28 September 2024, Saturday
KSFE Galaxy Chits Banner 2

ഭീഷണി ഉയര്‍ത്തി നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാട്ടര്‍ ടാങ്കുകള്‍

പി ജി രവികുമാര്‍
April 29, 2022 7:51 pm

ജപ്പാൻ കുടിവെള്ള പദ്ധതി വന്നതോടെ വാട്ടർ അതോററ്റിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വാട്ടർ ടാങ്കുകൾ ജനജീവിതത്തിന് ഭീഷണിയാകുന്നു. പലയിടങ്ങളിലും ടാങ്കുകളുടെ കാലുകൾ കാലപ്പഴക്കത്താൽ ദ്രവിച്ച നിലയിലാണ്. പള്ളിപ്പുറം, ഒറ്റപ്പുന്ന, തൈക്കൽ, വാരനാട്, ചേർത്തല എന്നിവിടങ്ങളിലെ ടാങ്കുകളാണ് നിലവിൽ അപകട നിലയിലുള്ളത്. നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉള്ളസ്ഥലത്താണ് ടാങ്കുകൾ നിൽക്കുന്നത്. താലൂക്കിൽ ജപ്പാൻ കുടിവെള്ള പദ്ധതി നിലവിൽ വന്നതോടെയാണ് ഇതിന്റെ പ്രവർത്തനമില്ലാതായത്.

നിലവിൽ വാട്ടർ അതോറിറ്റി ഉപേക്ഷിച്ച മട്ടാണിവ. ഇതിന്റെ തുണുകൾ എല്ലാം ദ്രവിച്ച നിലയിലാണ്. ചേർത്തല കാളികുളത്ത് എൽഐസി ഓഫീസിന് സമീപവും സമാന രീതിയിലുള്ള ഒരു പഴയ കുടിവെള്ള വിതരണ ടാങ്ക് അപകട ഭീഷണി മുഴക്കി നിൽക്കുന്നുണ്ട്. റോഡുകൾക്ക് സമാന്തരമായാരുന്നു ടാങ്കുകൾ നിർമ്മിച്ചിരുന്നത്. പ്രവർത്തന രഹിതമായതോടെ ചുറ്റും കാടുപിടിച്ച നിലയിലാണ്. ഓരോ ടാങ്കുകൾക്കും പമ്പ് ഓപ്പറേറ്റർ എന്ന തസ്തികയും ഇതോടെ ഇല്ലാതായി. സ്ഥിരമായും കരാർ അടിസ്ഥാനത്തിലുമായിരുന്നു ഓപ്പറേറ്റർ തസ്തിക ഉണ്ടായിരുന്നത്. കാലവർഷത്തിൽ ടാങ്കിൽ വെള്ളം നിറഞ്ഞ് അപകടമുണ്ടാകുമെന്ന പരിഭ്രാന്തിയിലാണ് നാട്ടുകാർ. 2014 ലാണ് ജപ്പാൻ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യുന്നത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരസഭയിലും കൂടാതെ, ചേർത്തല തെക്ക്, പള്ളിപ്പുറം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, പെരുമ്പളം, അരൂർ, എഴുപുന്ന, കുത്തിയതോട്, തുറവൂർ, തെക്ക് പട്ടണക്കാട്, വയലാർ, കടകരപ്പള്ളി, കോടംതുരുത്ത്, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാരുന്നു ജപ്പാൻ കുടിവെള്ള പദ്ധതി. പഴയ ടാങ്കുകൾ ഉപയോഗിക്കാതെ വലിയ രീതിയിൽ വെള്ളം ശേഖരിക്കാനുതകുന്ന രീതിയിലായിരുന്നു പുതിയ ടാങ്കുകൾ നിർമ്മിച്ചത്.

ഇതിനായി ഭുമിക്കടിയിലൂടെ പുതിയ പൈപ്പുകളും വന്നതോടെ പഴയത് ഉപയോഗ ശൂന്യമായി ഇപ്പോഴും അവശേഷിയ്ക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ നിന്നുള്ള വെള്ളമാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. പിറവത്തിനടുത്ത് കളമ്പൂർ കടവാണ് ഈ പദ്ധതിയുടെ മുഖ്യ സ്രോതസ്സ്. ഇവിടെ നിന്ന് തൈക്കാട്ടുശ്ശേരിയിലെ ജല ശുദ്ധീകരണ ശാലയിലെത്തിക്കുന്ന ജലം അവിടെ നിന്ന് ഉന്നതതല ജലസംഭരണികളിലേക്കും അവിടെ നിന്ന് വിതരണ കുഴലുകൾ വഴി ഉപഭോക്താക്കളിലേക്കും എത്തിക്കുന്നു. 708 മീറ്റർ നീളത്തിൽ വേമ്പനാട്ട് കായലിനു കുറുകെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്ഥാപിച്ച 900 മില്ലി മീറ്റർ വീതം വ്യാസമുള്ള സമാന്തര ജലവാഹിനി കുഴലുകളാണ് ഈ പദ്ധതിയിൽ ഉപയോഗിയ്ക്കുന്നത്. ഇതോടെയാണ് പഴയ ടാങ്കുകൾ നോക്കുകുത്തികളായി മാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.