6 October 2024, Sunday
KSFE Galaxy Chits Banner 2

നമ്മള്‍ അതിജീവിക്കും

Janayugom Webdesk
March 20, 2022 5:00 am

കേന്ദ്രം ഭരിക്കുന്ന വലതുപക്ഷ സർക്കാരിനെ നയിക്കുന്ന പാർട്ടി കഴിഞ്ഞമാസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അഞ്ച് സംസ്ഥാനത്ത് നാലിടത്തും വിജയിച്ചു. ഫാസിസം ചര്യകളിൽ അലിഞ്ഞ ആ പാർട്ടി അതിന്റെ കൃഷിയിലും വിളവെടുപ്പിനും മിടുക്കരാണ്. വിവിധ മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ തങ്ങൾക്കനുകൂലമായി മാറ്റുന്നതിനും കൈകാര്യം ചെയ്യുന്നതിലും അവർ കുപ്രസിദ്ധരുമാണ്. തെരഞ്ഞെടുപ്പിൽ കോർപറേറ്റുകൾ വൻതോതിൽ വിഭവങ്ങൾ ഒഴുക്കി. ജനാധിപത്യ പ്രക്രിയയെ തങ്ങൾക്കനുകൂലമാക്കാൻ ഭരണകക്ഷി അത് തന്ത്രപരമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പുകളിൽ കറുപ്പായും വെളുപ്പായും വെള്ളം പോലെ പണം ഒഴുകുകയാണ്. തെരഞ്ഞെടുപ്പ് കൂടുതൽ കൂടുതൽ വലിയ പണമിടപാട് വേളയായി മാറുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ കാഴ്ചക്കാരനായി തുടരുന്നു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ നടപ്പാക്കാൻ ആവശ്യമായ നടപടികൾ രാജ്യം സ്വീകരിക്കുന്നില്ലെങ്കിൽ, ജനാധിപത്യം വിരുദ്ധ ശക്തികളുടെയും അവരുടെ ആചാരങ്ങളുടെയും ഉത്സവമായി മാറും. യുപി, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപി വിജയാഘോഷം തുടരുകയാണ്. പഞ്ചാബിലൂടെ ആം ആദ്മി പാർട്ടി പുതിയൊരു ഇടത്തിൽ കാലുറപ്പിച്ചിരിക്കുന്നു. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പുറംതള്ളപ്പെടുന്നു. തൊഴിലാളികളുടെയും കർഷകരുടെയും ബുദ്ധിമുട്ടുകൾ അവഗണിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ എന്നിവർക്കെതിരായ ആക്രമണങ്ങൾ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നില്ല. അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളിലെ അഴിമതി ദിനചര്യ പോലെ. ജാതി, വർഗീയ ഘടകങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങളുടെ സ്വഭാവം നിർണയിക്കുന്നു. പിന്തിരിപ്പൻ ശക്തികൾ ആവിഷ്കരിച്ച തന്ത്രങ്ങളുടെ ഭാഗമായി രാഷ്ട്രീയം കൂടുതൽ കൂടുതൽ അരാഷ്ട്രീയവല്ക്കരിക്കപ്പെടുന്നു. പ്രത്യയശാസ്ത്രങ്ങളും നയങ്ങളും ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല. രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ സ്വഭാവത്തിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങൾ ഓരോ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നു. ജനാധിപത്യത്തെ സ്നേഹിക്കുന്നവർ ഭീതിദായകമായ അവസ്ഥയെക്കുറിച്ച് ചിന്തിക്കണം. ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷതകൾ സംരക്ഷിക്കാൻ അവർ ആത്മാർത്ഥമായി മുന്നിട്ടിറങ്ങണം. അല്ലെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ജനാധിപത്യത്തിലെ വിലക്ഷണ പ്രകടനങ്ങളുടെ കൂത്തരങ്ങായി മാറും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്നുള്ള പാഠങ്ങൾ പ്രധാനമാണ്. മതേതര ഇന്ത്യയുടെ ഭാവി ഇത്തരം ആത്മാന്വേഷണത്തിൽ ഏർപ്പെടാനുള്ള രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളുടെ ജാഗ്രതയെ ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ വിജയത്തെക്കുറിച്ച് ബിജെപി ഉയർന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും വസ്തുതകൾ മറിച്ചാണ്. നിലവിൽ ബിജെപിയുടെ വിജയം ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലല്ല. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതാണ് അവരെ തുണച്ചത്. വോട്ടിങ് കണക്കുകളും ശതമാനവും വിശകലനം ചെയ്യുമ്പോൾ വസ്തുത തെളിയുന്നു. ബിജെപിയുടെ സംഘടനാ ശൃംഖലയും പ്രചാരണ പൊലിപ്പും നിലനില്ക്കുമ്പോൾതന്നെ ജനങ്ങൾ പ്രത്യാശയുടെ പാർട്ടിയായി ബിജെപിയെ കാണുന്നില്ല. വിശ്വസനീയമായ ഒരു ബദൽ എവിടെയുണ്ടോ, വോട്ടർമാർ ആ ബദലിനെ തെരഞ്ഞെടുക്കുന്നു. പഞ്ചാബിലെ അനുഭവത്തിൽ നിന്ന് ഇത് വ്യക്തമാണ്. ബിജെപി, അകാലിദൾ, കോൺഗ്രസ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന മത്സരാർത്ഥികളെയും പരാജയപ്പെടുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ആം ആദ്മി പാർട്ടിക്ക് തങ്ങളുടെ വിജയം രേഖപ്പെടുത്താൻ കഴിഞ്ഞു.


ഇതുകൂടി വായിക്കാം; ഈ വിധിയെഴുത്ത് ഒരു വെല്ലുവിളിയാണ്


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകൾ പലപ്പോഴും ചർച്ചാവിഷയമാണ്. എന്നാൽ ജനങ്ങൾ അവരെ വിശ്വസനീയമായ ബദലായി കരുതി വിജയത്തിലേക്ക് നയിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ ഏക വിജയം എന്ന നിലയിൽ അവർ അഭിനന്ദനാർഹരാണ്. 2021ൽ നടന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ ഇതുമായി കൂട്ടിവായിക്കാം. തെരഞ്ഞെടുപ്പ് നടന്ന കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങൾ ബിജെപി സഖ്യത്തിനെതിരെ വോട്ടുചെയ്തു. ഒരു ബദലുണ്ടോ, ആ ബദൽ വിശ്വസനീയമാണോ എന്നതാണ് ചോദ്യം. ആ ചോദ്യങ്ങൾക്ക് ക്രിയാത്മകമായ ഉത്തരം ഉണ്ടെങ്കിൽ, ആളുകൾ അത് അവരുടെ തെരഞ്ഞെടുപ്പായി മാറ്റും. എന്നാൽ ഇക്കാര്യത്തിലൊരു അവ്യക്തത നിലനിൽക്കുന്നു. മതേതരത്വത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ആദർശങ്ങളുമായി ഇഴുകിച്ചേർന്ന ഒരു രാഷ്ട്രീയ പാർട്ടിക്കും വർത്തമാനകാല രാഷ്ട്രീയത്തിന്റെ അവ്യക്തതയുമായി ചേർന്ന ചോദ്യങ്ങളെ അവഗണിക്കാനാകില്ല. ഇന്ത്യൻ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖ്യശത്രു ബിജെപിയാണെന്ന് പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഫാസിസ്റ്റ് പാർട്ടി രാജ്യത്തിന് മുന്നിൽ ഉയർത്തുന്ന അപകടത്തെക്കുറിച്ച് സിപിഐ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. വർത്തമാന രാഷ്ട്രീയത്തിൽ മതനിരപേക്ഷ, ജനാധിപത്യ, ഇടതുപക്ഷ ശക്തികളുടെ വിശാലാടിസ്ഥാനത്തിലുള്ള പൊതുവേദി എന്ന സിപിഐയുടെ ആഹ്വാനമാണ് ഇന്നും ഏറ്റവും പ്രസക്തം. സിപിഐയും മറ്റ് ഇടതുപക്ഷ ശക്തികളും അത്തരമൊരു വേദി യാഥാർത്ഥ്യമാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചു. സിപിഐയും മറ്റ് ഇടതുപാർട്ടികളും മതേതര സ്വഭാവമുള്ള കക്ഷികളെയും ഇത്തരമൊരു പൊതുവേദിയേയും രാഷ്ട്രത്തെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചു, എന്നാൽ അവരിൽ പലരും തങ്ങളെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്. രാജ്യവും അതിന്റെ അടിസ്ഥാന തത്വങ്ങളും അവർക്ക് പിന്നീടുള്ള ഏർപ്പാടായിരുന്നു. മതേതര ജനാധിപത്യ പാർട്ടികളിലെ പല നേതാക്കളും അവരുടെ വ്യക്തിതാല്പര്യങ്ങൾക്കായി നിലനിന്നു. മതേതര വോട്ടുകൾക്കിടയിലെ ദൗർഭാഗ്യകരമായ ഇത്തരം വിഭജനമാണ് ബിജെപിയുടെ വിജയത്തിനാധാരം. തെരഞ്ഞെടുപ്പ് ഫലം തീർച്ചയായും സിപിഐ അടക്കം എല്ലാ ഇടതുപാർട്ടികളുടെയും കണ്ണുതുറപ്പിക്കുന്നതാണ്. ബഹുകോണ മത്സരത്തിൽ സ്വന്തം അനുയായികളുടെ വോട്ടുകൾ പോലും സമാഹരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. നിലവിലെ യാഥാർത്ഥ്യങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതാണ്. എല്ലാ തലങ്ങളിലും പാർട്ടിയെ നവീകരിക്കണം. വർഗ ബഹുജന സംഘടനകൾ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിന് എന്ന ലക്ഷ്യബോധത്തോടെ കെട്ടിപ്പടുക്കണം. കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കേഡർമാർക്കിടയിൽ ആശയപരവും രാഷ്ട്രീയവുമായ നിലവാരം ഉയർത്തേണ്ടതുണ്ട്. ‘ജനങ്ങളുമായി വീണ്ടും ബന്ധം സ്ഥാപിക്കുക’ എന്നതായിരുന്നു പുതുച്ചേരി പാർട്ടി കോൺഗ്രസിന്റെ ആഹ്വാനം. ആ വിളി ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുന്നു. ബഹുജനങ്ങളിലേക്ക് പോയി അവരുടെ പിന്തുണയോടെ പാഠങ്ങൾ ഉൾക്കൊള്ളുക എന്നതാണ് ഏക പോംവഴി. ഏത് തോൽവിയിലും കമ്മ്യൂണിസ്റ്റുകൾ തങ്ങളുടെ പോരാട്ടം കൈവിടില്ല. ശുഭാപ്തിവിശ്വാസം മാർഗനിർദേശ തത്വമാണവർക്ക്. അത് ചരിത്രത്തോടും ഈ മഹത്തായ രാഷ്ട്രത്തിലെ ജനങ്ങളോടുമുള്ള കടമയാണ്. ഈ ബോധ്യത്തോടെ ഏറ്റുപറയുന്നു, നാം അതിജീവിക്കുക തന്നെ ചെയ്യും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.