25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

കോണ്‍ഗ്രസിന്‍റെ സംഘടനാപരിഷ്ക്കാരം; രാഹുല്‍കോക്കസിനു മുന്‍ഗണന, കുടുംബാധിപത്യത്തിന് പ്രാധാന്യം

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
May 25, 2022 11:34 am

സംഘടനാ പരിഷ്‌കാരങ്ങൾ നടപ്പാക്കാനും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കാനുമായി പ്രത്യേക ദൗത്യസംഘത്തിനാണ് കഴിഞ്ഞ ദിവസം രൂപംനൽകിയത്. ഇതിനായി പ്രവർത്തകസമിതി അംഗങ്ങളെ ഉൾപ്പെടുത്തി സോണിയയുടെ അധ്യക്ഷതയിൽ എട്ടംഗ രാഷ്ട്രീയകാര്യ സമിതിയും ഒക്ടോബറിൽ സംഘടിപ്പിക്കുന്ന ‘ഐക്യഭാരത യാത്ര’യ്‌ക്കായി ഒമ്പതംഗ കേന്ദ്ര ആസൂത്രണസമിതിയും രൂപീകരിച്ചു.ദൗത്യസംഘത്തിൽ രാഹുൽ ബ്രിഗേഡിനാണ്‌ ആധിപത്യം.

വിമത ജി23 വിഭാഗത്തിൽനിന്ന്‌ ഒരാൾപോലുമില്ല. ഉപദേശക സ്വഭാവംമാത്രമുള്ള രാഷ്ട്രീയകാര്യ സമിതിയിൽ ജി–-23 നേതാക്കളായ ഗുലാംനബി ആസാദിനെയും ആനന്ദ്‌ ശർമയെയും ഉൾപ്പെടുത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇരുസമിതിയിലുമുണ്ട്‌. കേരളത്തിൽനിന്ന്‌ മറ്റാരുമില്ല. തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ശിഷ്യനും 2014, 19 തെരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിയുടെ വിജയത്തിന്‌ ചുക്കാൻ പിടിച്ച സംഘാംഗവുമായ സുനിൽ കനുഗോലുവും ദൗത്യസംഘത്തിലുണ്ട്‌. പ്രശാന്ത്‌ കിഷോർ കോൺഗ്രസിൽ ചേരാൻ വിസമ്മതിച്ചതിനാലാണ്‌ പകരക്കാരനായി മോഡി ഭക്തൻ’ ഇടംപിടിച്ചത്‌.

പി ചിദംബരം, മുകുൾ വാസ്‌നിക്ക്‌, ജയ്‌റാം രമേശ്‌, അജയ്‌ മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ്‌ സിങ്‌ സുർജെവാല എന്നിവരും കോൺഗ്രസിലെ അധികാരകേന്ദ്രമായി മാറിയേക്കാവുന്ന ദൗത്യസംഘത്തിൽ ഉൾപ്പെടുന്നു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബികാ സോണി, ദിഗ്‌വിജയ്‌ സിങ്‌, ജിതേന്ദ്ര സിങ്‌ എന്നിവരാണ്‌ കോൺഗ്രസ്‌ പ്രസിഡന്റിന് ഉപദേശം നല‍്കുന്ന രാഷ്ട്രീയകാര്യ സമിതിയിലെ മറ്റംഗങ്ങൾ.ഐക്യഭാരത യാത്ര ആസൂത്രണം ചെയ്യുന്ന സമിതിയിൽ ദിഗ്‌വിജയ്‌ സിങ്‌, സച്ചിൻ പൈലറ്റ്‌, ശശി തരൂർ, രവ്‌നീത്‌ സിങ്‌ ബിട്ടു, കർണാടകത്തിൽനിന്നുള്ള മലയാളി നേതാവ്‌ കെ ജി ജോർജ്‌, ജോതിമണി, പ്രദ്യുത്‌ ബൊർദൊലൊയ്‌, ജിതു പട്‌വാരി, സലീം അഹമദ്‌ എന്നിവർ ഉൾപ്പെടുന്നു.

പ്രവർത്തകസമിതി കഴിഞ്ഞാൽ കോൺഗ്രസിൽ ഏറ്റവും അധികാരമുള്ള സമുന്നത സമിതിയായി മാറിയേക്കാവുന്ന ‘ദൗത്യ സംഘം 2024’ൽ മോദി ഭക്തനും. തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞനായ പ്രശാന്ത്‌ കിഷോറിന്റെ സഹപ്രവർത്തകനും കർണാടകക്കാരനുമായ സുനിൽ കനുഗോലുവാണ്‌ ദൗത്യസംഘത്തിൽ ഇടംപിടിച്ച അപ്രതീക്ഷിത മുഖം. ബിജെപിയടക്കം വിവിധ പാർടികൾക്കായി തെരഞ്ഞെടുപ്പ്‌ ഘട്ടങ്ങളിൽ പ്രചാരണത്തിൽ ഏർപ്പെട്ടതല്ലാതെ കോൺഗ്രസ്‌ സംഘടനാരംഗത്ത്‌ കനുഗോലുവിന്‌ മുൻപരിചയമൊന്നുമില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമിത്‌ ഷാ ടീമിൽ ഉൾപ്പെട്ടിരുന്ന കനുഗോലു സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾക്കും രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യചെയ്യാനും നേതൃത്വം നൽകിയയാളാണ്‌.

2013ൽ പ്രശാന്ത്‌ കിഷോറിന്റെ ‘സിറ്റിസൺസ്‌ ഫോർ അക്കൗണ്ടബിൾ ഗവേണൻസ്‌’ (സിഎജി) സംഘാംഗമായാണ്‌ മുപ്പത്തൊമ്പതുകാരനായ കനുഗോലു തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടു തുടങ്ങിയത്‌. സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആദ്യമായി വലിയ പ്രാധാന്യം ലഭിച്ച കാലയളവുകൂടിയായിരുന്നു 2013–-14. മോദിയെ കരുത്തനായ നേതാവായി അവതരിപ്പിക്കാൻ കിഷോറും കനുഗോലുവും ഐടി വിദഗ്‌ധരെയും മറ്റും ഉൾപ്പെടുത്തി വിപുലമായ സംഘം രൂപീകരിച്ചു. 2014ൽ മോദി അധികാരത്തിലെത്തിയതിനു പിന്നാലെ പ്രശാന്ത്‌ കിഷോർ അമിത്‌ ഷായുമായി തെറ്റിപ്പിരിഞ്ഞു. കനുഗോലു മോഡി ക്യാമ്പിൽ തുടർന്നു. കനുഗോലുവും മറ്റും ഉൾപ്പെടുന്ന പുതിയ ഐടി സംഘം എ ബില്യൺ മൈൻഡ്‌സ്‌’ 2016 മുതൽ ബിജെപിക്കായി പ്രവർത്തിച്ചുതുടങ്ങി. മോഡി സർക്കാരിന്റെ നേട്ടങ്ങളെന്ന പേരിൽ വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്ക്‌ ആരംഭിച്ചു. വ്യാജ സർവേകളും പ്രതിപക്ഷ നേതാക്കളെ താറടിക്കുന്ന അപകീർത്തി പ്രചാരണവും സമൂഹമാധ്യമങ്ങളിൽ സജീവമാക്കി. രാഹുൽ ഗാന്ധിയെ പപ്പുവെന്ന്‌ പരിഹസിച്ചു.

ഷായുടെ സ്വന്തം സംഘമായിമാറി. 2019ൽ മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കുംവരെ ബില്യൺ മൈൻഡ്‌സ്‌സമൂഹമാധ്യമ ഇടപെടൽ തുടർന്നു. ഇവരുടെ വ്യാജപ്രചാരണങ്ങൾ ഹഫിങ്‌ടൺ പോസ്റ്റുപോലുള്ള അന്തർദേശീയ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ഡിഎംകെ, അകാലിദൾ, എഐഎഡിഎംകെ പാർടികൾക്കായും കനുഗോലു പ്രവർത്തിച്ചിട്ടുണ്ട്‌. കോൺഗ്രസിൽ ശമ്പളക്കാരനായാണോ സേവനം എന്നത്‌ വ്യക്തമല്ല. പുതിയ സമതികളുടെ തെരഞ്ഞെടുപ്പുകൂടി പൂര്‍ത്തിയായതോടെ സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയെ എങ്ങനെ നേരിടും, ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഏതുനിലയിൽ നേരിടും എന്നതിൽ ഒരു വ്യക്തതയും വരുത്താൻ ചിന്തൻ ശിബിരത്തിനുമായില്ല. അടിത്തറയില്ലാത്ത മേൽക്കൂര കെട്ടിപ്പടുത്താണ്‌ കൊട്ടിഘോഷിച്ച സമ്മേളനം സമാപിച്ചത് ഏവര്‍ക്കും അറിയാം

രണ്ട്‌ സംസ്ഥാനത്തെമാത്രം ഭരണകക്ഷിയായ കോൺഗ്രസിന്‌ ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ വിപുലമായ മതനിരപേക്ഷ കൂട്ടായ്‌മ വേണം. ഇത്തരമൊരു കൂട്ടായ്‌മയ്‌ക്ക്‌ മുൻകൈ എടുക്കുമെന്ന ഒരു സൂചനയും ചിന്തൻ ശിബിരത്തിലില്ല.പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ താങ്ങിനിർത്തുന്ന പ്രാദേശിക പാർടികളെയാവട്ടെ രാഹുൽ ഗാന്ധി അപഹസിക്കുകയും ചെയ്‌തു. ഡിഎംകെ, ആർജെഡി, ജെഎംഎം അടക്കമുള്ള പാർടികളെ ജാതിപ്പാർടികളെന്നാണ്‌ രാഹുൽ പരിഹസിച്ചത്‌. ബിജെപിയെ ചെറുക്കാൻ ഈ കക്ഷികൾക്കാകില്ലെന്നും കോൺഗ്രസിനുമാത്രമേ കഴിയൂവെന്നും പറഞ്ഞു.

സഖ്യകക്ഷികളെ ഇത്തരത്തിൽ അപമാനിച്ചത്‌ കോൺഗ്രസിന്‌ തിരിച്ചടിയാകും.ബിജെപിയെ പ്രതിരോധിക്കാൻ മൃദുഹിന്ദുത്വമെന്ന പ്രഖ്യാപനവുമുണ്ടായി.രാഹുലിനെ നേതാവാക്കി ഉയർത്തിക്കാട്ടുക എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു കൂടിച്ചേരൽ. കാര്യപരിപാടി നിയന്ത്രിച്ച രാഹുൽ ബ്രിഗേഡ്‌ ജി–-23നെ പരിപൂർണമായും നിശ്ശബ്ദരാക്കി.പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ രാഹുൽ വീണ്ടും അവരോധിക്കപ്പെടുമെന്ന്‌ ഇതോടെ തീർച്ചയായി. സംഘടനാരംഗം പരിഷ്‌കരിക്കാൻ കർമസമിതിക്ക്‌ രൂപം നൽകുമെന്ന്‌ സോണിയ പ്രഖ്യാപിച്ചതാണ് തെരഞ്ഞെടുത്തത്. ഈ സമിതിയിലും രാഹുൽ ബ്രിഗേഡിനായിരുന്നു ഭൂരിപക്ഷം.ജി23 നേതാക്കളെ തരംതാഴ്‌ത്തപ്പെട്ടു.. സോണിയ കുടുംബത്തിന്‌ മത്സരിക്കാൻ ഒരു കുടുംബം ഒരു സീറ്റ്‌ നിർദേശത്തിലും വെള്ളംചേർത്തു.

Eng­lish Summary:Organizational reform of the Con­gress; Pri­or­i­ty to Rahul Kokas, impor­tance to fam­i­ly rule

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.