പഞ്ചാബിൽ രണ്ടു പതിറ്റാണ്ടിനിടെ പതിനായിരത്തോളം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ട്. 2000 നും 2018 നും ഇടയിൽ മാത്രം 9,291 കർഷകർ ആത്മഹത്യ ചെയ്തതായി ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച പഞ്ചാബ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ പഠനം വെളിപ്പെടുത്തി. സംഗ്രൂർ, ബട്ടിന്‍ഡ, ലുധിയാന, മാൻസ, മോഗ, ബർണാല എന്നീ ആറ് ജില്ലകളിൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഭാരിച്ച കടബാധ്യതയാണ് 88 ശതമാനം ആത്മഹത്യകളിലും പ്രധാന പ്രേരക ഘടകമായതെന്ന് പഠനം കണ്ടെത്തി. നാമമാത്ര കർഷകരും ചെറുകിട കർഷകരും ഇരകളായിട്ടുണ്ട്. ആത്മഹത്യചെയ്ത 77 ശതമാനം കർഷകർക്കും രണ്ട് ഹെക്ടറിൽ താഴെ മാത്രമേ ഭൂമി ഉണ്ടായിരുന്നുള്ളൂ. സർവേയിൽ പങ്കെടുത്ത 93 ശതമാനം കുടുംബങ്ങളിലും ഒരു ആത്മഹത്യയെങ്കിലും സംഭവിച്ചിരുന്നു. ഏഴ് ശതമാനം കുടുംബങ്ങളിൽ രണ്ടോ അതിലധികമോ ആത്മഹത്യകൾ നടന്നിട്ടുണ്ട്. മരണമടഞ്ഞവരില്‍ 92 ശതമാനവും പുരുഷന്മാരാണ്.
കടബാധ്യതയുമായി ബന്ധപ്പെട്ട ആത്മഹത്യാ കേസുകളുടെ എണ്ണം 2015 ലാണ് ഏറ്റവും ഉയർന്നത്-515. ബട്ടിൻഡ, മൻസ, ബർണാല ജില്ലകളിലെ പ്രധാന വാണിജ്യ വിളയായ പരുത്തി നഷ്ടത്തിലായ വർഷമാണിത്. നിലവിൽ ആം ആദ്മി പാർട്ടിയുടെ സ്വാധീന കേന്ദ്രമായ സംഗ്രൂരിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ ഉണ്ടായത്- 2,506. മൻസ 2,098, ബട്ടിൻഡ 1,956, ബർണാല 1,126, മോഗ 880, ലുധിയാന 725 എന്നിവയാണ് തൊട്ടുപിന്നിൽ. മരിച്ചവരിൽ 75 ശതമാനവും 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ 45 ശതമാനം നിരക്ഷരരാണെന്നും ആറ് ശതമാനം മാത്രമാണ് ഹയർസെക്കൻഡറി തലം വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരെന്നും പഠനം വെളിപ്പെടുത്തുന്നു.
പഞ്ചാബ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് ആന്റ് സോഷ്യോളജി വിഭാഗത്തിലെ മുതിർന്ന ഫാക്കൽറ്റി സുഖ്പാൽ സിങ്, മഞ്ജിത് കൗർ, എച്ച് എസ് കിംഗ്ര എന്നിവരാണ് പഠനത്തിന് നേതൃത്വം നല്കിയത്.
ഏകദേശം 28 ശതമാനം കുടുംബങ്ങളിലും വിഷാദരോഗം ബാധിച്ചവരുണ്ടായിരുന്നു. 13 ശതമാനം കുടുംബങ്ങൾക്ക് ഉപജീവനമാർമായ ഭൂമി വില്ക്കേണ്ടി വന്നു. 11 ശതമാനം കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നിർത്തേണ്ടിവന്നു. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന സംവിധാനവും മിക്കവാറും നിർജീവമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വായ്പാ രേഖകൾ തുടങ്ങിയവയുടെ അഭാവം മൂലം പല കേസുകളിലും നഷ്ടപരിഹാരം നിരസിക്കപ്പെട്ടു.
നവലിബറല്‍ നയങ്ങൾ, കാർഷിക ഉപകരണങ്ങളുടെ കൂടിയ വില, വിളകളുടെ വിലയിലെ അസ്ഥിരത, കാർഷിക സബ്സിഡി നിയന്ത്രണം എന്നിവ കാർഷിക ലാഭം കുറച്ചതും സാമൂഹിക സേവനങ്ങളുടെ സ്വകാര്യവല്ക്കരണവും കർഷക കുടുംബങ്ങളുടെ ബജറ്റിനെ ദുർബലപ്പെടുത്തി. ഈ സാഹചര്യമാണ് ദരിദ്രകർഷകരെ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ചതെന്ന് പഠനം കണ്ടെത്തി.
English summary; In Punjab, 10,000 farmers have been killed in two decades
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.