25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിരം പല്ലവി; ത്രിപുരയിലും കോണ്‍ഗ്രസ് നേതാവിനെ മുഖ്യമന്ത്രിയാക്കി ബിജെപി

പുളിക്കല്‍ സനില്‍രാഘവന്‍
May 16, 2022 10:24 am

ത്രിപുരയിൽ അഴിമതിയില്‍മുങ്ങികുളിച്ച ബിപ്ലവ്‌ കുമാർ ദേബിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെ കേന്ദ്ര നേതൃത്വം ഇടപെട്ട് ബിപ്ലവദേവിനെ മുഖ്യമന്ത്രിസ്ഥനത്തുനിന്നും മാറ്റി മുൻ കോൺഗ്രസ്‌ നേതാവായ മണിക്‌ സാഹയെ നിയമിച്ചിരിക്കുന്നു. മുഖംമിനുക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപി പദ്ധതി ഇതോടെ പൊളിഞ്ഞിരിക്കുന്നു. ബിപ്ലവ്‌കുമാർ ദേബിനെ രാജിവയ്‌പിച്ച്‌ മണിക്‌ സാഹയെ നിയോഗിച്ച തീരുമാനം സൃഷ്ടിച്ച പോരും കലാപവും ദേശീയനേതൃത്വത്തിനും തിരിച്ചടി.

മുഖ്യമന്ത്രിയുടെ വസതിയിൽ, ദേശീയ നേതൃത്വത്തിന്റെ പ്രതിനിധികൾക്ക്‌ മുന്നിലാണ്‌ സംസ്ഥാനമന്ത്രിമാരും എംഎൽഎമാരും തമ്മിലടിച്ചത്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയിലേക്ക്‌ കൂറുമാറി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ കോൺഗ്രസുകാരനാണ്‌ മണിക്‌ സാഹ. സർക്കാർവിരുദ്ധ വികാരത്തെ മറികടക്കാൻ ബിജെപി നേതൃത്വം സ്വീകരിച്ചുവരുന്ന പതിവുതന്ത്രത്തിന്റെ ഭാഗമായാണ്‌ ത്രിപുരയിലെ മുഖ്യമന്ത്രിയെയും മാറ്റിയിട്ടുള്ളത്‌.എന്നാൽ, ഗുജറാത്തിൽനിന്നും ഉത്തരാഖണ്ഡിൽനിന്നും കർണാടകത്തിൽനിന്നും വ്യത്യസ്‌തമായി മുഖ്യമന്ത്രിയെ മാറ്റിയ നടപടിക്കെതിരെ പരസ്യമായ കലാപംതന്നെ ത്രിപുര ബിജെപിയിൽ ദൃശ്യമായി.

ബിപ്ലവ്‌ ദേബിനെ മാറ്റുന്നതിൽ പ്രതിഷേധിച്ച്‌ മന്ത്രി രാംപ്രസാദ്‌ പാൽ നിയമസഭാകക്ഷിയോഗത്തിൽ കസേരയെടുത്ത്‌ എറിഞ്ഞതുൾപ്പെടെയുള്ള നടപടികൾ ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. മാത്രമല്ല, ഇരുപതോളം എംഎൽഎമാർ അരുൺ ചന്ദ്രഭൗമിക്കിന്റെ നേതൃത്വത്തിൽ കേന്ദ്ര നേതാക്കളെ കണ്ട്‌ ബിപ്ലവ്‌ ദേബിനെ സംസ്ഥാന പാർടി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടു. അധികാരക്കൊയ്‌ത്തിൽ പൂർണമായും തഴയപ്പെട്ട ബിജെപിയുടെ മുതിർന്ന തലമുറയിൽപ്പെട്ട നേതാക്കൾ രജ്ഞയ്‌ദേബിന്റെ അധ്യക്ഷതയിൽ രഹസ്യയോഗം ചേർന്നതും ബിജെപിയുടെ തലവേദന വർധിപ്പിച്ചിരിക്കുകയാണ്‌.ഘടകകക്ഷികളോടൊന്നും ആലോചിക്കാതെ പൊടുന്നനെ മുഖ്യമന്ത്രിയെ മാറ്റിയ നടപടിയിൽ സഖ്യകക്ഷിയായ ഐപിഎഫ്‌ടിയും അതൃപ്‌തി അറിയിച്ചിരിക്കുകയാണ്‌.

മണിക്‌ സാഹയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിസ്ഥാനത്ത്‌ ഇരിക്കാൻ തയ്യാറല്ലെന്ന്‌ ഐപിഎഫ്‌ടി നേതാവ് ജിഷ്‌ണു ദേബ്‌ബർമൻ അറിയിച്ചതും ബിജെപിക്ക്‌ ഭരണം സുഗമമാകില്ലെന്ന്‌ വ്യക്തമാക്കുന്നു. മുഖംമിനുക്കാനായി ബിജെപി സ്വീകരിച്ച നടപടി മുഖം നഷ്ടപ്പെടുത്തുമോയെന്ന ഭീതിയിലാണ്‌ ഇപ്പോൾ ബിജെപി നേതൃത്വം.കോൺഗ്രസിൽനിന്ന്‌ ആറ്‌ വർഷം മുമ്പെത്തി ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായി മാറിയ മണിക്‌ സാഹയെയാണ്‌ ബിപ്ലവിന്റെ പിൻഗാമിയായി നിശ്‌ചയിച്ചത്‌. 2023 മാർച്ചിലാണ്‌ ത്രിപുരയിൽ തെരഞ്ഞെടുപ്പ്‌. എന്നാൽ, ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ്‌ നടത്താൻ പാകത്തിൽ നിയമസഭ പിരിച്ചുവിടാൻ പദ്ധതിയിട്ടാണ്‌ സാഹയെ തീരുമാനിച്ചത്‌.ഡൽഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച ആർഎസ്‌എസ്‌ പ്രവർത്തകനായ ബിപ്ലവ്‌കുമാറിനെ മുതിർന്ന നേതാക്കളെ മറികടന്നാണ്‌ 2018ൽ മുഖ്യമന്ത്രിയായി അവരോധിച്ചത്‌.

വൈകാതെ കലാപക്കൊടി ഉയർന്നു. ബിജെപി എംഎൽഎ സുദീപ്‌ റോയി ബർമന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ പരാതിയുമായെത്തി. മുഖ്യമന്ത്രിയാകാൻ മോഹിച്ച്‌ കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ ചേക്കേറിയ സുദീപിന്‌ ‌തുടക്കത്തിൽ ആരോഗ്യമന്ത്രിസ്ഥാനം നൽകി. ഒരു വർഷം കഴിഞ്ഞപ്പോൾ മന്ത്രിസഭയിൽനിന്ന്‌ പുറത്താക്കി. അഴിമതി വ്യാപകമായതോടെ ആദിവാസിമേഖലയിൽനിന്ന്‌ ബിജെപി ഘടകകക്ഷിയായി കൂട്ടിയ ഐപിഎഫ്‌ടിയും മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞു. തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പിൽ വൻതോതിൽ അഴിമതി പുറത്തുവന്നതോടെ ബിപ്ലവ്‌കുമാറിന്‌ പിടിവള്ളി നഷ്ടമായി. ദേശീയനേതൃത്വം നിയോഗിച്ച സംഘം അഗർത്തലയിൽ നടത്തിയ ചർച്ചകളിൽ ബിപ്ലവിന്‌ അനുകൂലമായി സംസാരിക്കാൻ അധികംപേർ ഉണ്ടായില്ല.

പിന്നാലെ ബിപ്ലവ്‌കുമാറിനെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഡൽഹിയിലേക്ക്‌ വിളിപ്പിച്ച്‌ രാജി ആവശ്യപ്പെടുകയായിരുന്നു. വ്യാപകമായ അഴിമതിയും കോവിഡ്‌ കൈകാര്യംചെയ്‌തതിലെ വീഴ്‌ചകളും ക്രമസമാധാന തകർച്ചയും ഉയർത്തിക്കാട്ടി സംസ്ഥാനത്ത് ഇടതുമുന്നണി നിരന്തരം പ്രക്ഷോഭത്തിലാണ്.ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയെ മാറ്റിയത്. സമാനമായ നീക്കം ഗുജറാത്തിലും കര്‍ണാടകത്തിലും ഉത്തരാഖണ്ഡിലുമെല്ലാം നടത്തിയിരുന്നു. എല്ലായിടത്തും പാതി വഴിയില്‍ മുഖ്യമന്ത്രിമാരെ മാറ്റി ബിജെപി. നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നുണ്ട്. എല്ലായിടത്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരാണ് മുഖ്യമന്ത്രിമാര്‍ എന്ന പ്രത്യേകതയുമുണ്ട്. അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ്. കഴിഞ്ഞ വര്‍ഷം അസമിന്റെ 15ാം മുഖ്യമന്ത്രിയായിട്ടാണ് ശര്‍മ അധികാരമേറ്റത്. സര്‍ബാനന്ദ സോനോവാളിന് പകരക്കാരനായിട്ടാണ് ശര്‍മ എത്തിയത്.

കോണ്‍ഗ്രസ് നേതാവിയിരുന്നു ശര്‍മ. 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അസമില്‍ ബിജെപിക്ക് നേട്ടമായത് ശര്‍മയുടെ പ്രചാരണമായിരുന്നു. അസമിലെ ജലുക്ബാരി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് ഹിമന്ത ബിശ്വ ശര്‍മ എംഎല്‍എയായത്. തുടര്‍ച്ചയായ അഞ്ച് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവാണ് ഇദ്ദേഹം. കോണ്‍ഗ്രസിലായിരുന്നപ്പോഴും ബിജെപിയിലെത്തിയപ്പോഴും അദ്ദേഹത്തെ മണ്ഡല വാസികള്‍ കൈവിട്ടില്ല. സോനോവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിനാണ് ശര്‍മ ജയിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യമായ എന്‍ഇഡിഎയുടെ കണ്‍വീനറാണ് ശര്‍മ. മേഖലയില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയാണ് ശര്‍മ. ബിജെപിയുടെ അജണ്ടകള്‍ ഒരോന്നായി അദ്ദേഹം അസമില്‍ നടപ്പാക്കുകയാണ്.

മണിപ്പൂരിലെ മുഖ്യമന്ത്രിയാണ് എന്‍ ബിരേന്‍ സിങ്. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം തൊട്ടടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഉന്നമിട്ടായിരുന്നു കരുനീക്കിയത്.തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച മണിപ്പൂരില്‍ 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ബിരേന്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ഫുട്‌ബോള്‍ താരമായിരുന്നു ബിരേന്‍ സിങ്. പിന്നീട് അദ്ദേഹം അതിര്‍ത്തി രക്ഷാ സേനയില്‍ ജോലി ചെയ്തു. ശേഷം മാധ്യമപ്രവര്‍ത്തകനായി. കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. ഇബോബി സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂരിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി.

ഇപ്പോള്‍ രണ്ടാംതവണയും അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.നാഗാലാന്റ് മുഖ്യമന്ത്രിയാണ് നിഫിയു റിയോ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 2002ലാണ് കോണ്‍ഗ്രസ് വിട്ടത്. നാഗാലാന്റ് തര്‍ക്കത്തില്‍ മുഖ്യമന്ത്രി എസ്‌സി ജാമിറുമായി ഉടക്കിയാണ് കോണ്‍ഗ്രസ് വിട്ടത്. ശേഷം എന്‍പിഎഫില്‍ ചേര്‍ന്നു. ഇക്കാലത്താണ് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായതും നാഗാലാന്റ് ഭരണത്തില്‍ തുടര്‍ച്ചയായി അസ്ഥിരതയുണ്ടായതും. 2013ല്‍ നാഗാലാന്റ് മുഖ്യമന്ത്രിയായി. 2018ല്‍ എന്‍പിഎഫ് ബിജെപി സഖ്യം തകര്‍ന്നതോടെ റിയോ എന്‍ഡിപിപിയില്‍ ചേര്‍ന്നു. ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

Eng­lish Summary:Regular refrain in the North­east­ern States; The BJP has also made the Con­gress leader its chief min­is­ter in Tripura

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.