സംസ്ഥാനത്തിന്റെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും കൂടുതൽ ഉണർവേകുന്ന ദേശീയ ജലപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
കൊല്ലം മുതൽ കോഴിക്കോട് വരെ 328 കിലോമീറ്റർ ദൈർഘ്യത്തിലാണ് ദേശീയ ജലപാത‑3 ന്റെ നിർമ്മാണം. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റർ ദൈർഘ്യം നിലവിൽ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ബാക്കി വരുന്ന 160 കിലോമീറ്ററിലെ പ്രവൃത്തികൾ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡിപിആർ) ദേശീയ ജലപാത അതോറിറ്റി തയാറാക്കി കേന്ദ്ര സർക്കാരിന് കൈമാറും. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കാനാകും.
ദേശീയ ജലപാതയില്‍ ഉൾപ്പെടാത്ത മറ്റു ഭാഗങ്ങള്‍ സംസ്ഥാന ജലപാത ആയി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ. ഇതിൽ കോവളം മുതൽ ആക്കുളം വരെ കനാൽ വീതി കൂട്ടുന്നതിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ധനസഹായത്തോടെ 66.39 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടി വരുന്ന 1275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കിഫ്ബിയുടെ ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പുനരധിവാസ പദ്ധതി പ്രകാരം ഫ്ലാറ്റുകൾ സർക്കാർ നിർമ്മിച്ചു നൽകുകയോ വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് താല്പര്യമുള്ളവർക്ക് ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം മാതൃകയിൽ ഭൂമി വാങ്ങി വീട് വയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.
കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി ഏകദേശം 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. മാഹി-വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കിലോമീറ്ററും നീലേശ്വരം-ബേക്കൽ ഭാഗത്ത് 6.5 കിലോമീറ്ററും കനാൽ പുതുതായി നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ 839 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. ജലപാത പൂർത്തിയാകുന്നതോടെ താരതമ്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനമൊരുങ്ങുകയും വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടെ വികസനമാറ്റങ്ങളുണ്ടാവുകയും ചെയ്യും.
English Summary: Construction of National Waterway Rapid
You may like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.