21 November 2024, Thursday
KSFE Galaxy Chits Banner 2

ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശം

Janayugom Webdesk
കൊല്ലം
April 1, 2022 9:20 pm

ഇന്ന് വൈകിട്ട് പെയ്ത ശക്തമായ വേനല്‍മഴയിലും കാറ്റിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൃഷി ഉള്‍പ്പെടെ വ്യാപകമായ നാശം.
കുന്നത്തൂർ താലൂക്കിലെ മിക്ക പ്രദേശങ്ങളിലും മഴ നാശം വിതച്ചു. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും നിലം പതിച്ചതിനാൽ വൈദ്യുതി ബന്ധം താറുമാറായി. താലൂക്കിലെ മിക്ക പാടശേഖരങ്ങളിലും വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചത്. നേന്ത്രവാഴ, വെറ്റില, മരച്ചീനി, പയർ അടക്കമുള്ളവ നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്തിരുന്ന ആയിരക്കണക്കിന് ഏത്ത വാഴകൾ ഒടിഞ്ഞു വീണു. കര പ്രദേശങ്ങളിലെ കൃഷിയും നശിച്ചിട്ടുണ്ട്. ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ പെരുവേലിക്കര ലക്ഷ്മിയിൽ രാജീവിന്റ 900 മൂട് ഏത്ത വാഴകൾ ഒടിഞ്ഞു വീണു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നിലം പതിച്ചത്. കുന്നത്തൂർ തൊളിക്കൽ ഏല, തമിഴംകുളം ഏല, മൈനാഗപ്പള്ളി വെട്ടിക്കോട്ട് ഏല, പോരുവഴി വെൺകുളം ഏല, മുതുപിലാക്കാട്, പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. വീട്ടുപറമ്പുകളിൽ മരങ്ങൾ പിഴുവീണു. പലയിടത്തും വൈകിട്ടോടെ നിലച്ച വൈദ്യുതി ബന്ധം രാത്രി വൈകിയും പുന: സ്ഥാപിക്കാനായിട്ടില്ല. മരങ്ങൾ വീണും മറ്റും വിവിധയിടങ്ങളിൽ വീടുകൾക്കും. തൊഴുത്തുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വേനൽ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റും ഇടിയും മിന്നലും താലൂക്കിലെ ഇന്റർനെറ്റ് സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. റവന്യു-വൈദ്യുതി-കൃഷി വകുപ്പുകളിൽ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലാത്തതിനാൽ നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്താനായിട്ടില്ല.
തെന്മല: വെള്ളിയാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിൽ മരം വീണ് വീട് തകർന്നു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഉറുകുന്നു കനാൽ പാലത്തിനു സമീപം ലൈനിൽ ഷംസുദ്ധീൻ (സക്കറിയ)ന്റെ വീടിന്റെ മുകളിലാണ് മരം ഒടിഞ്ഞു വീണത്. ആസ്ബറ്റോസ് പാകിയ വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവസമയം വീടിനുള്ളിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
പത്തനാപുരം: പത്തനാപുരം. തലവൂർ. വിളക്കുടി. പട്ടാഴി പഞ്ചായത്തുകളിൽ മഴയയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം. മരം വീണ് നാല് വീടുകൾ തകർന്നു. കുണ്ടറ പടി തിരുവോണം വീട്ടിൽ അജയകുമാർ. മഞ്ഞക്കാല ഗീത ഭവനത്തിൽ വിജയമ്മ, സത്യമുക്ക് ചന്ദ്രവിലാസത്തിൽ രാഘവൻ പിള്ള, കമുകുംചേരി ലളിത എന്നിവരുടെ വീടുകളാണ് തകർന്നത്. മരച്ചീനി, ചേന. വെറ്റില, പയർ, പടവലം, പാവൽ ഉൾപ്പെടെ ലക്ഷങ്ങളുടെ കാർഷികവിളകൾ നശിച്ചു. പനംപറ്റ പുനലൂർ പ്രധാന പാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പത്തനാപുരം ഫയർഫോഴ്സ് യൂണിറ്റിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനരാരംഭിച്ചത്. പിടവൂർ പനംപറ്റ, കമുകുംചേരി. പുളി വിള. പഴഞ്ഞീക്കടവ്. പട്ടാഴി. തലവൂർ. ആ വണീശ്വരം മേഖലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പ്രകൃതി ക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേഗത്തിൽ നല്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ പറഞ്ഞു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.