21 November 2024, Thursday
KSFE Galaxy Chits Banner 2

അനങ്ങാപ്പാറയായി റെയിൽവേ ; പൂർത്തീകരിക്കാനാവാതെ പള്ളിക്കര റെയിൽവേ മേൽപ്പാലം നിർമ്മാണം

Janayugom Webdesk
June 17, 2022 4:11 pm

ദേശീയപാത വികസനം പുരോഗമിക്കുമ്പോഴും നാല് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പള്ളിക്കര റെയിൽവേ മേൽപ്പാലം ഇനിയും പൂർത്തിയായിട്ടില്ല. നിർമ്മാണം പൂർത്തീകരിക്കാൻ തടസ്സമായി റെയിൽവേയുടെ അനങ്ങാപ്പാറ നയം. റെയിൽവേ ട്രാക്കിന് മുകളിലെ കോമ്പോസിറ്റ് ഗാർഡൻ സ്ഥാപിക്കാനുള്ള റെയിൽവേയുടെ അനുമതി ലഭിക്കാത്തതാണ് തടസ്സം. ട്രാക്കിന് മുകളിലെ കോമ്പോസിറ്റ് ഗാർഡൻ സ്ഥാപിക്കണമെങ്കിൽ റെയിൽവേയുടെ വൈദ്യുതി തൂൺ മാറ്റിയെ തീരു. ഈ ഭാഗത്തെ വൈദ്യുതി ലൈനിന്റെ പ്രവർത്തനവും ഈ സമയം ട്രെയിൻ കടത്തിവിടാതിരിക്കാനുമാണ് അനുമതി ലഭിക്കേണ്ടത്. റെയിൽപ്പാളത്തിന് മുകളിൽ ഇരുഭാഗങ്ങളിലുമായി 18 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്. ഇത് സ്ഥാപിക്കണമെങ്കിൽ പാളത്തിന് സമീപത്തെ നാല് വൈദ്യുതി തൂണുകൾ മാറ്റേണ്ടി വരും. പാളത്തിന് സമീപത്തെ പോസ്റ്റുകൾ മാറ്റുമ്പോൾ ട്രെയിൻ ഗതാഗതം തടസ്സപ്പെടും. മുഴുവൻ തൂണുകളുടെയും വൈദ്യുതി ബന്ധം വിച്ഛേദിച്ച് ട്രെയിൻ സർവീസ് നിർത്തിവെച്ചാണ് ഈ പ്രവൃത്തി നടത്തേണ്ടത്. അതിന് റെയിൽവേയുടെ അനുമതി വേണം. 11 വൈദ്യുതി പോസ്റ്റുകളാണ് ഇവിടെ മാറ്റി സ്ഥാപിക്കേണ്ടത്. മാർച്ച് മാസം മുതൽ പുതിയ പോസ്റ്റുകൾ സ്ഥാപിച്ചു തുടങ്ങിയെങ്കിലും കോമ്പോസിറ്റ് ഗാർഡ് സ്ഥാപിക്കേണ്ട ഭാഗത്ത് ഇനിയും മാറ്റാനായിട്ടില്ല. റെയിൽവെ പാലക്കാട് ഡിവിഷൻ ട്രാക്ക് ആന്റ് ഡിസ്ട്രിബ്യൂഷൻ പവർ സപ്ലൈ വിഭാഗം ചെയ്യേണ്ട പണിയാണ് ഇനി ബാക്കിയുള്ളത്. പാളത്തിനു കുറുകെയുള്ള കോമ്പോസിറ്റ് ഗർഡർ സ്ഥാപിച്ചാൽ മാത്രമെ അടുത്ത പണി പുനരാരംഭിക്കാനാവുകയുള്ളു. ഇതിനായുള്ള റെയിൽവെ വൈദ്യുതി തൂണുകൾ മാറ്റേണ്ടതുണ്ട്. ഇതിനായി കഴിഞ്ഞ മാർച്ച് മാസത്തിൽ 16 ലക്ഷം രൂപ നാഷണൽ ഹൈവെ അതോറിറ്റി അടക്കുകയും ചെയ്തു. 2021ൽ ടെൻഡറാവുകയും റെയിൽവെ കരാറുകാരൻ അബ്ദുൾ ലത്തീഫ് കരാറേറ്റെടുക്കുകയും ചെയ്തു. എന്നാൽ 2022 ആയിട്ടും പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. റെയിൽവെയുടെ സ്ഥലത്ത് അവരുടെ സാന്നിധ്യത്തിൽ മാത്രമെ പണി തുടരാനും പറ്റുകയുള്ളു. റെയിൽവേ ട്രാക്കിന് മുകളിൽ സ്ഥാപിക്കേണ്ട കോമ്പോസിറ്റ് ഗാർഡ് മാസങ്ങൾ മുമ്പ് തന്നെ ഇവിടെ എത്തിച്ചിരുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് കാണിച്ച് മുഖ്യമന്ത്രി റെയിൽവേക്ക് കത്തയിച്ചിരുന്നുവെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തടസ്സവാദങ്ങളിൽത്തട്ടി നിൽക്കുകയാണ് അനുമതി.

2018 ഒക്ടോബറിലാണ് റെയിൽവെ ഓവർബ്രിഡ്ജിന്റെ പണി തുടങ്ങിയത്. 260 ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം ഉറപ്പു നല്‍കിയത്. 2021ൽ പണി പൂർത്തീകരിക്കേണ്ടതെങ്കിലും 2020ൽ തന്നെ പണി പൂർത്തികരിക്കുമെന്ന് കരാറുകാരായ എറണാകുളത്തെ ഇകെകെ ഇൻഫ്രാസ്ട്രെച്ചർ കമ്പനി അധികൃതർ പറഞ്ഞിരുന്നു. കോവിഡ് പോലുള്ള കാരണങ്ങൾ കൊണ്ട് പിന്നീട് പലതവണ കരാർ കാലാവധി നീട്ടി നൽകിയെങ്കിലും അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഏറ്റവും കൂടുതൽ സമയം മുടങ്ങി കിടക്കുന്നത്. 64.44 കോടി രൂപ ചെലവിൽ പണിയുന്ന ഓവർബ്രിഡ്ജിന് 780 മീറ്റർ നീളവും 45 മീറ്റർ റോഡ് വീതിയുമാണുള്ളത്. നാഷണല്‍ ഹൈവേയായിട്ടും ഗേറ്റ് അടച്ചാല്‍ വാഹനങ്ങള്‍ ഏറെനേരം കാത്തുകെട്ടിക്കിടക്കേണ്ടി വന്നിരുന്നു. ആംബുലന്‍സ് അടക്കം ഇത്തരത്തില്‍ കുടുങ്ങിക്കിടക്കാറുണ്ടായിരുന്നു ഇതേതുടര്‍ന്ന് ഒന്നര പതിറ്റാണ്ടിലേറെയുള്ള സമരങ്ങളെ തുടര്‍ന്നാണ് മേല്‍പാലം നിര്‍മ്മാണം തുടങ്ങിയത്.

പള്ളിക്കര മേൽപ്പാലം പൂർത്തിയാവുന്നതോടെ ദേശീയപാതയിൽ ഗോവ മുതൽ തിരുവനന്തപുരം വരെയുള്ള ഏക ലെവല്‍ ക്രോസ്‌ എന്ന ചീത്തപ്പേര്‌ പള്ളിക്കരയ്‌ക്ക്‌ മാറി കിട്ടും. ഓവർബ്രിഡ്ജിന്റെ ഇരുവശങ്ങളിലുമുള്ള ആറു വരിറോഡിന്റെ പണി പൂർത്തീകരിച്ചിരിക്കുകയാണ്. റെയിവേയുടെ അനുമതി വൈകിയാൽ മഴശക്തമാവുന്നതോടെ ക്രെയിൻ ഉപയോഗിച്ചുള്ള ജോലി പ്രതിസന്ധിയിലാവുമെന്ന് കരാറുകാർ പറയുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഗതാഗത തടസ്സവും ഒപ്പം പള്ളിക്കര റേയിൽവേ ഗെയ്റ്റ് അടക്കുന്നതുമൂലമുള്ള ഗതാഗത തടസ്സം കൂടിയാവുമ്പോൾ യാത്രാക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

 

 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.