കോണ്‍ഗ്രസ് വിട്ട പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പാട്ടേല്‍ബിജെപിയില്‍ ചേരുന്നു. എന്നാല്‍ ഹാര്‍ദ്ദിക് പട്ടേലിന്‍റെ വരവിന് ബിജെപിയില്‍ തന്നെ വന്‍ പ്രതിഷേധമാണ് .പാര്‍ട്ടിക്കുളളിലെ പാട്ടീദാര്‍ നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. പാട്ടീദാര്‍ സമര കാലത്ത് ഹാര്‍ദിക് പട്ടേല്‍ നടത്തിയ ചില പ്രസ്താവനകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ബിജെപിക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ലെന്നും സമരത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 14 പാട്ടീദാര്‍ സമുദായക്കാരുടെ ത്യാഗം പാഴായി പോകാന്‍ അനുവദിക്കില്ല എന്നും ഹാര്‍ദിക് പട്ടേല്‍ പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്.കോണ്‍ഗ്രസ് നേതാക്കള്‍ വരുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ ഹാര്‍ദിക് പട്ടേലിനെ പാര്‍ട്ടിയിലെടുക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ അഭിപ്രായം. അടിത്തട്ടിലെ പ്രവര്‍ത്തകര്‍ മുതല്‍ ഉന്നത നേതാക്കള്‍ വരെയുളള വലിയൊരു വിഭാഗം ഹാര്‍ദിക് പട്ടേലിനെ ബിജെപിയിലേക്ക് സ്വീകരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും നേതാക്കള്‍ പറയുന്നു.
പാട്ടീദാര്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ആനന്ദി ബെന്‍ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹാര്‍ദിക് പട്ടേലിന്റെ വരവിലൂടെ തിരഞ്ഞെടുപ്പില്‍ പാട്ടീദാര്‍ സമുദായത്തിന്റെ പിന്തുണയാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി ഹാര്‍ദികിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഹാര്‍ദിക് ബിജെപിയെ ആണ് തിരഞ്ഞെടുത്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപിയുടേയും കടുത്ത വിമര്‍ശകനായിരുന്നു ഹാര്‍ദിക് പട്ടേല്‍. എന്നാല്‍ ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി മോഡിക്കും ബിജെപിക്കും എതിരെയുളള ട്വീറ്റുകളെല്ലാം ഹാര്‍ദിക് പട്ടേല്‍ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല മോഡിയെ കുറിച്ച് പുതിയ ട്വീറ്റും ഹാര്‍ദിക് പട്ടേലിന്റെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ സേവിക്കാനുളള ഒരു എളിയ ഭടനാകും എന്നാണ് ഹാര്‍ദികിന്റെ പുതിയ ട്വീറ്റ്.ഒരുകാലത്ത് ഗുജറാത്തില്‍ ബിജെപിയെ നിന്നനില്‍പ്പിന് വിറപ്പിച്ച യുവാവ്, ബിജെപിക്ക് കടുത്ത വെല്ലുവിളിയായി ഉയര്‍ന്നുവരികയും കോണ്‍ഗ്രസിന്റെ നട്ടെല്ലായി മാറുകയും ചെയ്ത നേതാവ്, ആ ഹാര്‍ദിക് പട്ടേല്‍ ഇന്ന് ആര്‍ക്കെതിരെയാണോ താന്‍ നിലകൊണ്ടിരുന്നത് അവര്‍ക്കൊപ്പം ചേരുകയാണ്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ‘ജനറല്‍ ഡയര്‍’ എന്ന് വിളിച്ച അതേ ഹാര്‍ദിക് പട്ടേല്‍ തന്നെയാണ് ഇന്ന് ബിജെപിയെ പുകഴ്ത്തി രംഗത്തുവന്നിരിക്കുന്നത്. ബിജെപി തനിക്ക് 1,200 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ഒരിക്കല്‍ അദ്ദേഹം രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക് തന്റെ നയങ്ങളില്‍ ഒരു യു-ടേണില്‍ എടുത്തിരിക്കുകയാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം ഉള്‍പ്പെടെയുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളെ പട്ടേല്‍ ഇപ്പോള്‍ പ്രശംസിക്കുകയാണ്. കോണ്‍ഗ്രസിനെ ‘ഹിന്ദു വിരുദ്ധം’ എന്നും ‘ഗുജറാത്ത് വിരുദ്ധം’ എന്നും വിളിക്കാന്‍ ഹാര്‍ദിക് തയ്യാറായി.ഗുജറാത്തില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയായിരുന്നു ഹാര്‍ദിക്. ഒബിസി നേതാവ് അല്‍പേഷ് താക്കൂറിന് ശേഷം, 2017ല്‍ ഭരണകക്ഷിയെ പരാജയത്തിലേക്ക് ആപത്കരമായി എത്തിച്ച മൂന്ന് യുവ തുര്‍ക്കികളില്‍ ഒരാള്‍. 1995ല്‍ ഗുജറാത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം ബിജെപിയെ ഇരട്ട അക്കത്തിലേക്ക് ചുരുക്കുന്നതിന് ഹാര്‍ദികിന്റെ ഇടപെടല്‍ കാരണമായി.
രാജ്യദ്രോഹ കേസുകളില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് ഹർദിക് പട്ടേൽ കോണ്‍ഗ്രസ് വിട്ടതെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍. കോൺഗ്രസിനെതിരെ ഹർദിക് നടത്തിയ വിമർശനങ്ങളും രാജിക്കത്തിലെ പരാമർശങ്ങളും ബി ജെ പിയുടെ സ്ക്രിപ്റ്റ് പ്രകാരമാണെന്നും ഠാക്കൂര്‍ ആരോപിച്ചു. പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അദ്ദേഹത്തെ സ്റ്റാർ പ്രചാരകൻ ആക്കുകയും ഹെലികോപ്റ്ററും നൽകുകയും ചെയ്തു. കോൺഗ്രസിലെ ഉയർന്ന പദവിയാണ് അദ്ദേഹത്തിന് നൽകിയത്. എന്നിട്ടും പാർട്ടി ഒന്നും നൽകിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്, അത് ശരിയല്ല’, ഠാക്കൂർ അഭിപ്രായപ്പെട്ടു
English Summary: Decision to include Hardik Patel in BJP; Protest in Gujarat unit, leaders and many activists dissatisfied
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.