18 October 2024, Friday
KSFE Galaxy Chits Banner 2

കേരളം ഒരു ചുവട് മുന്നോട്ട്; ഉപഭോക്തൃ മേഖലയിൽ പുതുനിയമം

അഡ്വ. ജി ആര്‍ അനില്‍
ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പുമന്ത്രി
March 15, 2022 6:00 am

കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും മഹാമാരികളും യുദ്ധങ്ങളും ഉണ്ടാക്കുന്ന അസ്ഥിരത ലോകത്തെമ്പാടും ഉല്പാദന ഉപഭോഗ മേഖലകളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡ് 19 മഹാമാരിയുടെ പ്രഭാവത്തെ തരണം ചെയ്ത് തുടങ്ങിയ ലോകത്തിന് റഷ്യ — ഉക്രെയ്‌ൻ സംഘർഷം മറ്റൊരു ദുരന്തമായിരിക്കുകയാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലയടക്കം എല്ലാത്തിനും വില കുതിച്ചുയരും. ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം വളരെ കൂടുതലായതിനാൽ എക്കാലത്തും വിലക്കയറ്റം ഏറ്റവുമധികം ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനമായ കേരളം‍ പതിറ്റാണ്ടുകളായി ഭക്ഷ്യകമ്മി സംസ്ഥാനമായി തുടരുകയാണ്. ഈ സ്ഥിതിക്ക് സാമൂഹികവും ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ നിരവധി കാരണങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. എങ്കിലും 1960 കളിൽ അനുഭവപ്പെട്ടതു പോലെയുള്ള ഭക്ഷ്യക്ഷാമമൊന്നും പിന്നീടിങ്ങോട്ട് കേരളത്തിൽ അനുഭവപ്പെട്ടിട്ടില്ല. കോവിഡ് 19 ലോക്ഡൗൺ കാലഘട്ടത്തിൽ പോലും കേരളത്തിന്റെ ഭക്ഷ്യഭദ്രത കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. ന്യായമായ വിലനിലവാരവും മികച്ച ഗുണനിലവാരവും ഉറപ്പുവരുത്തി കേരളത്തെ ഒരു ഉപഭോക്തൃ സൗഹൃദ സംസ്ഥാനമായി മാറ്റിയെടുക്കുവാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം വിജയകരമായി തന്നെ മുന്നേറുന്നത് അഭിമാനകരമാണ്. ഉല്പാദനത്തെക്കാളും ഉപഭോഗം മുന്നിട്ടു നിൽക്കുന്ന അവസ്ഥ നിലനിൽക്കുന്നതിനാൽ കേരളത്തെ ഒരു ഉപഭോക്തൃ സംസ്ഥാനമായി കണക്കാക്കാം. ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള ഈ അന്തരം കാരണം വിപണിയിൽ പലപ്പോഴും ഉപഭോക്തൃതാല്പര്യങ്ങൾ ഹനിക്കപ്പെടുന്നു. വിപണിയിൽ സമ്മർദ്ദമേറുന്ന ഉത്സവകാലങ്ങളിൽ അനിയന്ത്രിതമായി വിലക്കയറ്റമുണ്ടാകുന്നു. പല തട്ടിലുള്ള ഇടനിലക്കാരുടെ ഇടപെടൽ മൂലമുണ്ടാകുന്ന, പൊതു ജന താല്പര്യത്തിനു വിരുദ്ധവും അന്യായവുമായ വില വർധനവ് ഉപഭോക്താക്കൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുന്നു. വിപണിയിലെ ഇത്തരം അധാർമിക വ്യാപാര രീതികൾ നിയന്ത്രിക്കപ്പെടേണ്ടത് സംസ്ഥാനത്തിന്റെ അടിയന്തരതാല്പര്യമായിത്തീർന്നിരിക്കുന്നു. നിലവിൽ പായ്ക്ക് ചെയ്ത ഉല്പന്നങ്ങൾക്ക് മാത്രമേ പരമാവധി വില്പന വില (എംആർപി) ബാധകമാകുന്നുള്ളൂ എന്നും ഇതര ഉല്പന്നങ്ങളുടെ വിലനിയന്ത്രണത്തിൽ സർക്കാരിന് ഇടപെടുവാൻ സാധിക്കുന്നില്ലെന്നും അത്തരം ഉല്പന്നങ്ങൾക്ക് എത്ര വില കൂട്ടി വിറ്റാലും വകുപ്പിന് നിസഹായമായി നോക്കിനിൽക്കുവാനെ സാധിക്കുന്നുള്ളുവെന്നും പൊതുവായി പരാതി ഉയരുന്നുണ്ട്. പാക്കേജ് ചെയ്യപ്പെട്ട ഉല്പന്നങ്ങൾ സംബന്ധിച്ച് അളവ്-തൂക്ക‑പാക്കേജിങ്, ലേബലിങ്-സ്റ്റാൻഡേർഡൈസേഷൻ, നിയമങ്ങൾ ഉള്ളതിനാൽ ഉപഭോക്തൃ സംരക്ഷണം താരതമ്യേനെ എളുപ്പമാണ്. എന്നാൽ പാക്കേജിങ് ഇല്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉല്പന്നങ്ങളുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണുള്ളത്. ഗുണനിലവാരമനുസരിച്ചുള്ള തരംതിരിവുകളൊന്നുമില്ലാതെ രണ്ടാംതരം മൂന്നാം തരം ഉല്പന്നങ്ങളും ഒന്നാംതരത്തിന്റെ വിലയ്ക്ക് ഉപഭോക്താക്കളെ അടിച്ചേൽപ്പിക്കുന്ന രീതി നടപ്പിലുണ്ട്. കൃത്യമായ, ഗ്രേഡിങ്ങോ റേറ്റിങ്ങോ ഇല്ലാത്തതിനാൽ ഉപഭോക്തൃ ചൂഷണം പതിവായിരിക്കുന്നു. ഉപഭോക്തൃ പരാതികൾ പരിഹരിക്കുവാൻ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനുകളുണ്ടെങ്കിലും താരതമ്യേന വലിയ തുകയ്ക്കുള്ള ക്രയവിക്രയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമേ ഉപഭോക്തൃ കമ്മിഷനുകളിലെത്തുന്നുള്ളൂ. കുറഞ്ഞ തുകയ്ക്കുള്ള ഉല്പന്നങ്ങളോ സേവനങ്ങളോ ആണെങ്കിൽ ഉപഭോക്താക്കൾ പരിഹാരം തേടിയെത്തുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നു. ഈ ആശയക്കുഴപ്പം മുതലെടുത്താണ് വിപണിയിൽ ചൂഷണം കബളിപ്പിക്കൽ തുടങ്ങിയ അന്യായങ്ങൾ നടക്കുന്നത്.


ഇതുകൂടി വായിക്കാം; ഉപഭോക്തൃ ശാക്തീകരണത്തിൽ ഒരു കേരളമാതൃക


ഇന്ന് ഇന്ത്യയിൽ ഉപഭോക്തൃ ശാക്തീകരണത്തിനായി ഒരു കേന്ദ്രനിയമവും അതിനോടനുബന്ധിച്ച ചട്ടങ്ങളും ഉത്തരവുകളുമുണ്ട്. 2019ലെ ഉപഭോക്തൃസംരക്ഷണ നിയമം ആണിത്. ഏതാണ്ട് എല്ലാ അധികാരങ്ങളും യൂണിയൻ സർക്കാരിന് നൽകികൊണ്ടാണ് ഉപഭോക്തൃ നിയമവും നടപ്പിൽ വരുത്തിയിരിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഈ നിയമം അപര്യാപ്തമാണ്. സമീപകാലത്തായി കേന്ദ്ര സർക്കാർ ഫെഡറൽ തത്വങ്ങൾക്ക് മേൽ നടത്തുന്ന നിയമനിർമ്മാണപരമായ കടന്നുകയറ്റങ്ങളുടെ ഉദാഹരണമാണ് ഈ നിയമവും. പൊതുജന താല്പര്യം മുൻനിർത്തി സംസ്ഥാന സർക്കാരിന് വിപണി ഇടപെടലുകൾ സാധ്യമാകുന്ന തരത്തിലുള്ള ഒരു നിയമം രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്. അപ്രകാരം ഒരു നിയമം വഴി, ജീവനും സ്വത്തിനും ഹാനികരമാകുന്ന ഉല്പന്നങ്ങളെയും സേവനങ്ങളെയും നിയന്ത്രിക്കുക, വില്ക്കുന്ന ഉല്പന്നങ്ങൾ/സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ എല്ലാ വിവരങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ വ്യാപാരികളെ/ഉല്പാദകരെ ബാധ്യസ്ഥരാക്കുക, വിപണിയിലുള്ള ഉല്പന്നങ്ങളുടെ അളവ്, ഗുണം, ക്ഷമത, നിലവാരം, വില, എന്നിവയുടെ നീതിപൂർവമായ നിർണയം സാധ്യമാക്കുക, ഉല്പന്നങ്ങൾ/സേവനങ്ങൾ മത്സരാധിഷ്ഠിത വിലയിൽ വിപണിയിൽ ലഭ്യമാക്കുക, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഗ്രേഡിങ് നൽകുക, വില നിയന്ത്രിക്കുക, വ്യാപാരസ്ഥാപനങ്ങളെ തരം തിരിക്കുക, നിയമനിർമ്മാണത്തിനും നടത്തിപ്പിനും വേണ്ടുന്ന വിവരശേഖരണം നടത്തുക, ഇതുപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ ലംഘനം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പരിശോധന നടത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമുള്ള അധികാരം സർക്കാരിനു നൽകുക എന്നീ പ്രധാന വ്യവസ്ഥകളാണ് വിഭാവനം ചെയ്യപ്പെടുന്നത്. വികലമായ ഉല്പന്നങ്ങൾ, അപര്യാപ്തമായ സേവനങ്ങൾ, ഓൺലൈൻ ധനകാര്യ തട്ടിപ്പുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ വൻതോതിൽ വർധിക്കുന്നുണ്ട്. ഒരു കോടി രൂപ വരെയുള്ള ചെറുതും വലുതുമായ പരാതികൾ എല്ലാം കൈകാര്യം ചെയ്യുന്നത് ഒരേ കമ്മിഷനുകളാണ്. ഈ സാഹചര്യത്തിൽ ചെറിയ പരാതികൾ അവഗണിക്കപ്പെട്ടു പോകാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല ഇത്രയേറെ സമയവും പണവും ചെലവിട്ട് ചെറിയ പരാതികളുമായി ഉപഭോക്തൃ കമ്മിഷനുകളിൽ ജനങ്ങൾ എത്താനുള്ള സാധ്യത വളരെ കുറവാണ്. സങ്കീർണമായ നിയമ ഭാഷയും പ്രത്യേക ഫോമുകളും പരാതി പരിഹാരത്തിന് ആവശ്യമായി വരുന്നതിനാൽ സാധാരണക്കാർക്ക് അഭിഭാഷകരുടെ സേവനം ലഭിക്കാതെ പരാതിപ്പെടാൻ കഴിയാത്ത സ്ഥിതി സംജാതമാക്കിയിരിക്കുന്നു. കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്ത് സമാനമായ ചെറു പരാതികൾ ലക്ഷക്കണക്കിനു വരും. ഫലത്തിൽ ഇത്തരം പരാതികളെ നിലവിലെ നിയമം കണക്കിലെടുക്കുന്നേയില്ല എന്ന അവസ്ഥയുണ്ട്.


ഇതുകൂടി വായിക്കാം; ഉപഭോക്തൃ കമ്മിഷനുകളുടെ അധികാര പരിധി കുറയ്ക്കല്‍


കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിലവിൽ വന്നിട്ടുണ്ടെങ്കിലും അതോറിറ്റിയുടെ അന്വേഷണ വിഭാഗം വളരെ ദുർബലവും മതിയായ വൈദഗ്ധ്യം ഇല്ലാത്തതുമാണെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. അതിനാൽ തന്നെ അതോറിറ്റിക്ക് ഉപഭോക്തൃതാല്പര്യങ്ങൾ എത്രത്തോളം സംരക്ഷിക്കുവാൻ കഴിയുമെന്ന് കണ്ടറിയണം. പ്രാദേശിക തലത്തിൽ പ്രത്യേകിച്ച് സംസ്ഥാന തലങ്ങളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റികൾ രൂപീകരിച്ച് കൂടുതൽ വ്യവസ്ഥാപിതമായ രീതിയിൽ ഉപഭോക്തൃ സംരക്ഷണം സാധ്യമാക്കണം. ഉപഭോക്തൃനിയമപ്രകാരം ഉപഭോക്തൃ തർക്കപരിഹാരത്തിന് മധ്യസ്ഥത നിയമപരമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ പരാതികൾ മധ്യസ്ഥതയിലൂടെ പരിഹരിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് അതാത് കമ്മിഷൻ പ്രസിഡന്റുമാരിലാണ്. ഇതിനു പകരം പരാതിയുള്ള വ്യക്തിക്ക് കമ്മിഷനു പുറത്ത് മധ്യസ്ഥതയിലൂടെ പരിഹരിക്കുവാനുള്ള സ്വാതന്ത്ര്യം നൽകണം. പരാതിക്കാർക്കു സ്വയം മധ്യസ്ഥതാ പരിഹാരത്തിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരം നൽകണം. അതിനു നിയമ പിൻബലമുണ്ടാകണം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഈ പഴുതുകൾ അടയ്ക്കുന്ന രീതിയിലുള്ള ഒരു സംസ്ഥാന നിയമം നിർമ്മിക്കപ്പെടണം. മേൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു സംസ്ഥാന നിയമനിർമ്മാണം സാധ്യമാണെങ്കിലും വെല്ലുവിളികൾ ഏറെയാണ് എന്നാണ് നിയമ വിദഗ്ധരും ഉപഭോക്തൃ സംരക്ഷണ പ്രവർത്തകരും ഉദ്യോഗസ്ഥരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഫെഡറൽ തത്വങ്ങളെ മാനിച്ചുകൊണ്ട് സംസ്ഥാന തലത്തിൽ ഇത്തരത്തിലുള്ളൊരു നിയമം നിർമ്മിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയമനിർമ്മാണാധികാരപരിധി സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ഇന്ത്യയിലെവിടേയും ഒരു മുൻമാതൃക ഇല്ല എന്നതും വെല്ലുവിളിയാകുന്നു. ഏതായാലും ഇതു സംബന്ധിച്ച ഒരു പൊതു ചർച്ച ഗുണപരമായ ഫലങ്ങൾ കൊണ്ടുവരുമെന്നുറപ്പാണ്. ഈ സാർവദേശീയ ഉപഭോക്തൃ ദിനത്തിൽ കേരള സർക്കാർ അതിനു തുടക്കം ഇട്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.