24 December 2024, Tuesday
KSFE Galaxy Chits Banner 2

അധികാരമാറ്റത്തിന്റെ സൂചനകൾ

Janayugom Webdesk
April 3, 2022 5:00 am

ചരിത്രം ഒരുവന് നീതിയും മറ്റൊരുവന് അനീതിയും തീർക്കുന്നു. വികാസത്തിന്റെ വഴിയും സമാനമാണ്. ഇരുണ്ട മേഘങ്ങൾക്കിടയിലും വെളിച്ചത്തിന്റെ പുതിയ പാതകൾ കണ്ടെത്തി മുന്നോട്ട് പോകണം. സാഹചര്യങ്ങൾ മാറണം, പുതിയ വഴികൾ തെളിയണം. ഈ പോരാട്ടത്തിനായി കുറിച്ചിട്ട ദിവസങ്ങളായിരുന്നു കഴിഞ്ഞ 28, 29 തീയതികൾ. തങ്ങൾക്കെതിരായ അനീതികൾക്കെതിരെ ശബ്ദമുയർത്താൻ ഇരുപത് കോടിയോളം തൊഴിലാളികൾ സമാനർക്കൊപ്പം രാജ്യത്തുടനീളം തെരുവിലിറങ്ങി. അവർ ഫാക്ടറികളിലും ചെറുകിട യൂണിറ്റുകളിലും വേലചെയ്യുന്നവരായിരുന്നു. കർഷകത്തൊഴിലാളികളായിരുന്നു, ഗ്രാമീണ മേഖലകളിൽ നിന്നും അങ്കണവാടികളടക്കം ഇതര തൊഴിൽ മേഖലകളിൽ നിന്നുമുള്ളവരായിരുന്നു. രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ പണിമുടക്ക് പൂർണമായി. സന്ദേശം വ്യക്തമാണ്, ചൂഷണം വേണ്ട. ചൂഷണം, പട്ടിണി, ദാരിദ്ര്യം, പകർച്ചവ്യാധികൾ ഇവ നിറയുന്ന ദീനതയുടേതാണ് പോയ വർഷങ്ങൾ. ജനാധിപത്യ സംവിധാനത്തിന്റെ തകർച്ചയോ ഭയപ്പെടുത്തുന്നതും. ഉപജീവന മാർഗമെങ്കിലും നിലനിർത്താനാകുമോ എന്ന ആശങ്കയിലും അതിനുള്ള പരിശ്രമത്തിലുമാണ് സാധാരണ ജനം. തൊഴിലില്ലായ്മയുടെ ഭയാനകമായ കണക്കുകൾക്കൊപ്പം, നിലനില്പിനുള്ള വഴികളും കുറയുന്നു. കൊറോണയുടെ നീണ്ട നാളുകളുടെയും ലോക്ഡൗണിന്റെയും അനന്തരഫലങ്ങൾ വെളിപ്പെടും മുമ്പേ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായിരുന്നു. 2017–2018 വർഷത്തെ നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) കണക്കാണിത്. കഴിഞ്ഞ നാല്പത് വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായതിന്റെ വിവരം. ഫാക്ടറികളും ഉല്പാദന യൂണിറ്റുകളും അടച്ചുപൂട്ടുന്നതിനൊപ്പം, പകർച്ചവ്യാധിയുടെ വർഷങ്ങളും ആരംഭിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) യൂണിറ്റുകളെയാണ് ദുരിതം കൂടുതൽ ബാധിച്ചത്. പ്രമുഖ സംരംഭങ്ങൾക്കും കനത്ത തിരിച്ചടി നേരിട്ടു. 2021ലെ അവസാന മാസത്തിൽ രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 53 ദശലക്ഷമായിരുന്നു. 2021ൽ ഈ കണക്ക് 7.91 ശതമാനമായി. 2022 ജനുവരിയിൽ ഇത് 6.57 ശതമാനവും. ഉയർന്ന യോഗ്യതയുള്ള എന്നാൽ വർഷങ്ങളായി തൊഴിലില്ലാത്തവർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന മേഖലകളിലെ നിസാര ജോലികൾക്ക് അപേക്ഷിച്ചു എന്നതിന്റെ കണക്കുകളുമില്ല. റയിൽവേ ക്ഷണിച്ച 35,000 തസ്തികകൾക്കായി അപേക്ഷിച്ചത് 1.25 കോടി പേരായിരുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയുന്നു എന്ന പെരും നുണകളെ ഇത്തരം കണക്കുകൾ പൊളിച്ചടുക്കുന്നു.


ഇതുകൂടി വായിക്കാം; നീതിപീഠം കണ്ണടച്ച് ഇരുട്ടാക്കുന്നു


അസംഘടിത മേഖലകളിലും സംഘടിത മേഖലകളിലും എല്ലായ്പ്പോഴും സഹായം എത്തിക്കുന്നു എന്ന അവകാശവാദവുമായി കേന്ദ്രം സജീവമാണ്. എന്നാൽ കണക്കുകൾ അസത്യം തുറന്നുകാട്ടുന്നു. തൊഴിൽ വിപണിയിൽ തീപ്പിടിച്ച 2022 ജനുവരിയുടെ കാലയളവിലാകട്ടെ സർക്കാർ അവകാശവാദങ്ങൾ വസ്തുതകൾക്ക് വിരുദ്ധമായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുടെ പതിറ്റാണ്ടുകളായുള്ള പോരാട്ടത്തെ തുടർന്ന് സാധ്യമാക്കിയ നേട്ടങ്ങളെ തകർത്ത് സർക്കാർ തൊഴിൽ നിയമം ഇല്ലാതാക്കുകയും നാല് ലേബർ കോഡുകൾ ആരംഭിക്കുകയും ചെയ്ത കാലമായിരുന്നു അത്. ചിക്കാഗോയിലെ പോരാട്ടത്തിലൂടെ ദിവസം എട്ട് മണിക്കൂർ പ്രവൃത്തി എന്ന് ജോലി സമയം ക്രമീകരിച്ചു, ഈ ലക്ഷ്യത്തിനായി പലരും തങ്ങളുടെ ജീവൻ ബലിയർപ്പിച്ചു. പക്ഷേ ഒന്നര നൂറ്റാണ്ടിന് ശേഷം ഇപ്പോൾ പോരാടി നേടിയതെല്ലാം ഇല്ലാതാക്കാനാണ് ഭരണകൂട പരിശ്രമം. എല്ലാ അനിശ്ചിതത്വങ്ങളുടെയും കരാർ ജോലിയുടെയും കാലം. ഏത് തലത്തിലുള്ള തൊഴിലാളികളും പത്തും പന്ത്രണ്ടും മണിക്കൂർ അധ്വാനിക്കണം. വ്യവസ്ഥകളെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു. തൊഴിൽ ലഭ്യതയിലെ ഇടിവാകട്ടെ തുടരുകയുമാണ്. ഫെബ്രുവരി ആറിന് അത് 37.6ൽ നിന്ന് 36.4 ശതമാനത്തിലേക്ക് താഴ്ന്നു. 2019–2020 ൽ 86 ദശലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നു, 2021 നവംബർ, ഡിസംബർ മാസങ്ങളിൽ ഇത് 77 ദശലക്ഷമായി കുറഞ്ഞു. 2022 ജനുവരി ആയപ്പോഴേക്കും ഇത് 83 ദശലക്ഷമായി. ഇത് 2019–2020 മാനദണ്ഡമാകുമ്പോൾ മൂന്ന് ദശലക്ഷം കുറവാണ്. ജനുവരിയിൽ കാർഷിക മേഖലയിൽ 2.5 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതായി. സേവന മേഖലയിൽ 6.6 ദശലക്ഷത്തിന് തൊഴിൽ നഷ്ടമായി. വ്യാവസായിക പുനരുജ്ജീവനം മന്ദഗതിയിലായിരിക്കുന്നു. 5.8 ദശലക്ഷം തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. 2022 ജനുവരിയിലെ കണക്കിൽ ഉല്പാദന മേഖലയിൽ 32 ദശലക്ഷം മാത്രമായിരുന്നു തൊഴിൽ. ആവർത്തിക്കുന്ന പരാജയങ്ങളുടെ മൂലകാരണം നിക്ഷേപത്തിന്റെ ഇടിവാണ്. പ്രതിസന്ധി അജ്ഞാതമല്ല. ധനമൂലധനത്തിന്റെ ചലനം സുഗമമാക്കുന്ന സംവിധാനത്തിനുള്ളിലാണ് ഇത് നിലകൊള്ളുന്നത്. യുക്തിഭദ്രമായ തീരുമാനങ്ങളിലൂടെയേ കരിമേഘങ്ങളെ അകറ്റാനാകൂ. ആഴങ്ങളിൽ നിന്ന് ഉയരുന്ന, അധികാര മാറ്റത്തിന്റെ സൂചനകൾ അവഗണിക്കാനാവില്ല. ഇന്ന് തെരുവിലിറങ്ങുന്നവർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാതെ പിരിഞ്ഞു പോകുകയുമില്ല.

You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.