കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് സൈനിക പദ്ധതിക്കും ബിജെപി നേതാവ് നൂപുർ ശർമയുടെ പ്രവാചകനിന്ദാ പ്രസ്താവനയ്ക്കുമെതിരെ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളില്‍ കേസെടുക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് പ്രതിഷേധങ്ങളിലും പങ്കെടുത്തവരുടെ വിവരങ്ങൾ യുപി പാെലീസിനോട് ഇഡി ആവശ്യപ്പെട്ടു.
ഇസ്‍ലാമിക വിഷയങ്ങളിൽ സര്‍ക്കാറിനെതിരായ ആസൂത്രിത പ്രതിഷേധങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു സംഘടനയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇഡി പറയുന്നു. പ്രതിഷേധം ആളിക്കത്തിക്കുന്നതിൽ ബിഹാറിലെ കോച്ചിങ് സെന്ററുകള്‍ക്ക് പങ്കുണ്ടെന്ന ആരോപണവും പരിശോധിക്കും.
പരിശീലന കേന്ദ്രങ്ങള്‍ പ്രതിഷേധങ്ങൾക്ക് ധനസഹായം നൽകിയതിന് തെളിവുകൾ കണ്ടെത്തിയാൽ പിഎംഎൽഎ പ്രകാരം നടപടിയെടുക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
മേയ് അവസാനം ഒരു ടിവി പരിപാടിയിൽ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി നേതാക്കളുടെ നബി നിന്ദക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധവുമായി ബന്ധപ്പെട്ട് യുപി പൊലീസ് ഇതുവരെ 415 പേരെ അറസ്റ്റ് ചെയ്തു. 20 പ്രഥമ വിവര റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. കാണ്‍പുരില്‍ മാത്രം ആയിരത്തിലധികം പേര്‍ക്കെതിരെ പ്രഥമ വിവര റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. 55 പേരെ അറസ്റ്റ് ചെയ്തു. യുപി പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളവരെല്ലാം മുസ്‍ലിം വിഭാഗത്തില്‍ പെട്ടവരാണ്. ഇവരെ കുറിച്ചുള്ള വിവരമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അഗ്നിപഥ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. പ്രതിഷേധം തുടങ്ങിയപ്പോള്‍ തന്നെ സമരത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്ക് സെെന്യത്തില്‍ ചേരാനാകില്ലെന്ന് സെെനിക മേധാവികള്‍ ഭീഷണി മുഴക്കിയിരുന്നു. അതിനു പിന്നാലെയാണ് നടപടിയെടുക്കാന്‍ ഇഡിക്കും കേന്ദ്രം നിര്‍ദേശം നല്കിയിരിക്കുന്നത്.
English Summary: Agneepath: ED will file a case against the protesters
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.