22 September 2024, Sunday
KSFE Galaxy Chits Banner 2

മയക്കുമരുന്ന് ഉപയോഗം തടയാന്‍ സമിതികള്‍ സജീവമാക്കുന്നു; ജാഗ്രതയുടെ കണ്ണുകളുമായി എക്സൈസ് വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
April 26, 2022 8:51 am

സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് തീവ്രശ്രമങ്ങളുമായി സർക്കാർ. സ്കൂളുകളിലും കോളജുകളിലും കോളജ് ഹോസ്റ്റലുകളിലും വിവിധ കൂട്ടായ്മകൾ രൂപീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളോടൊപ്പം, തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് തലത്തിൽ രൂപീകരിച്ച വിമുക്തി ജാഗ്രതാ സമിതികളും സജീവമാക്കി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള ഊർജ്ജിത ശ്രമങ്ങളാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നത്. വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം ഇല്ലാതാക്കി വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാനുള്ള ഉണർവ് പദ്ധതി, കോളജ് തലത്തിലുള്ള വിദ്യാർത്ഥികളിലെ ലഹരി ഉപയോഗ സാധ്യതകൾ ഇല്ലാതാക്കാനുള്ള നേർക്കൂട്ടം കമ്മിറ്റി, കോളജ് ഹോസ്റ്റലുകളിൽ രൂപീകരിച്ച ശ്രദ്ധ കമ്മിറ്റി എന്നിവയാണ് പുതുതലമുറയെ മാരക ലഹരി മരുന്നുകൾ വിഴുങ്ങുന്നത് തടയുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച് പ്രവർത്തിക്കുന്നത്. ഇതോടൊപ്പമാണ് ജനപങ്കാളിത്തത്തോടെ വാർഡ് തല വിമുക്തി ജാഗ്രതാ സമിതികളും സജീവമാക്കുന്നത്. സ്കൂളുകളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധ അനഭിലഷണീയമായ മറ്റ് മേഖലകളിലേക്ക് പോകാതെ ശ്രദ്ധിക്കുന്നതിനാണ് ഉണർവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അവരുടെ കായിക‑കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയിലൂടെയുള്ള ശ്രമം.

കായിക പരിശീലനത്തിനുള്ള ആധുനിക സംവിധാനങ്ങളോടുകൂടി കളിക്കളങ്ങളും മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും സ്പോർട്സ് ഉപകരണങ്ങളും മറ്റ് അനുബന്ധ പരിശീലന സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും. കോളജ് കാമ്പസുകളിൽ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിലാണ് നേർക്കൂട്ടം കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. അധ്യാപകരെ കൂടാതെ രക്ഷാകർത്താക്കളും വിദ്യാർത്ഥികളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടുള്ളതാണ് കോളജ് ഹോസ്റ്റലുകളിൽ രൂപീകരിച്ചിട്ടുള്ള ശ്രദ്ധ കമ്മിറ്റികൾ. ഈ കമ്മിറ്റികൾ വിദ്യാർത്ഥികളെ നിരീക്ഷിക്കുകയും ലഹരി ഉപയോഗം ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വിമുക്തി മിഷൻ സെന്ററുകളിൽ ചികിത്സയോ, കൗൺസിലിങ്ങോ ലഭ്യമാക്കുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് തലം മുതൽ സാമൂഹിക‑സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി, ആശാപ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി വിമുക്തി ജാഗ്രതാ സമിതികൾ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. 19,498 വാർഡുകളിൽ ഇതിനകം സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള വാർഡുകളിലും ജാഗ്രതയുടെ കണ്ണുകളുമായി സമിതികൾ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. കൂടാതെ, റസിഡന്റ്സ് അസോസിയേഷനുകൾ, എൻഎസ്എസ്, കുടുംബശ്രീ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ലഹരിവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry; Acti­vates com­mit­tees to curb drug use; Excise Depart­ment with vig­i­lant eyes

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.