രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ വാക്പോര് രൂക്ഷമായതിന് പിന്നാലെ ഇന്ത്യയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി യുഎസ്. 2+2 യോഗത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ആദ്യം പറഞ്ഞത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും യുഎസിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ചതുമില്ല. ഇതിന് പിന്നാലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് നിരീക്ഷണം നടത്തുന്ന യുഎസ് കമ്മിഷന്‍ (യുഎസ്‌സിഐആര്‍എഫ്) ഇന്ത്യക്കെതിരായ കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിങ്ങള്‍ ഗുരുതരമായ വിവേചനങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും ഇരകളാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ മാസം 25നാണ് അന്തിമ റിപ്പോര്‍ട്ട് യുഎസ് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളും ആക്രമണങ്ങളും കണക്കിലെടുത്ത് ഇന്ത്യയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് യുഎസ് മത സ്വാതന്ത്ര്യ കമ്മിഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യം (സിപിസി) ആയാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇന്ത്യയെ പരിഗണിച്ചിരുന്നത്. എന്നാല്‍ യുഎസ് ഭരണകൂടത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യ റെഡ് ലിസ്റ്റിന് താഴെ തന്നെ തുടരുകയായിരുന്നു. ഇത്തവണ ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ- മതസംഘടനകള്‍ യുഎസ്‌സിഐആര്‍എഫിന് കത്തെഴുതിയിരുന്നു. യുഎസ്‌സിഐആര്‍എഫിലെ കമ്മിഷണര്‍മാരെ സ്വാധീനിക്കാനും പ്രധാനമന്ത്രിയുടെ പേരുപോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതിരിക്കാനുള്ള ലോബിയിങ്ങുകള്‍ നടക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
റഷ്യ‑ഉക്രെയ്ന്‍ വിഷയത്തില്‍ റഷ്യയ്ക്കെതിരെ ഇന്ത്യ നിലപാടെടുക്കാത്തതും അപലപിച്ചതുമാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. റഷ്യയ്ക്കെതിരായ ഉപരോധ നടപടികളില്‍ കൂടിയാലോചന നടത്തുന്നതിനായി ഇന്ത്യന്‍ വംശജനായ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ്ങിനെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരിക്കുന്നത്. രാജ്യത്ത് പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന് നേരത്തെയും വിദേശ സര്‍ക്കാരുകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും വിമര്‍ശനമുണ്ടായെങ്കിലും ഇന്ത്യ നിഷേധിച്ചിരുന്നു.
അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ‑യുഎസ് 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് ആരോപണമുന്നയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്.
മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയം അമേരിക്കന്‍ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താല്പര്യമാണെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രത്യേകിച്ചും അവ നമ്മുടെ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കില്‍ നമ്മള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ- ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസിന് ബോധ്യപ്പെട്ടതില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:Freedom of religion; US commission calls for India’s red list ’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.