21 September 2024, Saturday
KSFE Galaxy Chits Banner 2

പണി തീരാത്ത തുരങ്കത്തിന്റെ പേരിലും പന്നിയങ്കരയില്‍ കൊള്ള; ടോള്‍ ദ്രോഹത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശ

Janayugom Webdesk
തൃശൂർ
April 19, 2022 10:27 pm

തൃശൂർ‑പാലക്കാട് ദേശീയപാതയിലെ പന്നിയങ്കരയില്‍ ടോളിന്റെ പേരിൽ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് കൊള്ളയടി. ടോൾ ബൂത്തിൽ പിരിച്ചെടുക്കുന്നത് നിർമ്മാണം ഇതുവരെ പൂർത്തിയാകാത്ത കുതിരാൻ തുരങ്കത്തിനുള്ള ടോൾകൂടിയാണ്. ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാറുകൾ ഒരുവശത്തേക്ക് കടന്നുപോകുന്നതിന് 100 രൂപയാണ് ഈടാക്കുന്നത്. തുരങ്കത്തിലൂടെ കടക്കുന്നതിനുള്ള 65 രൂപയും റോഡിന് 35 രൂപയുമെന്നതാണ് കണക്ക്.

മടക്കയാത്രക്ക് തുരങ്കത്തിന് നൂറു രൂപയും റോഡിന് അമ്പതു രൂപയും കണക്കാക്കി 150 രൂപയും ഈടാക്കുന്നു. മിനി ബസിന് തുരങ്കത്തിലൂടെ കടന്നുപോകാൻ 100 രൂപയും ബസിനും ട്രക്കിനും 200 രൂപയും ഭാരവാഹനങ്ങൾക്ക് 295 രൂപയുമാണ് ഒറ്റത്തവണത്തെ ടോൾ നിരക്ക്. 24 മണിക്കൂറിനകമുള്ള മടക്കയാത്രക്ക് 150, 300, 450 എന്നിങ്ങനെയാണ് നിരക്ക്. റോഡിനുള്ള ടോൾ നിരക്ക് മിനി ബസുകൾക്ക് 55, ബസ്, ട്രക്ക് എന്നിവക്ക് 115 രൂപയും ഭാരവാഹനങ്ങൾക്ക് 185 രൂപയുമാണ്.

മടക്കയാത്രയുണ്ടെങ്കിൽ യഥാക്രമം 85, 175, 275 എന്നിങ്ങനെയാണ് നിരക്ക്. പണി പൂർത്തീകരിച്ച തുരങ്കത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള തുകയാണ്, നിർമ്മാണം തുടരുന്ന തുരങ്കത്തിനും ഈടാക്കുന്നത്. ദേശീയപാത അതോറിറ്റി ജനങ്ങളെ കൊള്ളയടിക്കുന്നതിന് ടോൾ കമ്പനിക്ക് ഒത്താശ ചെയ്തു നൽകുകയാണ്. പാലിയേക്കര ടോൾ പ്ലാസയിലും കേന്ദ്രസർക്കാർ ഇതേ നിലപാടാണ് സ്വീകരിച്ചത്. വെയ്റ്റിങ് ഷെഡ്, ബസ് ബേ, സർവീസ് റോഡുകൾ തുടങ്ങി കരാറിൽ പറഞ്ഞിരുന്ന പല സൗകര്യങ്ങളും നടപ്പിലാക്കാതെയാണ് ടോൾ പിരിവ് ആരംഭിച്ചതും തുടരുന്നതും.

കോൺക്രീറ്റ് ലൈനിങ് തുരങ്കത്തിനു മുകളിലെ സ്ലാബുകളിലെ നിർമ്മാണം, ഇടമുറിച്ചു കടക്കാനുള്ള സംവിധാനം തുടങ്ങിയ ജോലികൾ ഇപ്പോഴും അവശേഷിക്കുകയാണ്. തുരങ്ക നിർമ്മാണത്തിന് 230. 77 കോടി രൂപയാണു ചെലവ്. എന്നാൽ ആറുവരിപ്പാതക്ക് 1553.61 കോടി ചെലവായി. സർക്കാർ ഗ്രാന്റായി 243.90 കോടി രൂപ നൽകിയിട്ടുണ്ട്.

2032 സെപ്റ്റംബർ 14 വരെ ടോൾ പിരിക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളതെന്ന് വിവരാവകാശ പ്രവർത്തകൻ അഡ്വ. ഷാജി ജെ കോടങ്കണ്ടത്തിന് ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. പന്നിയങ്കരയിലെ അമിത ടോളിൽ പ്രതിഷേധിച്ച് സ്വകാര്യബസുകളും ടിപ്പർലോറികളും ടോൾ ബൂത്തിന് മുന്നിൽ സമരത്തിലാണ്. പത്തു ദിവസമായി ഈ റൂട്ടിലെ ബസുകൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതുമൂലം നിരവധി സാധാരണക്കാരും വിദ്യാർത്ഥികളുമാണ് ദുരിതത്തിലായിരിക്കുന്നത്.

Eng­lish summary;Loot at Pan­niyankara in the name of unfin­ished tunnel

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.