നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടീസ്. ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ ലിമിറ്റഡ് നാഷണൽ ഹെറാൾഡിനെ നിയമവിരുദ്ധമായി ഏറ്റെടുത്തുവെന്നതാണ് കേസ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതിലെ സാമ്പത്തിക തിരിമറിയാണ് ഇ ഡി അന്വേഷിക്കുന്നത്. സോണിയാ ഗാന്ധി, പവന് കുമാര്‍ ബന്‍സല്‍, സത്യന് ഗംഗാറാം പിത്രോദ, രാഹുല്‍ ഗാന്ധി, സുമന് ദുബെ, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് യങ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍. കോണ്‍ഗ്രസിന് 92.25 കോടി രൂപയാണ് എജെഎല്‍ നല്കാനുണ്ടായിരുന്നത്. ഈ കടം ഓഹരികളാക്കി യങ് ഇന്ത്യ ഏറ്റെടുത്തപ്പോള്‍ 50 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്നും പരാതിയിലുണ്ട്.
സോണിയയും രാഹുല്‍ ഗാന്ധിയും ആയിരക്കണക്കിന് കോടിയുടെ ഭൂമി കൈയേറ്റവും ദുര്‍വിനിയോഗവും നടത്തിയെന്നാരോപിച്ച് മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് നാഷണല്‍ ഹെറാള്‍ഡ് വിഷയം ദേശീയ ശ്രദ്ധയില്‍പ്പെട്ടത്. കേസില്‍ നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും പവന് ബന്‍സാലിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
കേസില്‍ മൊഴിയെടുക്കാന്‍ രാഹുലിനോട് നാളെ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദേശത്തായതിനാല്‍ ജൂണ്‍ അഞ്ചിനു ശേഷമേ ഹാജരാകാനാകൂ എന്ന് ഇഡിയെ അറിയിക്കുകയായിരുന്നു. നടപടി രാജ്യത്തെ മറ്റ് എതിരാളികളോട് ചെയ്തത് പോലെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പകപോക്കലിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തെന്നാണ് നിലവിലുള്ള കേസ്. സുബ്രഹ്മണ്യ സ്വാമിയാണ് 2012ല്‍ രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്. സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എജെഎൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു.
ഇത് വരുമാന നികുതി നിയമത്തിലെ , 269ഠ വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റൻ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയിൽ സ്വാമി ആരോപിക്കുന്നു. 2010 ൽ അഞ്ചു ലക്ഷം രൂപാ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. 2015ല്‍ പിന്നീട് കേസില്‍ പട്യാല കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.
1937 നവംബർ 20 ന് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഒരു കമ്പനിയാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്. ന്യൂഡെൽഹി, ബഹാദൂർ സഫർ മാർഗിലെ ഹെറാൾഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ്. ഏതാണ്ട്, അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികൾ ഓഹരി ഉടമകളായ ഈ കമ്പനി ആരുടേയും സ്വകാര്യ സ്വത്തല്ലായിരുന്നു. ഏതെങ്കിലും പക്ഷപാതപരമായ നിലപാടുകൾക്കതീതമായി, സത്യസന്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു കമ്പനി എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ബ്രിട്ടീഷ് ദിനപത്രങ്ങൾക്കു ബദലായി ഇന്ത്യൻ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുക എന്നതു കൂടി നെഹ്രുവിന്റെ ലക്ഷ്യമായിരുന്നു. 2010 സെപ്തംബർ 29 ലെ കണക്കനുസരിച്ച് 1057 ഓഹരി ഉടകമൾ അസ്സോസ്സിയേറ്റഡ് ജേണൽസ് പ്രസ്സിനുണ്ടായിരുന്നു.
2002 മാർച്ച് 22 മുതൽ മോത്തിലാൽ വോറ ആയിരുന്നു കമ്പനിയുടെ ചെയർമാൻ. മൂന്നു പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡിനു കീഴേ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണൽ ഹെറാൾഡ്, ഇംഗ്ലീഷിലും, ഖൗമി ആവാസ്, ഉറുദുവിലും, നവജീവൻ ഹിന്ദിയിലും ആയിരുന്നു അവ. ഡൽഹി, ലക്നൗ, ഭോപാൽ, മുംബൈ, ഇൻഡോർ, പറ്റ്ന എന്നിവിടങ്ങളിൽ വമ്പിച്ച ഭൂസ്വത്തും കമ്പനിക്കുണ്ടായിരുന്നു.
2010 നവംബർ 23 ന് അഞ്ചു ലക്ഷം രൂപാ മൂലധനവുമായി തുടങ്ങിയ ഒരു കമ്പനിയാണ് യങ് ഇന്ത്യൻ. നാഷണൽ ഹെറാൾഡിന്റെ കെട്ടിടത്തിൽ തന്നെയാണ് യങ് ഇന്ത്യന്റെ ഓഫീസും പ്രവർത്തിച്ചിരുന്നത്. 2010 ഡിസംബർ പതിമൂന്നിന്, രാഹുൽ ഗാന്ധി യങ് ഇന്ത്യൻ കമ്പനിയുടെ ഡയറക്ടറായി നിയമിതനായി. അധികം വൈകാതെ, 2011 ജനുവരിയിൽ, സോണിയാ ഗാന്ധി, ഡയറക്ടർ ബോർഡംഗമായും സ്ഥാനമേറ്റെടുത്തു. യങ് ഇന്ത്യൻ കമ്പനിയുടെ 76 ശതമാനം ഓഹരികളും, രാഹുൽ ഗാന്ധിയും, സോണിയാ ഗാന്ധിയുമാണ് കൈവശം വച്ചിരിക്കുന്നത്. 12 ശതമാനം വീതം ഓഹരികൾ മോത്തിലാൽ വോറക്കും, ഓസ്കാർ ഫെർണാണ്ടസിനും ഉണ്ട്.
English Summary: National Herald Case: Enforcement Notice to Sonia Gandhi and Rahul Gandhi
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.