23 November 2024, Saturday
KSFE Galaxy Chits Banner 2

ഭക്ഷ്യോല്പന്നങ്ങള്‍ക്ക് തീവില

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2022 10:11 pm

പണപ്പെരുപ്പത്തിന്റെ മാരകമായ പ്രഹരത്തില്‍ രാജ്യത്ത് ഭക്ഷ്യോല്പന്ന വിലയ്ക്ക് തീപിടിക്കുന്നു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി ഗോതമ്പ് ധാന്യങ്ങള്‍ എന്നിവയ്ക്ക് 30 ശതമാനം വരെയാണ് വില ഉയര്‍ന്നത്. മോഡി സര്‍ക്കാരിന്റെ തലതിരിഞ്ഞനയമാണ് ഗുരുതരമായ വിലക്കയറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പൂഴ്‌ത്തിവയ്പ് തടയാനും, പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താനും നടപടിയില്ലെങ്കില്‍ കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അരിയുടെയും ഗോതമ്പിന്റെയും വില 24 ശതമാനം വർധിച്ചപ്പോൾ ആട്ട വില 28 ശതമാനവും പയറുവർഗങ്ങള്‍‌ക്ക് 20–30 ശതമാനവും വർധിച്ചിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ആട്ടയുടെ ശരാശരി വില 2021 മേയില്‍ കിലോഗ്രാമിന് 28.80 രൂപ ആയിരുന്നത് ഈ മാസം ആയപ്പോഴേ‌ക്ക് 33.14 ആയി ഉയർന്നു-13 ശതമാനം. ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഒരു പ്രധാന ഭക്ഷണമായ ആട്ടയുടെ വിലക്കയറ്റം പാവപ്പെട്ടവരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കും. പാചക എണ്ണകളുടെ വിലയും കുതിച്ചുയരുകയാണ്. പലതിന്റെയും വില ഇരട്ടിയായി. വ്യാപകമായി ഉപയോഗിക്കുന്ന എണ്ണകൾ ലിറ്ററിന് ഏകദേശം 200 രൂപയ്ക്കാണ് വില്ക്കുന്നത്

പാലിന്റെ വില 25 ശതമാനവും വർധിച്ചപ്പോൾ തേയില 41 ശതമാനവും വർധിച്ചു. ഉപ്പിന് പോലും 28 ശതമാനമാണ് വർധന. പാൽ ലിറ്ററിന് 50 ന് മുകളിലാണ് വില. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിലയും മുകളിലേക്കാണ്. ഉരുളക്കിഴങ്ങ് മൊത്തവില കിലോഗ്രാമിന് ഉത്തരേന്ത്യയില്‍ 22 രൂപ കടന്നു. കഴിഞ്ഞ വർഷത്തെക്കാൾ 26 ശതമാനമാണ് വർധന. തക്കാളി വില ഇരട്ടിയിലധികമായി 38.26 രൂപയിലെത്തി.

ഉല്പാദനം കുറയുകയും സംഭരണം കുത്തനെ ഇടിയുകയും ചെയ്തിട്ടും ഉക്രെയ്ൻ യുദ്ധത്തിനുശേഷം ആഗോള വിപണിയില്‍ നിന്ന് കുത്തകകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ ഗോതമ്പ് കയറ്റുമതി വർധിപ്പിക്കാനായിരുന്നു കേന്ദ്രതീരുമാനം. വരും മാസങ്ങളിൽ 10 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ലക്ഷ്യമിടുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ കയറ്റുമതി നിരോധിച്ചതായി സർക്കാരിന് പറയേണ്ടിവന്നു. പണപ്പെരുപ്പത്തിന്റെ മാരകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നതിന്റെ തെളിവാണിത്.

ഉപഭോക്തൃ വില സൂചികയിലെ ചില്ലറ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനത്തിലെത്തി. ഗ്രാമീണ പണപ്പെരുപ്പം 8.38 ശതമാനമായി ഉയർന്നു. അതേസമയം, ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 8.38 ശതമാനമാണ്. മൊത്തവിലയിൽ 14.55 ശതമാനം വർധനവുണ്ടായി. പൊതുവിതരണ സമ്പ്രദായം വിപുലീകരിക്കുക, ഗോതമ്പുള്‍പ്പെടെ ധാന്യങ്ങളുടെ സംഭരണം വർധിപ്പിക്കുക. പാചക എണ്ണകൾ, പച്ചക്കറികൾ, പാൽ മുതലായവ അതിന്റെ പരിധിയിൽ കൊണ്ടുവരിക എന്നിവയാണ് പണപ്പെരുപ്പത്തെ നേരിടാനുള്ള വഴികളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാരണം ഇന്ധന വിലക്കയറ്റം

ഇന്ധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് അവശ്യസാധനങ്ങളെയും ബാധിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ സർക്കാർ വെട്ടിക്കുറച്ചാൽ വില കുറയ്ക്കാനാകും. പാചക വാതക വില നിയന്ത്രിക്കുകയും സബ്സിഡി പുനഃസ്ഥാപിക്കുകയും വേണം. പാചക വാതകത്തിന്റെ വില 14.2 കിലോ ഗാർഹിക സിലിണ്ടറിന് ഒരു വർഷത്തിനുള്ളിൽ 431.50 രൂപ വര്‍ധിച്ചു-76 ശതമാനം. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 126 വർധിച്ച് 2,397 രൂപയായി. പെട്രോൾ, ഡീസൽ വിലയും കുത്തനെ ഉയർത്തുന്നത് തുടരുകയാണ്. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടെ പെട്രോൾ വിലയിൽ 20 ശതമാനവും ഡീസൽ വില 17 ശതമാനവും വർധിച്ചു.

Eng­lish Sum­ma­ry: Price hike for food products

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.