22 September 2024, Sunday
KSFE Galaxy Chits Banner 2

മനുഷ്യാവകാശ ലംഘനം: ഇന്ത്യയെ ‘ചുവപ്പുപട്ടിക’യിൽ പെടുത്തണമെന്ന് യുഎസ്

Janayugom Webdesk
ന്യൂഡൽഹി
April 26, 2022 10:54 pm

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇന്ത്യയെ “ചുവപ്പുപട്ടിക“യിൽ ഉൾപ്പെടുത്തണമെന്ന് യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അമേരിക്കൻ ഭരണകൂടത്തോട് ശുപാർശചെയ്തു. തുടർച്ചയായ മൂന്നാം വർഷമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം ലംഘിച്ചതിന് ഇന്ത്യയെ “പ്രത്യേകം കരുതിയിരിക്കേണ്ട രാജ്യം” ആയി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്യുന്നത്.

അഫ്ഗാനിസ്ഥാൻ, മ്യാന്‍മര്‍, ചൈന, എറിത്രിയ, ഇറാൻ, നൈജീരിയ, ഉത്തരകൊറിയ, പാകിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, സിറിയ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെടുന്നതാണ് തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയെ ചുവപ്പു പട്ടികയിൽ ഉൾപ്പെടുത്താനുള്ള യുഎസ്‍സിഐആർഎഫിന്റെ ശുപാർശകൾ പാലിക്കാൻ ട്രംപ്, ബൈഡൻ ഭരണകൂടങ്ങൾ തയാറായില്ല.

എട്ടു വർഷത്തിനിടയിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വല്ലാതെ വഷളായിരിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. മുസ്‍ലിങ്ങളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ദളിതരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഹിന്ദു-ദേശീയ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ വർധനയും നടപ്പാക്കലും ഇന്ത്യൻ ഭരണകൂടം വർധിപ്പിച്ചു. 2021 ൽ, വിമർശക ശബ്ദങ്ങളെ, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളെയും അവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവരെയും വാദിക്കുന്നവരെയും ഭരണകൂടം അടിച്ചമർത്തുകയാണ്.

‘സർക്കാരിനെതിരെ സംസാരിക്കുന്ന ആരെയും നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിൽ ഭീഷണിയുടെയും ഭയപ്പെടുത്തലിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് യുഎപിഎയും രാജ്യദ്രോഹ നിയമവും പ്രയോഗിക്കുന്നതെന്ന് അന്തരിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ കേസ് സൂചിപ്പിച്ചുകൊണ്ട് റിപ്പോർട്ടിൽ പറഞ്ഞു. 2021 അവസാനത്തോടെ, മിഷനറീസ് ഓഫ് ചാരിറ്റി, ഓക്സ്ഫാം ഇന്ത്യ തുടങ്ങിയ മനുഷ്യാവകാശസംഘടനകൾ ഉൾപ്പെടെ ഏകദേശം 6,000 ഓർഗനൈസേഷനുകളുടെ ലൈസൻസുകൾ പുതുക്കിയിട്ടില്ല. യുഎസ്-ഇന്ത്യ ഉഭയകക്ഷി ചർച്ചകളിൽ മതസ്വാതന്ത്ര്യ പ്രശ്നങ്ങൾ ഉന്നയിക്കാനും ഹിയറിങ്, ബ്രീഫിങുകൾ, കത്തുകൾ എന്നിവയിലൂടെ ആശങ്കകൾ ഉയർത്തിക്കാട്ടാനും യുഎസ്‍സിഐആർഎഫ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് അഭ്യർത്ഥിച്ചു.

ഇന്ത്യയിൽ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ–യുഎസ് മന്ത്രിതല ചർച്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഏപ്രിൽ 12 ന് പറഞ്ഞിരുന്നു. ഇന്ത്യയിൽ സമീപകാലങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങളും പൊലീസ്, ജയിൽ, സർക്കാർ തലപ്പത്തുള്ളവർ തുടങ്ങിയവർ നടത്തിയ മനുഷ്യവകാശ ലംഘനങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് ബ്ലിങ്കന്‍ പരാമർശിച്ചത് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങിന്റെയും എസ് ജയ്ശങ്കറിന്റെയും സാന്നിധ്യത്തിലായിരുന്നു.

മോഡി സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് പ്രതികരിക്കാൻ യുഎസ് സർക്കാരിന് വിമുഖതയാണെന്ന ‍ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഇൽഹാൻ ഒമറിന്റെ വിമർശനത്തിന് പിന്നാലെയായിരുന്നു ആന്റണി ബ്ലിങ്കന്റെ പ്രതികരണം. മോഡിയ്ക്ക് പിന്നിലുള്ള ഹിന്ദുത്വ സംഘം മുസ്‍ലിംവിഭാ​ഗത്തെ വേട്ടയാടുകയാണെന്നും രാജ്യത്ത് വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണെന്നുമുള്ള വികാരം അമേരിക്കൻ ഡെമോക്രാറ്റിക് നേതാക്കളിൽ ശക്തമാണ്.

Eng­lish Sum­ma­ry: Human rights vio­la­tions: US wants India on ‘red list’

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.