19 December 2024, Thursday
KSFE Galaxy Chits Banner 2

വ്യാപാര്‍ 2022 ന് നാളെ തുടക്കം

ഇ- കൊമേഴ്‌സ് മാര്‍ഗനിര്‍ദേശങ്ങളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും
പ്രതിരോധ‑റെയില്‍വേ ഉദ്യോഗസ്ഥര്‍ വാങ്ങല്‍ നടപടിക്രമങ്ങള്‍ വിശദമാക്കും
Janayugom Webdesk
June 15, 2022 4:22 pm

സംസ്ഥാനത്തെ സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എസ്ഇ) ദേശവ്യാപക വിപണി ഉറപ്പാക്കാന്‍ സംസ്ഥാന വ്യവസായ‑വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022 ന് നാളെ തുടക്കമാകും. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയില്‍വേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.

കൊച്ചി ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ബയര്‍മാരും മൂന്നൂറിലധികം എംഎസ്എംഇ പ്രമോട്ടര്‍മാരും പങ്കെടുക്കും. രാവിലെ 9 ന് നിയമ- വ്യവസായ- കയര്‍ മന്ത്രി പി രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

ഇ- കൊമേഴ്‌സ് വിപണിയിലേക്ക് സ്വന്തം ഉത്പന്നത്തെ ക്രിയാത്മകമായി അവതരിപ്പിക്കുന്നതു വഴി എങ്ങിനെ മികച്ച വരുമാനം നേടിയെടുക്കാമെന്നതിന്റെ സാധ്യതകള്‍ എംഎസ്എംഇ മേഖലയെ ബോധ്യപ്പെടുത്തുകയാണ് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നിവയുടെ പ്രതിനിധികള്‍ ഈ മേളയിലൂടെ ചെയ്യുന്നത്.

അതേസമയം പ്രതിരോധ- റെയില്‍വേ മേഖലകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍, നിശ്ചിത ഗുണമേന്‍മ തുടങ്ങിയവയെക്കുറിച്ച് അതത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കും. സര്‍ക്കാര്‍ മേഖലയില്‍ എംഎസ്എംഇ ഉത്പന്നങ്ങള്‍ കൂടുതലായി വില്‍ക്കാനുള്ള അവസരവും സാഹചര്യവും ഉണ്ടാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തിലെ എംഎസ്എംഇ ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും നിരവധി ആവശ്യക്കാരുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വൈവിദ്ധ്യവും മികച്ച ഗുണമേന്‍മയുമാണ് ഇവിടുത്തെ ഉത്പന്നങ്ങളുടെ മുഖമുദ്ര. ഇ‑കൊമേഴ്‌സ് കമ്പനികളും രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി വാണിജ്യബന്ധമുണ്ടാക്കാന്‍ സംസ്ഥാനത്തെ എംഎസ്എംഇ മേഖലയെ പ്രാപ്തമാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാര്‍ 2022 മേളയുടെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എംപി ഹൈബി ഈഡന്‍, വ്യവസായ, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്രികിഷോര്‍, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍. എം ജി രാജമാണിക്കം, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍. സന്തോഷ് കോശി തോമസ്, കെബിപ്പ് സിഇഒ സൂരജ് എസ്, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ്, ഫിക്കി ചെയര്‍മാന്‍. ദീപക് എല്‍ അസ്വാനി തുടങ്ങിയവര്‍ പങ്കെടുക്കും.

Eng­lish sum­ma­ry; vyapar2022 starts tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.