19 December 2024, Thursday
KSFE Galaxy Chits Banner 2

സേവനങ്ങളുടെ ഡിജിറ്റൽ കാലം വരവായി

പി കെ സബിത്ത്
March 26, 2022 5:21 am

കേരളത്തിൽ ഇടതു സർക്കാരിന്റെ നേതൃത്വത്തിലുള്ള തുടർഭരണത്തിൽ ഏറെ ശ്രദ്ധേയവും അതോടൊപ്പം കാലോചിതമായ പരിവർത്തനങ്ങളുമാണ് നടക്കുന്നത്. പുരോഗമനപരമായ മാറ്റങ്ങൾ എന്ന് സാമാന്യവല്ക്കരിച്ച് പറയുമ്പോൾ അത് പലപ്പോഴും ഭൗതികമായ ഘടകങ്ങളെ മാത്രം മാനദണ്ഡമാക്കി ഉള്ളതായിരുന്നു. സാങ്കേതികവിദ്യയുടെ അതിവേഗമുള്ള വളർച്ച ഇന്ന് എല്ലാ മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. ഇവിടെ ഭൗതികമായ മാറ്റത്തെയും പ്രതീതിയാഥാർത്ഥ്യത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് സ്വീകരിക്കുന്നത്. അതായത് സാങ്കേതികവിദ്യയും ഭൗതികമായ വസ്തുക്കളും സമന്വയിപ്പിച്ച് സമൂഹത്തിലെ എല്ലാവർക്കും ചടുലമായ മാറ്റത്തിന്റെ പരമാവധി ഗുണം ലഭിക്കുന്നതിനു വേണ്ടിയുള്ള അതിശ്രമകരമായ ദൗത്യമാണത്. കേരളത്തിൽ റവന്യുവകുപ്പ് ഡിജിറ്റൽ കാലത്തിന്റേതായ സവിശേഷതകളെയെല്ലാം പരമാവധി സ്വാംശീകരിച്ചുള്ള വലിയ മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. സാങ്കേതികവിദ്യ അത് ഉപയോഗിക്കുന്ന ന്യൂനപക്ഷത്തിന്റേത് മാത്രമല്ല മൗലികമായ ഇടപെടലിലൂടെ സമൂഹത്തിന്റെ ഭൂരിപക്ഷം പേരിലേക്കും അതിന്റെ നേട്ടം എത്തിക്കാൻ കഴിയും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിലുടനീളം റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിജിറ്റൽ സർവേ മൗലികമായ മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്.


ഇതുകൂടി വായിക്കൂ: പ്രവാസികളെ ചേർത്തു പിടിച്ച ഇടതുപക്ഷ സർക്കാർ


ജനപ്പെരുപ്പം കുറഞ്ഞ പല വികസിത രാജ്യങ്ങളിലും ഭൂമിയുടെ സ്ഥിതിവിവരക്കണക്കുകൾ അറിയുന്നതിന് ഡിജിറ്റൽ മാർഗമാണ് ഉപയോഗിക്കുന്നത്. കൃത്യതയോടെ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുക വഴി നമ്മുടെ പരമ്പരാഗതമായ മാർഗങ്ങളിൽ നിന്നുള്ള ചടുലമായ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. ഡിജിറ്റൽ സർവേകൾ വിജയകരമായി പൂർത്തിയാക്കിയ വിദേശ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വളരെ എളുപ്പത്തിൽ സർവേകൾ പൂർത്തിയാക്കാൻ സാധിക്കും. സസ്യനിബിഡമല്ലാത്ത പ്രദേശങ്ങളിൽ വളരെ വേഗത്തിൽ ഇത് നിർവഹിക്കാൻ കഴിയും. കയറ്റിറക്കങ്ങൾ ഇല്ലാതെ പരന്നുകിടക്കുന്ന വിശാലമായ പ്രദേശങ്ങളിലും സർവേകൾ എളുപ്പത്തിൽ സാധ്യമാകും. കേരളം പോലെയുള്ള സസ്യനിബിഡവും കുന്നും മലകളും നിറഞ്ഞിരിക്കുന്നതുമായ പ്രദേശത്തിന്റെ ഡിജിറ്റൽ സർവേ എന്നത് നമ്മുടെ എല്ലാ ഊഹങ്ങൾക്കും അപ്പുറമാണ്. അതിവിദൂരമായ നമ്മുടെ ഭാവി കാലത്തെ മുന്നിൽകണ്ടുകൊണ്ട് വിഭാവനം ചെയ്ത ബൃഹത്തായ പദ്ധതിയാണിത്. വാസ്തവത്തിൽ ഗൂഗിൾ സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് ഇപ്പോൾ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. കൃത്യതയിലും വസ്തുനിഷ്ഠതയിലും വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഒരു സർക്കാർ സംവിധാനം അതിന്റെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ട് ഇത്തരം ബൃഹത്തായ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഇതിന്റെ കൃത്യതയും സാധുതയും തന്നെയാണ് പ്രധാനം. സർക്കാർ നേതൃത്വം നൽകി നടപ്പിലാക്കുന്ന സംവിധാനത്തില്‍ കൃത്യതയും വസ്തുനിഷ്ഠതയും മറ്റുള്ളവയെക്കാൾ ഒരുപടി മുന്നിൽ തന്നെയുമായിരിക്കും. ഇന്ന് നിലവിലുള്ള മറ്റ് പല സംവിധാനങ്ങളുടെയും ന്യൂനത മറികടക്കുന്ന വിധമാണ് റവന്യു വകുപ്പിന്റെ ആസൂത്രണം.


ഇതുകൂടി വായിക്കൂ: കേരളം വീണ്ടും ഇടതുപക്ഷത്തിന്റെ കരുതലിലും കാവലിലും സുരക്ഷിതം


ഭൂമി സംബന്ധമായ എല്ലാ നടപടിക്രമങ്ങളും കൂടുതൽ സുതാര്യമാക്കാനും രേഖകൾ ലഭ്യമാക്കാൻ നേരിടുന്ന കാലതാമസം ഉൾപ്പെടെയുള്ളവ പരിഹരിക്കാനും ഇതുവഴി കഴിയും. സാങ്കേതികവിദ്യയുടെ വരവോടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കാലതാമസം ഒഴിവാക്കുവാനും സാധിക്കുന്നു എന്നത് പുതിയൊരു അറിവല്ല. പക്ഷേ അത് കാലോചിതമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ട് നടപ്പിലാക്കുക എന്നതാണ് വലിയ വെല്ലുവിളി. കേരളത്തെ സമഗ്രതയിൽ ദർശിക്കുന്ന വിധം ഈ പദ്ധതി ഏറ്റെടുത്ത് അനുബന്ധ പ്രവർത്തനങ്ങൾക്കാണ് റവന്യുവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. നാലുവർഷം കൊണ്ട് കേരളത്തിലെ 1550 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കാനാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്. ഇവിടെ കേരളത്തെ സമ്പൂർണമായി ഡിജിറ്റലായി അളക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. ഡിജിറ്റൽ സർവേയുടെ ഭാഗമായി ഡ്രോൺ വഴിയുള്ള പ്രവർത്തനങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രപരമായ ദൗത്യത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. സർവേയുടെ പ്രാഥമിക ഘട്ടം എന്ന നിലയിൽ ഈ വരുന്ന ഏപ്രിൽ മാസത്തിൽ കേരളത്തിലെ 200 വില്ലേജുകളിൽ ഒരേസമയം ഡിജിറ്റൽ സർവേ നടപടികൾ ആരംഭിക്കും.


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട്; എന്തിനായി ഇടതുപക്ഷം?


ഭൂമി സംബന്ധിയായ വിവരങ്ങൾ എല്ലാം ഡിജിറ്റൽ ആകുന്നതോടെ ചരിത്രപരമായ മാറ്റമാണ് ഇവിടെ നടക്കുന്നത്. എല്ലാവരുടെയും ഭൂമിക്ക് സ്വന്തമായ രേഖ ഉണ്ടാകുക എന്നതിനൊപ്പം സംസ്ഥാനത്തിന് പൊതുവായി ഉപയോഗിക്കുവാൻ എവിടെയെല്ലാം ഭൂമി മാറ്റി വച്ചിട്ടുണ്ട് എന്ന് ആധികാരികമായി നമുക്ക് പറയാൻ കഴിയുന്നതും വലിയ മാറ്റമാണ്. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഒരു ഏകീകൃത രൂപം ഉണ്ടാക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ നേട്ടം. കേരളത്തിന്റെ പ്രകൃതിവിഭവങ്ങളെ അടയാളപ്പെടുത്തുവാൻ കഴിയുന്ന ടോപ്പോഗ്രാഫിക്കൽ സർവേയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. കൃത്യതയോടെയുള്ള ഭൂമിയുടെ രേഖ കൈമാറുക വഴി ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുവാനുള്ള എല്ലാ വഴികളും സർക്കാരിന്റേതാക്കി മാറ്റുവാൻ ടോപ്പോഗ്രാഫിക്കൽ സർവേയും ഡിജിറ്റൽ സർവേയും സഹായിക്കും. കൂടുതൽ ജനസൗഹൃദപരം ആയതിനാൽ തന്നെ ഭൂവിനിമയങ്ങൾ എളുപ്പത്തിലും സുതാര്യവും ആകും. റിയൽ എസ്റ്റേറ്റ് പോലെയുള്ള രംഗങ്ങളിൽ കാര്യങ്ങൾ കൂടുതൽ സുതാര്യമാകും. ഭൂമിയുടെ കൊടുക്കൽ വാങ്ങലുകളുമായി ബന്ധപ്പെട്ട അസമത്വം ഇല്ലാതാകുന്നതോടെ ഇത്തരം മേഖലകളിലെ തട്ടിപ്പുകൾ അവസാനിപ്പിക്കാൻ കഴിയും.


ഇതുകൂടി വായിക്കൂ: ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍


അനധികൃതമായ എല്ലാ ഇടപാടുകൾക്കും കടിഞ്ഞാണിടുമ്പോൾ സ്വാഭാവികമായും അർഹരായവർക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ ഒരുക്കുകയാണ് സർക്കാരിന്റെ സുപ്രധാന ലക്ഷ്യം. ഭൂമി രജിസ്റ്റർ ചെയ്യാൻ രജിസ്ട്രേഷൻ വകുപ്പ് ഉപയോഗിക്കുന്ന പേൾ (പാക്കേജ് ഫോര്‍ എഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ രജിസ്ട്രേഷന്‍ ലോ, പോക്കുവരവ് നടത്താൻ റവന്യു വകുപ്പ് ഉപയോഗിക്കുന്ന റലിസ (റവന്യു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), ലൊക്കേഷൻ സ്കെച്ച് കിട്ടാൻ സർവേ വകുപ്പ് ഉപയോഗിക്കുന്ന മാപ്പ് എന്നീ സോഫ്റ്റ്‌വേറുകൾ എല്ലാം കൂടി ചേർന്നതാണ് ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂമിയുടെ വിനിമയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുതാര്യത കൈവരിക്കാനാകും എന്നതാണ് ഇത്തരമൊരു ചരിത്രപരമായ ദൗത്യത്തിന്റെ എടുത്തുപറയേണ്ട നേട്ടം. പലപ്പോഴും ഭൂമിയുടെ രേഖയിലുള്ളതിൽ നിന്നെല്ലാം വ്യത്യാസം വരുന്നത് പരമ്പരാഗതമായി നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. ഡ്രോൺ ഉപയോഗിച്ചു കൊണ്ടും അതിനൂതനമായ സാങ്കേതികവിദ്യയായ കോർസ് ആർട്ടി കെഇടിഎസ് എന്നിവ ഉപയോഗിച്ചും ഇത് പൂർത്തീകരിക്കുമ്പോൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭ്യമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നങ്ങൾ വ്യവഹാരത്തിലേക്ക് വഴി മാറാതെ ഏറെ സുതാര്യമായി പരിഹരിക്കുവാൻ ഇത്തരം സാങ്കേതികവിദ്യയുടെ വരവോടെ സാധ്യമാകും. ഭൂമി വാങ്ങുമ്പോൾ തന്നെ പോക്ക് വരവ് നടത്താനുള്ള സാധ്യതയും ലൊക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കാനും ഇതിലൂടെ സാധിക്കും. 2021 മുതൽ 2026 വരെ നീണ്ടുനില്ക്കുന്ന വിഷൻ ആന്റ് മിഷൻ 2021–26 പദ്ധതിയുടെ ഭാഗമായാണ് കേരളത്തിൽ ഡിജിറ്റൽ സർവേ നടക്കുന്നത്. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ശീർഷകത്തിൽ നടത്തുന്ന ഈ പദ്ധതി കേരളത്തിന്റെ പുനർനിർമ്മിതിയിൽ ഒരു പുതിയ ഈടുവയ്പ് തന്നെയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.