സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ ആറ് ദിവസങ്ങളില്‍ കോവിഡ് വാക്‌സിന്‍ കരുതല്‍ ഡോസിനായി പ്രത്യേക യജ്ഞം. വ്യാഴം, വെള്ളി, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് യജ്ഞം നടക്കുക. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയര്‍ രോഗികള്‍, കിടപ്പ് രോഗികള്‍, വയോജന മന്ദിരങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് വീട്ടിലെത്തി നല്‍കാനും ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായി. പഞ്ചായത്തടിസ്ഥാനത്തില്‍ കരുതല്‍ ഡോസെടുക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കും.
കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാകുന്നവരിലും മരിച്ചവരിലും ഭൂരിപക്ഷം പേരും പൂര്‍ണമായും വാക്‌സിന്‍ എടുക്കാത്തവരും അനുബന്ധ രോഗങ്ങളുള്ളവരുമാണ്. വാക്‌സിന്‍ എടുക്കാനുള്ള മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണം. രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും ഉടന്‍ തന്നെ വാക്‌സിനെടുക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തെന്നു കരുതി കരുതല്‍ ഡോസെടുക്കാതിരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
18 വയസ് മുതലുള്ള 88 ശതമാനം പേരാണ് സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനെടുത്തത്. 22 ശതമാനം പേരാണ് കരുതല്‍ ഡോസ് എടുത്തത്. 15 മുതല്‍ 17 വയസു വരെയുള്ള 84 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വയസു വരെയുള്ള 59 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 20 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, കെഎംഎസ്സിഎല്‍ എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് കൂടുന്നു; ജാഗ്രത വേണം
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്നും പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ വകഭേദമാണ് കാണുന്നത്. ഒമിക്രോണ്‍ വകഭേദത്തിന് രോഗ തീവ്രത കുറവാണെങ്കിലും പെട്ടന്ന് പകരാന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തേണ്ടതാണ്. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സൂപ്പര്‍വൈസറി പരിശോധനകള്‍ കൃത്യമായി നടത്തണമെന്നും ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും നിര്‍ദേശം നല്‍കി.
English summary; A six-day special yajna for precaution shot
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.