22 November 2024, Friday
KSFE Galaxy Chits Banner 2

ഭക്ഷ്യസുരക്ഷാ നടപടികള്‍ കര്‍ശനം

Janayugom Webdesk
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്
May 7, 2022 11:04 pm

സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പരിശോധനകള്‍ തുടരുന്നു. ഇക്കഴിഞ്ഞ രണ്ടാം തീയതി മുതല്‍ ഇന്നലെ വരെ 1132 പരിശോധനകളാണ് നടത്തിയിരിക്കുന്നത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടിയെടുത്തു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.

162 സാമ്പിളുകളാണ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി 349 പരിശോധനകളാണ് ഇന്നലെ നടന്നത്. ‘ഓപ്പറേഷന്‍ മത്സ്യ’യുടെ ഭാഗമായി ഇതുവരെ നടത്തിയ 6,035 പരിശോധനകളില്‍ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 4,010 പരിശോധനകളിലായി 2,014 സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കും അയച്ചിരിക്കുകയാണ്.

‘ഓപ്പറേഷന്‍ ജാഗരി‘യുടെ ഭാഗമായി ശര്‍ക്കരയില്‍ മായം ചേര്‍ത്തത് കണ്ടെത്തുന്നതിന് 458 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ആറിടത്ത് നോട്ടീസ് നല്‍കി. തിരുവനന്തപുരം ജില്ലയില്‍ സ്റ്റാര്‍ ഹോട്ടലുകള്‍, ആശുപത്രി കാന്റീനുകള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ പരിശോധന തുടരുകയാണ്. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നഗരത്തിലെ ഇരുപതോളം ഹോട്ടലുകളില്‍ ഇന്നലെ പരിശോധന നടത്തി. മൂന്നിടത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ ഇന്നലെ വൃത്തിഹീനമായി പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകളുള്‍പ്പെടെ പത്ത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഇതില്‍ ഏഴ് സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാത്തതാണ്.

ഉപയോഗയോഗ്യമല്ലാത്ത 30 കിലോ കോഴിയിറച്ചി നശിപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍ വ്യാപകമായ പരിശോധനകള്‍ തുടരുകയാണ്. തൃശൂരിലെ കുന്നംകുളത്ത് നിരവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ചാലക്കുടി നഗരസഭാ പരിധിയിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. മുള്ളൂര്‍ക്കര വെട്ടിക്കാട്ടിരിയിലെ സ്വകാര്യ പറമ്പില്‍ നടത്തിയിരുന്ന മത്സ്യവില്പന കേന്ദ്രത്തില്‍ ആരോഗ്യ, ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു.

75 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ആലപ്പുഴ നഗരത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ജ്യൂസ് വില്പന ഷോപ്പ് അടച്ചുപൂട്ടിച്ചു. അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കി. മാവേലിക്കരയിലെ കടകളില്‍ നിന്ന് പഴകിയ മുന്തിരിയും പാലും പിടിച്ചെടുത്തു. കലവൂരിലെ കടകളില്‍ നിന്നും പഴകിയ പാല്‍ കണ്ടെത്തി നശിപ്പിച്ചു. ജില്ലയില്‍ ഇന്നലെ 38 പരിശോധനകളാണ് നടന്നത്. ഇടുക്കിയില്‍ ലൈസന്‍സില്ലാത്ത എട്ട് സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഒരു സ്ഥാപനവും പൂട്ടിച്ചു.

തൊടുപുഴയില്‍ അഞ്ച് ഭക്ഷണശാലകള്‍ അടച്ചു. നാലിടത്ത് നോട്ടീസ് നല്‍കി. ചെറുതോണിയില്‍ ഒരു ഹോട്ടലും ദേവികുളത്ത് മൂന്നെണ്ണവും അടപ്പിച്ചു. ഷവര്‍മയില്‍ നിന്ന് വിഷബാധയേറ്റ് പതിനാറുകാരി മരിച്ച കാസര്‍കോട് ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കാസര്‍ക്കോട് മത്സ്യച്ചന്തയില്‍ ആരംഭിച്ച പരിശോധനകളില്‍ 200 കിലോ പഴകിയ മത്സ്യം പിടികൂടി. കന്യാകുമാരി ജില്ലയില്‍ നിന്നെത്തിച്ചവയാണിതെന്ന് അന്വേഷണ സംഘം പറഞ്ഞു. വിദ്യാനഗറിലെ ഒരു പച്ചക്കറിക്കടയും ലൈസന്‍സില്ലാത്തതിന്റെ പേരില്‍ കോഴിക്കടയും അടപ്പിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, കോങ്ങാട്, ഷൊര്‍ണൂര്‍ മേഖലകളിലെ 24 സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. ആലത്തൂരിലെയും കൊപ്പത്തെയും ഓരോ ഹോട്ടലുകള്‍ അടപ്പിച്ചു. 12 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. മലപ്പുറത്ത് താനൂരില്‍ പരിശോധന നടന്നു. ഹോട്ടലുകളില്‍ നിന്ന് ഇറച്ചിയടക്കം പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ശുചിത്വമില്ലാത്ത ഹോട്ടലുകള്‍‍ക്കും തട്ടുകടകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ എല്ലാ പഞ്ചായത്തുകളിലും ഇന്നലെയും പരിശോധനകള്‍ നടന്നു. ലൈസന്‍സില്ലാത്ത നാല് ഹോട്ടലുകള്‍ അടപ്പിച്ചു.

ഷവര്‍മയില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം

തിരുവനന്തപുരം: കാസര്‍കോട് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തി.

ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് പുറത്തുവന്നത്. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

Eng­lish sum­ma­ry; Strict food safe­ty measures

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.