3 May 2024, Friday

Related news

May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024

ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അവകാശമുണ്ട്; കള്ളക്കഥകള്‍ മെനയുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

Janayugom Webdesk
June 13, 2022 1:58 pm

ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അവകാശമുണ്ടെന്നും കള്ളക്കഥകള്‍ മെനയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ലൈബ്രറി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുക്കില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധകേരളം അതൊന്നും സമ്മതിക്കില്ല.

ഈ പരിപാടിയില്‍പങ്കെടുത്ത പലരും പല തരത്തില്‍ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചാരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയര്‍ന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തില്‍ ധരിക്കാന്‍ പാടില്ല എന്നതാണ്. മാസ്‌കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാള്‍ക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്.

നേരത്തേ മുട്ടിന് താഴെ മുണ്ടുടുക്കാന്‍ അവകാശമില്ലാതിരുന്ന, മാറ് മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന പലരും പല പോരാട്ടങ്ങളും കേരളത്തില്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നമ്മുടെ നാട് മാറിയത്. ഇവിടെ അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്‌നമേയില്ല. എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികള്‍ നിക്ഷിപ്തതാത്പര്യത്തോടെയാണ് ചില കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്‌ക് ധരിക്കരുത് എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്.

കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാരാണ്. കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷമായിരുന്നു. ആ സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു പ്രത്യേകവസ്ത്രം ധരിക്കാന്‍ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും, ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തില്‍. കള്ളക്കഥകള്‍ മെനയുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും നല്ല നടപടിയെടുക്കാനും ഞങ്ങള്‍ മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Eng­lish sum­ma­ry; Peo­ple have the right to wear what­ev­er they like; Action will be tak­en against those who fab­ri­cate false sto­ries: CM

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.