21 September 2024, Saturday
KSFE Galaxy Chits Banner 2

എല്ലാ സർവകലാശാലകളിലും ഡിജിലോക്കർ സംവിധാനം

Janayugom Webdesk
തിരുവനന്തപുരം‌
March 15, 2022 11:26 pm

ഡിജിലോക്കർ സംവിധാനം വഴി സർട്ടിഫിക്കറ്റുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം കേരള സാങ്കേതിക സർവകലാശാലയിൽ നടപ്പാക്കിയത് പോലെ മറ്റ് സർവകലാശാലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പരീക്ഷാ പരിഷ്ക്കരണത്തിന് സർക്കാർ നിയമിച്ച കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിലെ നിർദ്ദേശങ്ങൾ വരുന്ന അക്കാദമിക് വർഷം നടപ്പാക്കുമെന്നും മന്ത്രി പറ‌ഞ്ഞു. എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ വിജിലൻസ് അറസ്റ്റ് ചെയ്യുകയും അവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പ് തല അന്വേഷണങ്ങൾ നടത്തിവരികയാണ്. സർവകലാശാല തലത്തിൽ പരീക്ഷാഫലങ്ങൾ കുറ്റമറ്റതാക്കാൻ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നേരിട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപ്പെട്ട രീതിയിൽ സജ്ജീകരിച്ചിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പ്ലാൻ ഫണ്ട്,നബാർഡ്, കിഫ്ബി, റൂസ എന്നീ ഫണ്ടുകൾ ഉപയോഗിച്ചാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 48 സർക്കാർ കോളജുകളുടെ വികസനത്തിനായി 75 കോടിയും ഏഴ് സർക്കാർ എജിനീയറിങ് കോളജുകളുടെ വികസനത്തിനായി 150 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഒമ്പത് സർക്കാർ പോളിടെക്നിക്കുകളുടെ വികസനത്തിനായി 50 കോടിയും മാറ്റിവെച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച 12 ആർട്സ് സയൻസ് കോളജുകൾക്കായി 120 കോടി രൂപയും കിഫ്ബി വകയിരുത്തിയിട്ടുണ്ട്. പുതുതായി ആരംഭിച്ച കോളജുകൾക്ക് ഭൂമി ഏറ്റെടുക്കലിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Eng­lish sum­ma­ry; Dig­ilock­er sys­tem in all universities

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.