ഭാര്യ റിനിക് ഭുയാന്‍ ശര്‍മയുടെ സ്ഥാപനത്തിന് അനധികൃതമായി പിപിഇ കിറ്റ് നിര്‍മ്മാണത്തിന് ഓര്‍ഡര്‍ നല്‍കിയെന്ന ആരോപണത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കുടുക്കിലായി. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
ഹിമന്ത ബിശ്വ ശര്‍മ ആരോഗ്യ മന്ത്രിയായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് ഭാര്യയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങള്‍ക്ക് പിപിഇ കിറ്റ്, സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഓര്‍ഡര്‍ നല്‍കിയെന്നാണ് ആരോപണം. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്ന മോഡി വിഷയത്തില്‍ സിബിഐ, ഇഡി അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രിയും കുടുംബവും ആരോപണ വിധേയരായിട്ടുള്ള എല്ലാ ക്രമക്കേടുകള്‍ക്കുമെതിരെയും അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.
കോവിഡ് കാലത്ത് നല്‍കിയ നാല് ഓര്‍ഡറുകളില്‍ മൂന്നും ശര്‍മയുടെ കുടുംബാംഗങ്ങള്‍ക്കാണ് ലഭിച്ചത്. വിവരാവകാശ രേഖകളെ അടിസ്ഥാനപ്പെടുത്തി ദി വയര്‍ മാധ്യമവും ഗുവാഹട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടല്‍ ദി ക്രോസ് കറന്റും ആറുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രമക്കേട് പുറത്തുവന്നത്. വിപണി വിലയേക്കാള്‍ 65 ശതമാനം അധിക തുകയ്ക്കാണ് ഭാര്യയുടെ ഉടമസ്ഥതയിലുള്ള ജെസിബി ഇന്‍ഡസ്ട്രീസിന് ശര്‍മ ഓര്‍ഡറുകള്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കുടുംബ ബിസിനസ് പങ്കാളിയായ ഘനശ്യാം ധനുകയുടെ ജിആര്‍ഡി ഫാര്‍മസ്യൂട്ടിക്കല്‍സ്, ജെസിബി, മെഡിറ്റൈം ഹെല്‍ത്ത്കെയര്‍, അജൈല്‍ അസോസിയേറ്റ്സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഓര്‍ഡറുകള്‍ നല്‍കിയിരുന്നത്. പിപിഇ കിറ്റ് ഒന്നിന് അന്നത്തെ മാര്‍ക്കറ്റ് വില 600–700 രൂപ ആയിരുന്നെങ്കില്‍ അജൈല്‍ അസോസിയേറ്റ്സില്‍ നിന്ന് 2,200 രൂപയ്ക്കാണ് ഇവ വാങ്ങിയത്. 2.25 കോടിയുടെ ഓര്‍ഡറാണ് കമ്പനിക്ക് നല്‍കിയത്. 4.2 കോടിയുടെ ഓര്‍ഡറാണ് മെഡിറ്റൈം ഹെല്‍ത്ത്കെയര്‍ സ്വന്തമാക്കിയത്.
5000 പിപിഇ കിറ്റുകളുടെ അടിയന്തര വിതരണ ഓര്‍ഡറാണ് ജെസിബി ഇന്‍ഡസ്ട്രീസിന് നല്‍കിയിരുന്നത്. അസമിലെ സാനിറ്റൈസർ ഓർഡറുകളുടെ ഭൂരിഭാഗവും ഹിമന്ത ബിശ്വ ശർമയുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലേക്കാണ് പോയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശര്‍മയ്ക്കും കുടുംബത്തിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് അസം കോണ്‍ഗ്രസ് പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധം നടത്തി. വിഷയത്തില്‍ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും ആവശ്യപ്പെട്ടു.
English Summary:Himanta Bishwa Sharma caught in PPE kit scam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.