മസ്തിഷ്കാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു വശം തളർന്നു കിടപ്പിലായിരുന്ന തമിഴ്‌നാട് കുംഭകോണം സ്വദേശി മുഹമ്മദ് സുൽത്താൻ ജഹീർ ഹുസൈൻ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ ഇടപെടൽ വഴി തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി. സൗദി അറേബ്യയിലെ ദമ്മാമിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു ജഹീർ ഹുസൈൻ. രണ്ടാഴ്ച മുൻപ് അദ്ദേഹത്തിന് ജോലിസ്ഥലത്ത് പെട്ടെന്ന് ദേഹസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. മസ്തിഷ്കാഘാതം മൂലം ശരീരത്തിന്റെ ഒരു വശം തളർന്നു പോയിരുന്നു. ഉടനെത്തന്നെ സ്പോൺസർ അദ്ദേഹത്തെ സെൻട്രൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ആരോഗ്യസ്ഥിതി മെച്ചമാകാത്തതിനാൽ പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കിങ് ഫഹദ് ഹോസ്പിറ്റലിൽ കൊണ്ട് പോയി. പക്ഷെ അവിടെയും ഒരു മാറ്റവും ഉണ്ടായില്ല.
പിന്നീട് സ്പോണ്സറുടെയും കൂട്ടുകാരുടെയും വീട്ടുകാരുടെയും അഭിപ്രായം മാനിച്ചു കൊണ്ട് നാട്ടിൽ പോയി തുടർ ചികിത്സ നടത്താം എന്ന തീരുമാനത്തിൽ എത്തി. എന്നാൽ ആരോഗ്യസ്ഥിതി മൂലം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിന് പല തടസ്സങ്ങളും ഉണ്ടായി. ദമ്മാമിലെ മലയാളി മാധ്യമപ്രവർത്തകൻ ഹബീബ് ഏലംകുളമാണ് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടനെ അറിയിച്ചത്. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു. അവർ ഡോക്ടറുമായും ആശുപത്രി അധികൃതരുമായും പലതവണ നടത്തിയ ചർച്ചയെത്തുടർന്ന്, ഒരു വീൽചെയറിൽ ജഹീർ ഹുസൈനെ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സമ്മതപത്രം നൽകാം എന്ന് അവർ അറിയിച്ചു.
വീൽചെയറിൽ പോകുന്ന രോഗിയുടെ കൂടെ പോകാൻ ഒരാൾ നിയമപ്രകാരം ആവശ്യമായിരുന്നു. നവയുഗം തന്നെ മുൻപ് ലേബർ കോർട്ട് വഴി ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി നൽകിയ മറ്റൊരു തമിഴ്‌നാട് സ്വദേശിയെ കൂടെപ്പോകാൻ തയ്യാറാക്കി. ഇവർക്ക് രണ്ടുപേർക്കും വേണ്ട വിമാനടിക്കറ്റ് ജഹീറിന്റെ സ്പോൺസർ തന്നെ എടുത്തു തന്നു. അങ്ങനെ അനിശ്ചിതങ്ങൾക്കൊടുവിൽ, എല്ലാവർക്കും നന്ദി പറഞ്ഞു ജഹീർ ഹുസൈൻ ദമ്മാം വിമാനത്താവളത്തിൽ നിന്നും നാട്ടിലേയ്ക്ക് പറന്നു.
English Summary: Patient Zaheer Hussain returned home for treatment with the help of Navayugom
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.