23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

വേനൽമഴ കനിഞ്ഞു; കേരളത്തിന് ലഭിച്ചത് 77 ശതമാനം അധികമഴ

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
May 1, 2022 7:57 pm

മൺസൂൺ വിരുന്നെത്തുവാൻ ഒരുമാസം കൂടി ശേഷിക്കെ വേനൽമഴ കേരളത്തിന് അനുഗ്രഹമായി. സാധാരണ അളവിനെ അപേക്ഷിച്ച് 77 ശതമാനം അധിക വേനൽമഴയാണ് കേരളത്തിൽ ഇത്തവണ പെയ്തിറങ്ങിയത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് വേനൽമഴ എത്താറുള്ളത്. ഇക്കുറി രണ്ട് മാസം പിന്നിടുമ്പോഴാണ് അധികമഴ ലഭിച്ചത്. പതിവ് രീതിയിൽ ഏപ്രിൽവരെ 133.8 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കിട്ടിയത് 243.3 മില്ലിമീറ്റർ മഴ. 77 ശതമാനം അധികം. പോയവർഷം ഈ സമയത്ത് 181.2 മില്ലിമീറ്റർ മഴ കിട്ടിയിരുന്നു. 

കഴിഞ്ഞ വർഷം ഏറ്റവും അധികം വേനൽമഴ കിട്ടിയ പത്തനംതിട്ട ജില്ല തന്നെയാണ് ഈ വർഷവും മുന്നിൽ. ശരാശരി 243.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 539.3 ലഭിച്ചു. 121 ശതമാനം അധികമഴ പത്തനംതിട്ടയ്ക്ക് ലഭിച്ചു. വേനൽമഴയുടെ കാര്യത്തിൽ പത്തനംതിട്ടയ്ക്ക് പിന്നിൽ കോട്ടയമാണ്. 396 മില്ലി മീറ്റർ മഴ കോട്ടയത്തിന് കിട്ടിയപ്പോൾ എറണാകുളത്തും (362.1 മി. മി. ) അധികമഴ പെയ്തു. മഴകണക്കിൽ 300 മില്ലിമീറ്റർ കടന്ന മറ്റൊരു ജില്ല കൊല്ലമാണ്. 314.4 ആണ് കൊല്ലത്തിന് കിട്ടിയത്. വേനൽമഴയുടെ കണക്കിൽ ഏറ്റവും പിന്നിലുള്ളത് യഥാക്രമം കണ്ണൂർ, തൃശൂർ, പാലക്കാട് ജില്ലകളാണ്. കണ്ണൂരിൽ മഴയുടെ അളവ് 110 മില്ലീമീറ്ററിൽ ഒതുങ്ങിയപ്പോൾ തൃശൂരിന് 129.9 ഉം പാലക്കാട് 133 ഉം മില്ലി മീറ്റർ വീതം മഴ കിട്ടി. ഇടുക്കി (307.2), ആലപ്പുഴ (288.1), വയനാട് (226.1), തിരുവനന്തപുരം (192.7), കാസർകോട് (181.9), കോഴിക്കോട് (174.8), മലപ്പുറം (148.5) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ലഭിച്ച വേനൽമഴയുടെ കണക്ക്. 

പ്രാദേശികമായി ഏറ്റവും അധികം മഴ രേഖപ്പെടുത്തിയതും പത്തനംതിട്ടയിൽ തന്നെ. ജില്ലയിലെ കുരുടാമണ്ണിൽ പെയ്ത വേനൽമഴയുടെ അളവ് 650 മില്ലി മീറ്ററാണ്. പത്തനംതിട്ടയിൽ തന്നെയുള്ള വാഴക്കുന്നത്ത് 601 മി. മി മഴയും ഇതുവരെ കിട്ടി. ഏപ്രിൽമാസത്തിൽ മാത്രം 195.8 മി. മി മഴ പെയ്തു. കഴിഞ്ഞ 122 വർഷത്തെ വേനൽ മഴ കണക്കിൽ ഏറ്റവും അധികം മഴ ലഭിച്ച ആറാമത്തെ ഏപ്രിൽ മാസമാണ് കടന്നുപോയത്. ഇതിൽ നാല് തവണയും 2000ത്തിന് ശേഷമുള്ള ഏപ്രിൽ മാസങ്ങളിലാണ്. 

അതേ സമയം ഈ സീസണിലെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത് മാർച്ച് മാസത്തിലാണ്. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പട്ടിക പ്രകാരം മാർച്ച് 14ന് പത്തനംതിട്ട പുനലൂരിൽ രേഖപ്പെടുത്തിയ 39.2 ഡിഗ്രി സെൽഷ്യസ് ആണ് സംസ്ഥാനത്ത് വേനൽക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ഏപ്രിൽമാസത്തിലെ ഏറ്റവും ഉയർന്ന താപനില പാലക്കാടാണ് രേഖപെടുത്തിയത്. 38.5 ഡിഗ്രി സെൽഷ്യസ്. 

Eng­lish Summary:Summer rains fell; Ker­ala received 77 per cent extra rainfall
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.