കേരളത്തിലേക്ക് അതിഥി തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്നതിന് മാനദണ്ഡം ഏർപ്പെടുത്തുന്നു. കേരളത്തിലേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷന് വേണ്ടി ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനായ ‘ഗസ്റ്റ് ആപ്പി’ ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ടർമാർക്ക് നിബന്ധനകൾ കൊണ്ടുവരും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെ പരിശോധിക്കുന്നതിന് പൊലീസ് വെരിഫിക്കേഷൻ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് നിയമം — 1979 പ്രകാരം ഏജന്റുമാർ അല്ലെങ്കിൽ കോൺട്രാക്ടർമാർ മുഖേന അഞ്ചിൽ കൂടുതൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കോൺട്രാക്ടർമാരുടെ ലൈസൻസും സ്ഥാപന ഉടമയുടെ രജിസ്ട്രേഷനും എടുപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ തൊഴിൽ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗത്വ രജിസ്ട്രേഷൻ താരതമ്യേന കുറവാണ്. അപേക്ഷ പൂരിപ്പിച്ച് നൽകുന്നതിനും ഫോട്ടോ നൽകുന്നതിനും അതിഥി തൊഴിലാളികൾ വിമുഖത കാട്ടുന്നതാണ് അംഗത്വം വർധിക്കാതിരിക്കാൻ കാരണം. ഈ സാഹചര്യം കണക്കിലെടുത്ത് അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനായാണ് ‘ഗസ്റ്റ് ആപ്പ്’ എന്നപേരിൽ മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്.
ബോർഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർക്കും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും തൊഴിലിടങ്ങളിൽ നേരിട്ട് ചെന്ന് മൊബൈൽഫോൺ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുമ്പോൾ ഐഡി കാർഡ് തൊഴിലാളികളുടെ വാട്സ്ആപ്പ് നമ്പറിൽ ലഭിക്കുന്ന സംവിധാനവും ആപ്പിൽ ലഭ്യമാണ്. പദ്ധതിയിൽ അംഗമായിക്കഴിഞ്ഞവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ടെർമിനൽ ബെനഫിറ്റ്‌സ്, മരണാനന്തര ആനുകൂല്യം, ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ധനസഹായം, പ്രസവ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.
പദ്ധതിയിൽ അംഗത്വമെടുത്തവർക്കുള്ള കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ചെയർമാൻ വി ശശികുമാർ അധ്യക്ഷനായി.
English Summary;Criteria will be introduced for bringing guest workers to Kerala for employment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.