ഗുജറാത്ത് കൂട്ടക്കൊല കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ ഇരകള്‍ക്ക് നിയമസഹായമുള്‍പ്പെടെ നല്‍കിയ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദ്, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ അറസ്റ്റില്‍. നിരപരാധികളെ ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ടീസ്തയ്ക്കുമേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം. ഗുജറാത്ത് പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് മുംബൈയിലെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യാജപ്രചരണം നടത്തിയെന്ന കേസിലാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് സമാനമായ കേസില്‍ ജയിലില്‍ കഴിയുകയാണ്.
ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം വഴിതിരിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. ഐപിസി 468 (വഞ്ചിക്കുന്നതിനായി വ്യാജ പ്രമാണം ചമയ്ക്കുക), 471 (വ്യാജരേഖകള്‍ യഥാര്‍ത്ഥ രീതിയില്‍ ഉപയോഗപ്പെടുത്തുക), 120 ബി( ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളാണ് ടീസ്തയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഡിക്കും ബിജെപി സര്‍ക്കാരിനുമെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സഞ്ജീവ് ഭട്ടിനും ശ്രീകുമാറിനുമെതിരെയും ഇതേ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ലാണ് കലാപമുണ്ടായത്. 1200 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയത്. ഗുൽബർഗ് സൊസൈറ്റിയിൽ അക്രമികൾ ചുട്ടുകൊന്ന കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയാ ജാഫ്രി നൽകിയ ഹർജിയില്‍ ടീസ്ത സെതല്‍വാദും കക്ഷിചേര്‍ന്നിരുന്നു.
ഭരണാധികാരികളും ഉദ്യോഗസ്ഥരും ആർഎസ്‌എസും ബജ്‌റംഗദള്ളും വിഎച്ച്‌പിയും ചേർന്ന ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഹർജിക്കു പിന്നിൽ ഗൂഢോദ്ദേശ്യമാണെന്നും ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനും ജസ്‌റ്റിസുമാരായ ദിനേഷ് മഹേശ്വരി, സി ടി രവികുമാർ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിരുന്നു. വിധിക്ക് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ അഭിമുഖത്തില്‍ ടീസ്തയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗുജറാത്ത് പൊലീസിന്റെ നടപടിയുണ്ടായത്.
English Summary: Activist Teesta Setalvad taken into custody by Gujarat Anti-Terror Squad
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.