17 May 2024, Friday

Related news

May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024

സോണിയഗാന്ധി ജി23അടക്കമുള്ള വിമതര്‍ക്ക് കീഴടങ്ങുന്നു;കെ സി വേണുഗോപാലിനെ സംഘടനാ ജനറല്‍ സെക്രട്ടറിസ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
March 23, 2022 11:21 am

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന കോണ്‍ഗ്രസില്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍കൂടിയ പാര്‍ട്ടി ഉന്നതസമിതിയായ പ്രവര്‍ത്തക സമിതി അഞ്ചു മണിക്കൂര്‍ ചേര്‍ന്നെങ്കിലും കാതലായ മറ്റങ്ങളൊന്നും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞില്ലെന്നു മാത്രമല്ല സോണിയ കടുംബത്തിനോട് കൂറു പുലര്‍ത്തി പിരിയുകയാണു ഉണ്ടായത്

തുടര്‍ന്ന് ജി23 അംഗങ്ങള്‍ മുതിര്‍ന്ന അംഗം ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിമതര്‍ രാഹുല്‍ അടക്കമുള്ളവരെ നിശിതമായി വിമര്‍ശിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിനേതാക്കളും, പ്രവര്‍ത്തകരും ജി23ക്ക് അനുകൂല നിലപാട് സ്വീകരിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടയുടെ താല്‍ക്കാലിക അദ്ധ്യക്ഷ സോണിയഗാന്ധി ഇടപെട്ടു.പാര്‍ട്ടിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനു ശ്രമിച്ചു

കോൺഗ്രസിലെ പോര് പരിഹരിക്കാനുള്ള ഇടപെടൽ സോണിയ ഊർജിതമാക്കി. വിമത പക്ഷമായ ജി 23 സംഘത്തിലെ ആനന്ദ് ശർമ, മനീഷ് തിവാരി, വിവേക് തൻഖ എന്നിവരുമായി സോണിയ കൂടിക്കാഴ്ച നടത്തിയതോടെ പുതിയ ഫോർമുലകൾ ഉരുത്തിതിരിഞ്ഞു വരുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൽ. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ വേണ്ടി ദിഗ് വിജയ് സിങ് അടക്കമുള്ളവരാണ് രംഗത്തുവന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ ജി 23 അംഗങ്ങളുമായി സോണിയ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്

കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് സോണിയയെ സന്ദർശിച്ചിരുന്നു. വിമതരുമായി ചർച്ച നടത്തി പ്രശ്‌നപരിഹാരത്തിനു വഴി തേടുകയാണു സോണിയ. ഏപ്രിൽ രണ്ടിനു രാജ്യസഭാ കാലാവധി അവസാനിക്കുന്ന ആനന്ദ് ശർമയെ വീണ്ടും സഭയിലേക്ക് അയയ്ക്കുന്നത് പരിഗണനയിലുണ്ട്. വീണ്ടും ടിക്കറ്റ് നൽകിയാൽ വിമത പക്ഷത്തെ പ്രബലനായ ശർമയെ മെരുക്കാൻ സാധിക്കും. ഹിമാചലിൽനിന്നുള്ള രാജ്യസഭാംഗമാണു ശർമ. അദ്ദേഹത്തെ വീണ്ടും അയയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ സംസ്ഥാനത്തു നിന്നുള്ള നേതാക്കളുമായും സോണിയ കൂടിക്കാഴ്ച നടത്തി.

ഏതാനും പേർക്ക് പ്രവർത്തക സമിതി അംഗത്വം, സംഘടനാ പദവികൾ എന്നിവ നൽകി സംഘത്തെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. പാർട്ടിയുടെ നയ രൂപീകരണ സമിതികളിൽ നേതാക്കളെ ഉൾകൊള്ളിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാരത്തൺ ചർച്ചകളിലാണു സോണിയ. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെ എംപിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജി 23 സംഘത്തിന്റെ മുൻനിരയിലുള്ള ഗുലാം നബി ആസാദുമായി അടുപ്പമുള്ള അശോക് ഗെലോട്ട്, കമൽനാഥ്, ദിഗ്‌വിജയ് സിങ് എന്നിവർ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ട്.

അതേസമയം, ഗാന്ധി കുടുംബം കോൺഗ്രസിന്റെ നേതൃത്വത്തിൽനിന്നു മാറി നിൽക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ട കപിൽ സിബലുമായി കൂടിക്കാഴ്ചയ്ക്കു സോണിയ ഇതുവരെ തയാറായിട്ടില്ല. സിബലിന്റെ പരാമർശത്തിൽ സോണിയയ്ക്കുള്ള കടുത്ത അതൃപ്തിയുടെ സൂചന കൂടിയാണിത്. അതിനിടെ എഐസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സംഘടനാ ചുമതലയിൽനിന്ന് മാറ്റണമെന്ന സമ്മർദവും ശക്തമാണ് .നിരവധിപേര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായി പ്രവർത്തിക്കുന്ന മുഖ്യവക്താവും പ്രവർത്തക സമിതി അംഗവുമായ രൺദീപ്‌സിങ് സുർജേവാല, പഞ്ചാബിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി അജയ് മാക്കൻ എന്നിവരെയും മാറ്റണം. ജി-23 നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ചില മാറ്റങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയാറായേക്കും

.പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നേതൃനിരയുമായി സൗഹാർദത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും വേണുഗോപാൽ, രൺദീപ്‌സിങ്, അജയ് മാക്കൻ എന്നിവർ പരാജയമാണെന്ന് നേതാക്കൾക്ക് അഭിപ്രായമുണ്ട്. രാഹുൽ ഗാന്ധിക്ക് വഴി കാട്ടുന്നതിൽ ഗുരുതര പിഴവുകൾ ഇവർക്ക് ഉണ്ടാകുന്നതായും അവർ കുറ്റപ്പെടുത്തുന്നു.ഗുലാംനബി ആസാദുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ, രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ, ലോക്‌സഭാംഗം മനീഷ് തിവാരി തുടങ്ങിയവർ സോണിയയോട് പരാതി ആവർത്തിച്ചെന്നാണ് വിവരം

അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് പാർട്ടി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സോണിയയുടെ അനുനയ ചർച്ചകൾ. ജി-23 സംഘത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ തയാറാണെന്ന സന്ദേശം സോണിയ കൈമാറിയതിനെ തുടർന്നാണ് ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. ജി-23 സംഘാംഗങ്ങളായ കൂടുതൽ പേരെ വരുംദിവസങ്ങളിൽ കണ്ടേക്കും.അതിനിടെ പുതിയ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന മധുസൂദൻ മിസ്ത്രി സമിതിയിൽ ജി 23 നേതാക്കൾ അവിശ്വാസം രേഖപ്പെടുത്തി. അഞ്ചംഗ സമിതി പക്ഷപാതപരമായാണു പ്രവർത്തിക്കുന്നതെന്നും ഗാന്ധി കുടുംബത്തോടു ചേർന്നു നിൽക്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ചാണു നിലകൊള്ളുന്നതെന്നുമാണ് ആരോപണം

പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ ഗുലാം നബി ആസാദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതായാണു വിവരം.രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്റാകുന്നതിനോട് ജി 23 നു യോജിപ്പില്ല. ഇക്കാര്യം ഇവർ പരസ്യമായി ഉന്നയിക്കുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പങ്കെടുത്ത പലരും രാഹുൽ വീണ്ടും പ്രസിഡന്റാകുന്നതിൽ ആശങ്ക പങ്കുവച്ചു. വിശ്വസ്തവലയത്തിലുള്ള ഏതാനും പേരെ മാത്രം ആശ്രയിക്കുന്ന രാഹുൽ, മുതിർന്ന നേതാക്കളെ അകറ്റിനിർത്തുന്നുവെന്നാണ് ഇവരുടെ പരാതി.

സംഘടനാ തിരഞ്ഞെടുപ്പിൽ രാഹുലിന് അനുകൂലമായി മിസ്ത്രി തീരുമാനങ്ങളെടുക്കുമോയെന്ന ആശങ്ക ജി 23 സംഘത്തിനുണ്ട്. മത്സരിക്കാനില്ലെന്നു രാഹുൽ തീരുമാനിച്ചാൽ, വിധേയരിലൊരാളെ ഗാന്ധി കുടുംബം രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. രാഹുൽ പ്രസിഡന്റാകുന്നതിലും വലിയ ഭീഷണിയായി അവർ ഇതിനെ കാണുന്നു.ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനു പിന്നാലെ പ്രവർത്തക സമിതിയിലെ 12 ഒഴിവുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

ഇതിൽ ജി 23 സംഘം സ്ഥാനാർത്ഥികളെ രംഗത്തിറക്കിയേക്കും. പ്രവർത്തക സമിതിയിലെ ബാക്കി 11 പേരെ പുതിയ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുകയാണു രീതി. സ്വാതന്ത്യത്തിന്‍റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രണ്ടു യാത്രകളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. താഴെ തട്ടില്‍ സംഘടനാ സംവിധാനം തീരെയില്ല. ഇത്രദുര‍ബലമായ അവസ്ഥയില്‍ യാത്ര വേണോയെന്ന ചോദ്യവും പാര്‍ട്ടിയില്‍ ഉയരുന്നു

Eng­lish Summary:Sonia Gand­hi sur­ren­ders to rebels includ­ing G23; KC Venu­gopal like­ly to be removed as Gen­er­al Secretary

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.