സിപിഐ (എം) പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടന്ന സെമിനാറിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ കെപിസിസി. പാർട്ടിയുടെ അനുമതിയില്ലാതെ സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷ സോണിയാഗാന്ധിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കത്ത് നൽകി.
എഐസിസി അംഗവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസ് സിപിഐ(എം) സെമിനാറിൽ പങ്കെടുത്തത് തീർത്തും പാർട്ടി വിരുദ്ധ നിലപാടാണ്. സിപിഐ(എം) നേതാക്കളുമായി അദ്ദേഹം പലവിധ ചർച്ചകൾ നേരത്തെ നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനവും അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസിയുടെ റിപ്പോർട്ട് എഐസിസിക്ക് നേരത്തെ കൈമാറിയിരുന്നതായും കെ സുധാകരൻ കത്തിൽ ചൂണ്ടിക്കാട്ടി. സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നതടക്കമുള്ള നിരവധി ഭീഷണികൾ കെ സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനെയെല്ലാം തള്ളിയാണ് ഇന്ന് വൈകുന്നേരം കണ്ണുരില്‍ നടന്ന സെമിനാറിൽ കെ വി തോമസ് പങ്കെടുത്തത്.
കേന്ദ്ര സംസ്ഥാന ബന്ധം സംബന്ധിച്ച വിഷയത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. പാർട്ടികോൺഗ്രസിനോട് അനുബന്ധിച്ച് നടത്തുന്ന മറ്റു രണ്ട് സെമിനാറുകളിലേക്ക് ശശി തരൂർ എംപിയേയും രമേശ് ചെന്നിത്തലയേയും സിപിഐ(എം) ക്ഷണിച്ചിരുന്നു. എന്നാൽ കെപിസിസി വിലക്കിയതിനെ തുടർന്ന് ഇരുവരും പിന്മാറുകയായിരുന്നു. ദേശീയ വിഷയങ്ങൾ ചർച്ചയാകുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും കോൺഗ്രസ് നേതാക്കൾ മുൻപും ഇത്തരം സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നുമുള്ള വിശദീകരണമാണ് കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
English Summary: KPCC against KV Thomas for attending CPI (M) party congress
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.