പലവർണങ്ങൾ നിറഞ്ഞ ഒരു ചിത്രംപോലെയാണ് ആലപ്പുഴ ഹരിപ്പാട് വെട്ടുവേണി സ്വദേശി സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ. പരസ്പര ബന്ധമില്ലാത്ത രണ്ട് മേഖലകൾ സന്ദീപിന്റെ ജീവിതത്തിൽ പിണഞ്ഞുകിടക്കുന്നു. ജോലി കൊണ്ട് അധ്യാപകനും നിലവിൽ ബി ആർസിയിലെ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്ററുമാണെങ്കിലും ക്യാമറയോട് ഈ യുവാവിന് വല്ലാത്തൊരു പ്രണയമാണ്. വന്യജീവികൾ മാത്രമല്ല, മനം മയക്കുന്ന വനവശ്യതയുടെ ഊഷ്മളസൗന്ദര്യവും സന്ദീപിന്റെ ക്യാമറയ്ക്ക് മുന്നിൽ അനങ്ങാതെ നിന്നു കൊടുത്തിട്ടുണ്ട്. ക്ലാസ് മുറികളിൽ കൈയ്യിലെടുക്കേണ്ടി വരുന്ന ചൂരലിന്റെ ശൂരത്വവും തരിപ്പുമൊക്കെ ആ കൈയിൽ ക്യാമറ വന്നാൽ എങ്ങോ ഓടിയൊളിക്കും. പിന്നെ കൈയ്യും കണ്ണും തേടുന്നത് കാടിന്റെ വശ്യതയുടെ അഴകും അമ്പരപ്പുമാണ്. പ്രൊഫഷണൽ ക്യാമറ ഉപയോഗിക്കാൻ തുടങ്ങിയിട്ട് പന്ത്രണ്ട് വർഷത്തോളമേ ആയിട്ടുള്ളൂ എങ്കിലും അതിൽ പതിഞ്ഞ ചിത്രങ്ങൾ പറയും കൈത്തഴക്കവും നിരീക്ഷണപാടവമുള്ള ഒരു പ്രകൃതിസ്നേഹിയുടെ കയ്യൊപ്പ്.
2008ൽ വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിലാണ് ആദ്യമായി സന്ദീപ് തുടക്കക്കാർ ഉപയോഗിക്കുന്ന കാനോൺ ക്യാമറ ഉപയോഗിച്ച് തുടങ്ങിയത്.അതിന് ശേഷം പക്ഷി നിരീക്ഷത്തിനോടുള്ള അതിയായ താൽപ്പര്യം മൂലം ടെലി ലെൻസ് സ്വന്തമാക്കി. പിന്നീട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വന്യജീവി കണക്കെടുപ്പിന് പുറത്ത് നിന്ന് ആളെ വിളിക്കുന്നതിന്റെ അറിയിപ്പ് പത്രങ്ങളിലൂടെ മനസിലാക്കുകയും അതിൽ കയറിപ്പറ്റാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ സംസ്ഥാനത്തെ ചെറുതും വലുതുമായ കാടുകളുടെ സൗന്ദര്യം സന്ദീപ് ആസ്വദിക്കുകയും തനിമ ചോരാതെ തന്റെ ക്യാമറകളിൽ ഒപ്പിയെടുക്കുകയും ചെയ്തു. ഈ കലാഘട്ടങ്ങളിൽ അദ്ദേഹം പോയിട്ടുള്ള കാടുകളുടെ കണക്കെടുത്താൽ അതിശയം തോന്നും. മുത്തങ്ങ, തേക്കടി. ചിന്നാർ, ചിമ്മിണി, നെല്ലിയാമ്പതി, സൈലന്റ് വാലി, ഇരവികുളം, തുടങ്ങീ വന്യജീവി സങ്കേതങ്ങളും പശ്ചിമഘട്ടം, തമിഴ്‌നാട്, കർണ്ണാടക, മധ്യപ്രദേശ്, കെനിയയിലെ മസായിമാര, കെനിയയിലെ നെയ്റോബി നാഷണൽ പാർക്ക് എന്നിവിടങ്ങളിലെല്ലാം പോകുകയും അവിടുത്തെ മനോഹരദൃശ്യങ്ങൾ പകർത്തിയെടുക്കുകയും ചെയ്തു.
വനംവന്യജീവിവകുപ്പിന്റെ സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്ക്കാരം, വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായിസംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പെരിയാർ ടൈഗർ റിസർവിന്റെ വന്യജീവി ഫോട്ടോഗ്രാഫി പുരസ്ക്കാരം, ദേശിയ തലത്തിൽ ഇന്ത്യാഗവൺമെന്റിന്റെ പരിസ്ഥിതി വനം കാലാവസ്ഥാ മന്ത്രാലയം ആസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വന്യജീവി ഫോട്ടോ ഗ്രാഫി പുരസ്ക്കാരം, സംസ്ഥാനസർക്കാരിന്റെ വനം വകുപ്പിന്റെ 2021 ലെ വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ യാത്രാവിവരണ പുരസ്ക്കാരങ്ങളും സന്ദീപിന് ലഭിച്ചിട്ടുണ്ട്.
വനസൗന്ദര്യം പൂർണമാകുന്നത് വന്യമൃഗങ്ങളുടെ ഗർജനങ്ങൾ കാതിൽ മുഴങ്ങുമ്പോഴാണ്. വന്യമൃഗങ്ങളോട് കൂട്ടുകൂടാൻ കഴിയില്ലെങ്കിലും സന്ദീപിന്റെ ക്യാമറയിലേക്ക് അവർ ആരെയും അതിശയിപ്പിക്കുന്ന വന്യനോട്ടങ്ങൾ എറിഞ്ഞു നൽകും. അതിന്റെചാരുത ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തുമ്പോൾ ഈ ഫോട്ടോഗ്രാഫറുടെ മനസു നിറയും. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായിട്ട് സന്ദീപ് ട്രക്കിംഗ് നടത്തുന്നതിനിടയിൽ ഒരു വേനൽക്കാലത്ത് പെരിയാറിന്റെ മറുകരയിൽ ഒരു കൂട്ടം മ്ലാവുകൾ ( Sambar Deer) വെള്ളം കുടിക്കുന്നത് കണ്ടു. പുഴയിൽ അവയുടെ പ്രതിബിംബം കാണാം. വെള്ളം കുടിക്കുന്നതിനിടയിൽ മ്ലാവുകളുടെ മുഖത്തുള്ള ഭയാശങ്കളും പ്രതിബിംബത്തിലൂടെ കാണാൻ സാധിച്ചു. പുഴയുടെ പിറകിൽ വലിയ കാടാണ്. അപ്പോഴാണ് നല്ല പച്ചപ്പുള്ള കാടിന്റെ മുകൾ ഭാഗം വേനലിന്റെ ചൂടേറ്റ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. മുകളിൽ കാട് കത്തുന്നു, താഴ്ഭാഗം ഇലകളുടെ പച്ചപ്പ്, പുഴയുടെ കരയിൽ വെള്ളം കുടിക്കുന്ന മ്ലാവുകൾ, പരന്നൊഴുകുന്ന പുഴ ഇതെല്ലാം പെട്ടെന്ന് തന്നെ തന്റെ ക്യാമറകളിൽ പതിപ്പിച്ചു. ആ ചിത്രം സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹത നേടുകയും ചെയ്തു.
സഞ്ചാരപഥങ്ങളിൽ തനിക്ക് താണ്ടുവാൻ ഇനിയും ഒരുപാട് ഇടങ്ങളുണ്ടെന്നാണ് സന്ദീപ് കരുതുന്നത്. കാട് എത്രകണ്ടാലും മതി വരാത്ത കൗതുകങ്ങളുടെ കലവറയാണ്. ടാൻസാനിയയിലെ സരിംഗേറ്റി കാടുകൾ അതിലൊന്നാണ്. കോവിഡിന്റെ പ്രശ്നങ്ങൾ മാറിയതിന് ശേഷം അവിടേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാനിരിക്കുകയാണ്. സരിംഗേറ്റിയിലെ ദി ഗ്രേറ്റ് മൈഗ്രേഷൻ കാണണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമായി സന്ദീപ് കരുതുന്നത്. ടാൻസാനിയയിൽ നിന്ന് കെനിയയിലെ മസായിമരയിലേയ്ക്കുള്ള വൈൽഡ് ബീസ്റ്റുകളുടെയും സീബ്രകളിടേയും ദേശാടനത്തെയാണ് മഹത്തായ ദേശാടനം എന്നുപറയുന്നത്. അവിടെ ലക്ഷകണക്കിന് വന്യജീവികളാണ് വർഷത്തിലെ പ്രത്യേക സീസണിൽ മാരാ നദി കടന്ന് ടാൻസാനിയൻ കാടുകളിലേയ്ക്ക് പലായനം ചെയ്യുന്നത്.
ഒരിക്കൽനെല്ലിയാമ്പതിയിൽ പോയപ്പോൾ വേഴാമ്പലുകളുടെ ചിത്രം പകർത്താൻ മണിക്കൂറുകളോളം സമയമെടുത്ത അനുഭവം ഉണ്ട്. അവിടെ ചില സമയങ്ങളിൽ നാൽപ്പതോളം വേഴാമ്പലുകൾ കൂട്ടമായി എത്താറുണ്ട്. മരത്തിന്റെ ഉയർന്ന കൊമ്പുകളിലാണ് ഇവ ഇരിക്കുന്നത്. ഇടതൂർന്ന മരങ്ങൾ ഉള്ള പ്രദേശമായതിനാൽ അവിടെവെച്ച് വേഴാമ്പലുകളുടെ ഫോട്ടോ എങ്ങനെ എടുത്താലും ബാക്ക് ഗ്രൗണ്ടിൽ മരങ്ങളും ചില്ലകളുംകാണുവാൻ സാധിക്കും. ചിത്രത്തിൽ ആകാശത്തിന്റെദൃശ്യം ബാക്ക് ഗ്രൗണ്ട് കിട്ടാൻ വേണ്ടി വനത്തിൽ അതിരാവിലെ മുതൽ വൈകുന്നേരം വരെ കാത്തിരിന്നിട്ടുണ്ട്. ഈ ചിത്രം ദേശിയ തലത്തിൽ പുരസ്ക്കാരംനേടി.
കാടിന്റെ കനിവിലേക്ക് ക്യാമറയുമായി കയറിച്ചെല്ലുന്നവർക്ക് കരുതലോടെ കൈകാര്യം ചെയ്യാൻ കാര്യങ്ങളൊരുപാടുണ്ട് എന്ന് സന്ദീപ് പറയുന്നു. വന്യജീവി ഫോട്ടോഗ്രഫി എന്നത് ഹോബിയും ദൗത്യവുമായി കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് അന്നുമിന്നും ആവർത്തിക്കാനുള്ളത് കാട് നമ്മുടേതല്ല, അവരുടേതാണ് (വന്യമൃഗങ്ങളുടേത്) എന്ന ശാശ്വത സത്യമാണ്. വന്യ ജീവികളെ അലോസരപ്പെടുത്തുന്ന ഒന്നും നാം ചെയ്യാൻ പാടില്ല. പരമാവധി പ്രകൃതിയോട് ഇണങ്ങുന്ന നിറങ്ങളിൽ അവർക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് വേണം നമ്മൾ കാട്ടിലൂടെ നടക്കേണ്ടത്. ഓരോ ജീവിക്കും ഓരോ സ്വഭാവ സവിശേഷതകളുണ്ട്. ജീവികളുടെ സ്വഭാവത്തിലെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാമെങ്കിൽ ചിലപ്പോൾ നല്ല ചിത്രം കിട്ടും അല്ലെങ്കിൽ വലിയോരപകടത്തിലേയ്ക്ക് പോകും. ജീവജാലങ്ങളുടെ സാന്നിദ്ധ്യം,ഗന്ധം, അവ ഉപേക്ഷിച്ചിട്ട് പോയ അടയാളങ്ങൾ, സാധ്യതകൾ എന്നിവ നാം കൃത്യമായി മനസിലാക്കണം. കാട്ടിൽ ചിത്രങ്ങളെടുക്കുമ്പോൾ നമ്മളുടെ സൗകര്യത്തിനല്ല മൃഗങ്ങളുടെ സൗകര്യത്തിനാണ് പ്രാധാന്യം നൽകേണ്ടത്. ഫോട്ടോഗ്രാഫർ ശാന്തനായിരുന്നാൽ ധാരാളം പക്ഷികളും വന്യജീവികളും മുന്നിലൂടെ കടന്ന് വരും. സന്ദീപിന്റെ അഭിപ്രായത്തിൽ കാട്ടിൽ ചെന്നാൽ ഒരുപ്രത്യേകസ്വഭാവമുള്ള ചിത്രം മാത്രം എടുക്കുക എന്ന ചിന്ത പാടില്ല. പുഴുവിനെ മുതൽ ആനയെ വരെ ഫ്രെയിമിലാക്കുക എന്നതാവാണം ലക്ഷ്യം.
കേരളത്തിലെ വനത്തിൽ നിന്ന് കടുവയുടെ നല്ലൊരു പടമെടുക്കുകഎന്നത് വലിയൊരു ആഗ്രഹമാണ്. കാട് കാടാവാൻ കടുവ വേണം. തമിഴ്‌നാട്, കർണ്ണാടക വനങ്ങളിൽ നിന്ന് നിരവധി തവണ കടുവയുടെ ഫോട്ടോ എടുക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രം എടുക്കുന്നതിനോടൊപ്പം ജീവികളെക്കുറിച്ച് പഠിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. മാത്രമല്ല വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പാഷൻ എന്നതിനപ്പുറം സാമൂഹ്യപ്രതിബദ്ധത കൂടിയുണ്ട്. അധ്യാപകൻ ആയത്കൊണ്ട് തന്നെ ഫോട്ടോഗ്രാഫിയിലൂടെ ലഭിക്കുന്ന അനുഭവങ്ങളെ പ്രകൃതി പഠന ക്ലാസുകളിലൂടെയും ചിത്രപ്രദർശനങ്ങളിലൂടെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നനാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്ന പരിസ്ഥിതി സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. കേരളാ സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റ ടി എസ് ജി അംഗമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്ലാസുകൾ കുട്ടികൾക്കും മുതിർന്നവർക്കും എടുക്കാറുണ്ട്. ആലപ്പുഴ ലളിതകലാ അക്കാദമി ആർട്ട് ഗാലറി, വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് വേണ്ടി കേരളത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
ഒപ്പമുള്ളവരുടെ പൂർണ പിന്തുണയോടു കൂടി സ്വന്തം ഇഷ്ടങ്ങൾ സഫലമാകുമ്പോൾ ജീവിതത്തിൽ സന്തോഷമേറുമെന്ന് പറയുകയാണ് സന്ദീപ് ഉണ്ണികൃഷ്ണൻ. സന്ദീപിന്റെ ഫോട്ടോഗ്രാഫിയിടോള്ള താാൽപ്പര്യത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ രമ്യയും കുടുംബാംഗങ്ങളും ഒപ്പമുണ്ട്. മക്കൾ ഇമ, ഇതൾ.റിട്ടേയേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ജി ഉണ്ണികൃഷ്ണൻനായരും ഡി ഇ ഒ ആയിരുന്ന ജെ ശ്രീദേവിയമ്മയുമാണ് മാതാപിതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.