22 December 2024, Sunday
KSFE Galaxy Chits Banner 2

കോമരക്കൂട്ടങ്ങളെത്തി; കാവ് തീണ്ടി പതിനായിരങ്ങൾ

Janayugom Webdesk
കൊടുങ്ങല്ലൂർ
April 3, 2022 9:55 pm

കോമരക്കൂട്ടങ്ങൾ ഒഴുകിയെത്തിയതോടെ ശ്രീകുരുംബക്കാവിന് രൗദ്രഭാവം വന്നു. രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അമ്മയെ കാണാൻ ആയിരങ്ങളാണെത്തിയത്. ഭക്തി നിറവിൽ ശ്രീകുരുംബകാവിൽ അശ്വതി കാവ് തീണ്ടി. കാലിൽ ചിലമ്പും, അരയിൽ അരമണിയും കയ്യിൽ പള്ളിവാളുമേന്തി ചെമ്പട്ടണിഞ്ഞ് കോമരങ്ങൾ കാവിലെത്തി. അമ്മേ ശരണം വിളികളോടെയെത്തിയ കോമരങ്ങൾ കോഴിക്കല്ല് മൂടിയതിന് മുകളിൽ ചെമ്പട്ട് വിരിച്ച് ശിരസിൽ നിന്ന് രക്തം ഒലിപ്പിച്ച് ഉറഞ്ഞ് തുള്ളിയാണ് മടങ്ങുന്നത്. തലയിൽ വെട്ടി ഒലിച്ചിറങ്ങുന്ന രക്തത്തിൽ മഞ്ഞപ്പൊടി വിതറി തന്നാരം പാടി നീങ്ങുന്നു. ശനിയാഴ്ച രേവതി വിളക്ക് തെളിയുന്നതിന് മുൻപ് തന്നെ വിവിധ ജില്ലകളിൽ നിന്നുള്ള കോമരക്കൂട്ടങ്ങൾ നിലപാട് തറകളിലെത്തിയിരുന്നു.

ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് തൃച്ചന്ദന ചാർത്ത് പൂജ ആരംഭിച്ചു. മഠത്തിൽ മഠം പരമേശ്വരൻ അടികൾ നീലത്ത് മഠം രവീന്ദ്ര നാഥ്‌ അടികൾ എന്നിവരുടെ നേതൃത്വത്തിൽ എഴരയാമം നീണ്ടുനിൽക്കുന്ന പൂജകൾ നടന്നു. കരിക്കിൻ വെള്ളവും മഞ്ഞളും സുഗന്ധ ദ്രവ്യങ്ങളും കൂട്ടിയുള്ളതാണ് പൂജ. കിഴക്കെ നിലപാട് തറയിൽ വലിയ തമ്പുരാൻ കെ കുഞ്ഞുണ്ണി രാജ ഉപവിഷ്ടനായി. കാവ് തീണ്ടാൻ പാലക്കാ വേലൻ ദേവി ദാസന് തമ്പുരാൻ അനുവാദം കൊടുത്തു. കോയ്മ പട്ടുകുട ഉയർത്തിയതോടെ കാവ് തീണ്ടൽ ആരംഭിച്ചു. വിവിധ ആൽത്തറകളിൽ നിന്നിരുന്നവർ കയ്യിൽ കരുതിയ മുളവടി ക്ഷേത്രത്തിന്റെ ചെമ്പോലയിൽ അടിച്ച് ക്ഷേത്രം വലം വച്ച് മഞ്ഞൾ പൊടിയും കുരുമുളകും മറ്റും ക്ഷേത്രത്തിലേക്കെറിഞ്ഞ് കാവ് തീണ്ടിയാണ് കോമരക്കൂട്ടങ്ങൾ മടങ്ങിയത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, ദേവസ്വം ബോർഡ് മെമ്പർ എം ജി നാരായണൻ, അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കർത്ത, മാനേജർ മിനി, റൂറൽ എസ് പി ഐശ്വര്യ ഡോം ഗ്രേ, കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ ശങ്കരൻ, സിഐ ബ്രിജകുമാർ, എസ്ഐ സൂരജ് എന്നിവരും സന്നിഹിതരായിരുന്നു.

Eng­lish Sum­ma­ry: Famous Kodun­gal­loor Kavu Theen­dal held

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.