19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 9, 2024
August 24, 2024
July 17, 2024
July 17, 2024
February 11, 2024
January 15, 2024
December 31, 2023
December 19, 2023
September 29, 2023

നാല്പതിനായിരം കോടിയുടെ ദേശീയപാത വരുന്നു

Janayugom Webdesk
June 28, 2022 11:06 pm

നാലു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയപാതാ നിര്‍മ്മാണത്തിന് നാളെ തുടക്കം. 40,453 കോടി രൂപ ചെലവില്‍ 403 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മ്മാണോദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. മഴ മാറിയാല്‍ അടുത്തമാസം മുതല്‍ നിര്‍മ്മാണം തുടങ്ങുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
നാഷണല്‍ ഹൈവേ 66, നാഷണല്‍ ഹൈവേ 544 എന്നിവയിലായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ആറുവരിപ്പാത എറണാകുളം ജില്ലയിലെ ഇടപ്പള്ളി-തുറവൂര്‍, ആലപ്പുഴയിലെ തുറവൂര്‍, കൊല്ലത്തെ പരവൂര്‍ കോടുകുളങ്ങര, പാരിപ്പള്ളി, തിരുവനന്തപുരം ജില്ലയിലെ കടമ്പാട്ടുകോണം, കഴക്കൂട്ടം എന്നീ സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. കഴക്കൂട്ടം-പാരിപ്പള്ളി മേഖലയിലെ 29 കിലോമീറ്ററിലെ നിര്‍മ്മാണത്തിനാണ് നാന്ദികുറിക്കുക. ആറ്റിങ്ങലിലെ തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തിന്റെ 44 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ തര്‍ക്കം പരിഹരിക്കപ്പെട്ടതോടെയാണ് ബൃഹത്തായ ഈ ദേശീയപാതാ നിര്‍മ്മാണത്തിനുള്ള എല്ലാ പ്രതിബന്ധങ്ങളും നീങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥലം വിട്ടുകൊടുത്തവര്‍ തങ്ങളുടെ വീടുകളും വാണിജ്യവ്യാപാര സ്ഥാപനങ്ങളും പൊളിച്ചു നീക്കുന്നതും അതിവേഗം പൂര്‍ണതയിലേക്ക്. ഇലക്ട്രിക് പോസ്റ്റുകളും ട്രാന്‍സ്ഫോമറുകളും ടെലിഫോണ്‍ കേബില്‍ ലൈനുകളും മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
നാല് ഫ്ലൈ ഓവറുകള്‍, 36 കലുങ്കുകള്‍, ആറു പാലങ്ങള്‍, വാഹനങ്ങള്‍ക്കുള്ള മൂന്ന് ഓവര്‍ പാസുകള്‍, ചെറിയ വാഹനങ്ങള്‍ക്കുള്ള നാല് അണ്ടര്‍ പാസുകള്‍, ഏഴുമീറ്ററിലുള്ള സര്‍വീസ് റോഡുകള്‍ എന്നിവയായിരിക്കും 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കഴക്കൂട്ടം-പാരിപ്പള്ളി ഹൈവേയിലുണ്ടാവുക. നിര്‍ദ്ദിഷ്ട ദേശീയപാതയിലെ ആറ്റിങ്ങല്‍ ബൈപാസിന് 11.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. ദേശീയപാതാ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതിയുടെ കരാറില്‍ ഇക്കഴിഞ്ഞ മേയ് 20ന് ആര്‍ഡിഎസ് പ്രോജക്ട്സ് ലിമിറ്റഡുമായി കരാര്‍ ഒപ്പുവച്ചു കഴി‍ഞ്ഞു. കഴക്കൂട്ടം-പാരിപ്പള്ളി മേഖലയിലെ നിര്‍മ്മാണ ചെലവ് 790 കോടി രൂപയാണ്. ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസിന്റെ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചാണ് ഇരുവശവും സര്‍വീസ് റോഡുകളടക്കമുള്ള 40,453 കോടിയുടെ ഈ പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ നാലു ജില്ലകളിലായി നീളുന്ന ഈ ദേശീയപാതയിലെ ടോള്‍ ഗേറ്റുകളുടെ എണ്ണം സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ടോള്‍ ഗേറ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നതെങ്കിലും ഈ ഭീമമായ തുകയുള്ള നിര്‍മ്മാണച്ചെലവ് ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ 403 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ടപാതയില്‍ ഇരുപതിലേറെ ടോള്‍ ഗേറ്റുകളുണ്ടാവുമെന്നാണ് അധികൃതര്‍ തന്നെ വിലയിരുത്തുന്നത്. പുതിയ ആറുവരിപ്പാത ഗതാഗത സജ്ജമാകുന്നതോടെ കൊല്ലം-തിരുവനന്തപുരം യാത്രാ സമയത്തില്‍ അര മണിക്കൂര്‍ കുറവു വരുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ യാത്രാ സമയം 105 മിനിറ്റാണ്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആറ്റിങ്ങല്‍ ഒഴിവാക്കി കല്ലമ്പലത്തിനടുത്ത ആയാംകോണം വഴി സ‍ഞ്ചരിക്കാമെന്നതിനാല്‍ തിരുവനന്തപുരം-എറണാകുളം മേഖലയിലെ യാത്രാസമയം മുക്കാല്‍ മണിക്കൂറെങ്കിലും ലാഭിക്കാമെന്ന കണക്കുകൂട്ടലുമുണ്ട്. 

Eng­lish Sum­ma­ry: Forty thou­sand crore Nation­al High­way is coming

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.