കാരുടെ കളികൾ സുധാകരനും തിരിച്ചറിയുന്നതെന്ന് എ‑ഐ ഗ്രൂപ്പുകൾ പറയുന്നു.യൂത്ത് കോൺഗ്രസ് പിടിക്കാൻ എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗങ്ങൾ ചേർന്നിരുന്നുവെന്ന വസ്തുതയും സുധാകരൻ മനസ്സിലാക്കി. എയും ഐയും ഗ്രൂപ്പ് യോഗങ്ങൾ വേണ്ടെന്ന് വയ്ക്കുമ്പോൾ കെ സി വേണുഗോപാലിന് വേണ്ടി നടക്കുന്ന യോഗങ്ങൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി

പിന്നീട് കെ എസ് യുവിലേക്കും കെഡി ഗ്രൂപ്പ് നോട്ടമിട്ടു. എന്നാൽ കെ എസ് യുവിന്റെ സംഘടനാ സംവിധാനത്തെ മരവിപ്പിച്ച് പുനഃസംഘടനയ്ക്ക് കെപിസിസി തീരുമാനിച്ചു. ഇതോടെ അവിടേയും കളി നടക്കാതെയായി. യൂത്ത് കോൺഗ്രസിലും കെ എസ് യുവിലും പുനഃസംഘടന നടത്തി തങ്ങളുടെ കരുത്ത് കാട്ടാനായിരുന്നു കെ സി വേണുഗാപാലിന്റെ നീക്കം. കെസിയെ അംഗീകരിച്ചാൽ മാത്രമേ സ്ഥാനം കിട്ടൂവെന്ന സന്ദേശം നൽകാനായിരുന്നു ഇത്.സുധാകരന് കാര്യങ്ങൾ മനസ്സിലാവുകയും ചെയ്തു. കെപിസിസിയിലെ ആദ്യ പുനഃസംഘടനയിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നൽകിയ പേരുകാരെ എല്ലാം വെട്ടിനിരത്തപ്പെട്ടു. എയുടേയും ഐയുടേയും പേരിൽ ഭാരവാഹികൾ ആയവർ പോലും കെസി വേണുഗോപാലിന് വേണ്ടപ്പെട്ടവരായിരുന്നു

കെപിസിസി സെക്രട്ടറിമാരുടെ പട്ടികയിലും ഡിസിസി പുനഃസംഘടനയിലും ഇതാണ് അവർ ആഗ്രഹിച്ചതും. അറുപത് ശതമാനത്തോളം സ്ഥാനങ്ങൾ കൈയടക്കാനായിരുന്നു കെസിയും വിഡി സതീശനും ആഗ്രഹിച്ചത്. 25 ശതമാനം കെ സുധാകരനും നൽകാമെന്ന് കരുതി. എയേയും ഐയേയും തകർത്ത് സംഘടനയിൽ മേധാവിത്വം നേടാനായിരുന്നു ഈ നീക്കം. ഇത് മനസ്സിലാക്കിയ സുധാകരൻ ഈ വിഭാഗത്തിൽ നിന്നും അകന്നുവെന്നാണ് എ‑ഐ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്.തിങ്കളാഴ്ച രാത്രി പുനഃസംഘടന നിർത്തിവെക്കാനുള്ള ഹൈക്കമാൻഡ് നിർദ്ദേശത്തോട് സുധാകരൻ രോഷത്തോടെയാണ് പ്രതികരിച്ചത്

ചൊവ്വാഴ്ച അദ്ദേഹം പരസ്യപ്രതികരണങ്ങളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു. നാണംകെട്ട് സ്ഥാനത്തു തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം നേതൃത്വം നടത്തുന്നുണ്ട്. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സുധാകരൻ ആശയവിനിമയം നടത്തിവരുകയാണ്. കെ സി വേണുഗോപാൽ ഇതോടെ കൂടുതൽ സമ്മർദ്ദത്തിലാവുകയാണ്. കേരളത്തിലെ കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ചു ഹൈക്കമാൻഡിനു പരാതി നൽകിയ എംപിമാർ ആരെന്ന് ആരും വെളിപ്പെടുത്തുന്നില്ല. പരാതിപ്പെട്ടവരുടെ കൂട്ടത്തിൽ പേരു പറഞ്ഞു കേൾക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ, താൻ പരാതി നൽകിയിട്ടില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കെ സി വേണുഗോപാൽ ഉണ്ടാക്കിയ ഇല്ലാക്കഥയാണ് ഇതെന്നാണ് പൊതുവിൽ ഉയർന്നിരിക്കുന്ന വികാരം. കെ.സുധാകരനും വി.ഡി.സതീശനും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണു ഹൈക്കമാൻഡിന്റെ ഇടപെടലെന്ന് എ, ഐ ഗ്രൂപ്പുകൾ ആരോപിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ കേരളത്തിലെ പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് ആദ്യഘട്ടത്തിൽ ഇരു ഗ്രൂപ്പുകളും ഒരുമിച്ചു ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു

എന്നാൽ നിർത്തിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും പുനഃസംഘടനയുമായി മുന്നോട്ടു പോകാമെന്നുമായിരുന്നു അന്നു ഹൈക്കമാൻഡ് നിലപാട്.പുനഃസംഘടനയ്ക്ക് തടസ്സമായി കോൺഗ്രസ് ഹൈക്കമാണ്ടിന് കത്തയച്ചവരിൽ എ‑ഐ ഗ്രൂപ്പുകളിലെ മുന്നണി പോരാളികളും. നാല് എംപിമാരാണ് പുനഃസംഘടനയ്‌ക്കെതിരെ കോൺഗ്രസ് ഹൈക്കാണ്ടിനെ സമീപിച്ചത്. ഇതിൽ രാജ്‌മോഹൻ ഉണ്ണിത്താനും ഉണ്ടെന്നായിരുന്നു അഭ്യൂഹം. എന്നാൽ താൻ കത്തയച്ചില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്തൻ തുറന്നു പറഞ്ഞിരിക്കുന്നു.കോഴിക്കോട് എംപി എംകെ രാഘവനും തൃശൂരിൽ നിന്നുള്ള ടിഎൻ പ്രതാപനും കത്തയിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിനൊപ്പമുള്ള രണ്ടു പേർ എയിൽ നിന്നും ഐയിൽ നിന്നും പുതിയ ഗ്രൂപ്പിലെത്തിയവരാണെന്നതാണ് വസ്തുത.

കേരളത്തിൽ 13 എംപിമാരാണ് ലോക്‌സഭയിൽ കോൺഗ്രസിനുള്ളത്. ഇതിൽ നാലു പേർ മാത്രമാണ് സുധാകരനെതിരെ കത്തിൽ ഒപ്പിട്ടതെന്നതാണ് വസ്തുത. കെ മുരളീധരനും ശശി തരൂരൂം രാജ്‌മോഹൻ ഉണ്ണിത്താനും അടൂർ പ്രകാശും അടക്കമുള്ളവർ ഈ നീക്കത്തെ അനുകൂലിച്ചില്ല. കോൺഗ്രസിൽ സുധാകരൻ പുനഃസംഘടന നടത്തട്ടേ എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. നാല് എംപിമാരുടെ നിർദ്ദേശത്തിൽ പുനഃസംഘടന മരവിപ്പിക്കാനുള്ള ഹൈക്കമാണ്ട് നിർദ്ദേശം കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും ചൊടിപ്പിച്ചിട്ടുണ്ട്. രാഘവനും പ്രതാപനും നേരത്തെ തന്നെ കെസിയോട് അടുത്തവരാണ്. എന്നാൽ മറ്റു രണ്ടു പേർ അങ്ങനെയായിരുന്നില്ല. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു ഒരാൾ. മറ്റൊരാൾ ഉമ്മൻ ചാണ്ടിയുടെ വലംകൈയും

ഇതാണ് കേരളത്തിലെ ഗ്രൂപ്പകളെ പോലും ഞെട്ടിക്കുന്നത്. സുധാകരനെതിരെ ഹൈക്കമാണ്ടിലേക്ക് കത്തയച്ചത് ഹൈബി ഈഡനും ബെന്നി ബെഹന്നാനുമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.എംകെ രാഘവനായിരുന്നു ഈ കത്തെഴുതാനുള്ള പിന്നണിയിലെ പ്രമുഖൻ. ഉമ്മൻ ചാണ്ടിക്ക് വേണ്ടി പുനഃസംഘടനാ ചർച്ചകൾക്ക് മുന്നിൽ നിന്ന് ബെന്നി ബെഹന്നാനായിരുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഈ ഘട്ടത്തിൽ സുധാകരനൊപ്പമാണ്. അതുകൊണ്ട് തന്നെ ബെന്നിയുടെ കത്തെഴുത് ഗ്രൂപ്പ് നേതൃത്വത്തിന്റെ അറിവോടെയല്ല. കത്തെഴുതിയ ബെന്നി ബെഹന്നാനോട് കോൺഗ്രസ് പ്രവർത്തകന്റെ വേദന പങ്കുവയ്ക്കൽ ഓഡിയോ വൈറലാണ്

ഇതിന് പിന്നാലെയാണ് ഹൈബിയും കത്തെഴുത്തിൽ പങ്കാളിയായെന്ന വസ്തുത ഐ ഗ്രൂപ്പിനേയും തേടിയെത്തുന്നത്. അതായത് ഹൈബി ഐഗ്രൂപ്പും ബെന്നി എ ഗ്രൂപ്പും വിടുകയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പിന്തുണയോടെ സംസ്ഥാന കോൺഗ്രസിൽ പുതിയ ശാക്തികചേരി രൂപവത്കരിക്കാനുള്ള കെ.സി. വേണുഗോപാലിന്റെ നീക്കത്തോട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനുള്ള വിയോജിപ്പാണ് പുതിയ സംഭവവികാസങ്ങൾക്ക് പിന്നിലെന്ന് അറിയുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മാനസികമായി അകന്നതോടെ പാർട്ടി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.

Eng­lish Sum­ma­ry: KC behind state Con­gress reor­ga­ni­za­tion halt; KD Group to con­sol­i­date influence

You may also like this video:

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.