28 April 2024, Sunday

18 സംസ്ഥാനങ്ങളില്‍ മഴക്കുറവ്; സമ്പദ്‍വ്യവസ്ഥ തകിടംമറിയും


*കേരളത്തിൽ 55 ശതമാനം കുറഞ്ഞു
*സാമൂഹിക‑സാമ്പത്തിക പ്രത്യാഘാതമുണ്ടാകും
Janayugom Webdesk
June 29, 2022 9:51 pm

കാലവർഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ രാജ്യത്തെ പതിനെട്ട് സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞു. ശരാശരി 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇത് സാമൂഹിക‑സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കൃഷി, ഊർജ മേഖലകളിൽ നിന്നുള്ള ജിഡിപി വരുമാനത്തിലാണ് വലിയ ഇടിവുണ്ടാക്കുക. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ട മൺസൂൺ സംബന്ധിച്ച രേഖകൾ പ്രകാരം രാജ്യത്തിന്റെ 54 ശതമാനം പ്രദേശത്തും ജൂൺ 28 വരെ കുറഞ്ഞ മഴയാണ് ലഭിച്ചത്. എന്നാൽ കിഴക്കൻ-വടക്കുകിഴക്കൻ മേഖലയിൽ മാത്രം മൺസൂണിലെ ആദ്യ നാല് ആഴ്ചകളിൽ സാധാരണയെക്കാൾ 60 ശതമാനം മഴ വർധിച്ചു. അസമിലെ വെള്ളപ്പൊക്കത്തിനും കാരണമായി. മറ്റ് മേഖലകളിൽ ശരാശരി 31 ശതമാനം കുറഞ്ഞു.
ഏറ്റവും കുറഞ്ഞത് യുപിയിലാണ്, 78 ശതമാനം. കേരളത്തിൽ 55 ശതമാനം കുറഞ്ഞപ്പോൾ, ബിഹാർ 28, ഡൽഹി 70, മഹാരാഷ്ട്ര 33, ഉത്തരാഖണ്ഡ് 53 എന്നിങ്ങനെയാണ് കുറവുരേഖപ്പെടുത്തിയത്. എന്നാൽ കാലവർഷത്തിന്റെ വരും മാസങ്ങളിൽ മഴ കൂടുതൽ ലഭിക്കുമെന്നും നിലവിലുള്ള കമ്മിയിൽ 10 ശതമാനം നികത്തുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. 

‘രാജ്യത്ത് 10 ശതമാനം മഴക്കമ്മിയുണ്ടാകുന്നത് ആശങ്കയുണ്ടാക്കില്ല. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ മഴ ലഭിച്ചാല്‍ കമ്മി നികത്താനാകും’ ഷിമോഗയിലെ അഗ്രികൾച്ചറൽ ആന്റ് ഹോർട്ടികൾച്ചറൽ സയൻസസ് സർവകലാശാലയിലെ അഗ്രോമെറ്റീരിയോളജി സ്പെഷ്യലിസ്റ്റ് ശങ്കരപ്പ ശ്രീധര പറഞ്ഞു.
മൺസൂൺ മഴയിൽ ഒരു ശതമാനത്തിന്റെ യാണ് മാറ്റം. ഇന്ത്യയുടെ കാർഷികാടിസ്ഥാനത്തിലുള്ള ജിഡിപിയിൽ 0.34 ശതമാനം മാറ്റമുണ്ടാക്കും. ഗതാഗതം, സംഭരണം, വ്യാപാരം, വാർത്താവിനിമയം എന്നീ മേഖലകളിൽ നിന്നുള്ള ജിഡിപിയിലും മാറ്റമുണ്ടാകും. നിലവിലെ രീതിയില്‍ മഴ ദുർബലമായാൽ വൈദ്യുതി ഉല്പാദനം 13 ശതമാനം കുറയും. ഊർജ സ്രോതസുകളിൽ 40 ശതമാനം വരുന്ന ജലവൈദ്യുതിയെ കാര്യമായി ബാധിക്കും.

ഈ വർഷം രാജ്യത്ത് സാധാരണ മഴ ലഭിക്കുമെന്ന് ഐഎംഡി നേരത്തെ പ്രവചിച്ചിരുന്നു. മഴയുടെ അളവ് ദീർഘകാല ശരാശരിയുടെ 103 ശതമാനമായിരിക്കുമെന്നും പ്രവചിച്ചു. വാർഷിക മഴയുടെ 75 ശതമാനവും ജൂൺ‑സെപ്റ്റംബറിലെ മൺസൂണിലാണ്. വിളകൾക്കും ജലസ്രോതസുകൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് നിർണായകമാണെന്ന് അഗ്രോ മെറ്റീരിയോളജി വിദഗ്ധർ പറയുന്നു. കാലാവസ്ഥാ വ്യതിയാന വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത് മൺസൂണിലെ അനിശ്ചിതത്വങ്ങൾ വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൊത്തത്തിലുള്ള മൺസൂൺ മഴ കൂടാന്‍ കാരണമാകുമെന്നും പ്രവചിക്കുന്നു. ഐപിസിസിയുടെ വിലയിരുത്തലനുസരിച്ച് നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലും ദക്ഷിണേഷ്യയിലും മൺസൂൺ മഴ വർധിക്കും. ചൂടിൽ 0.5 ഡിഗ്രി സെന്റിഗ്രേഡ് വർധനവ് പോലും മൂന്ന് ശതമാനം മഴ വര്‍ധിപ്പിക്കും. ആഗോളതാപനം വര്‍ധിക്കുന്നത് മൺസൂൺ വ്യതിയാനം കൂട്ടുകയും സാമൂഹിക‑സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.

Eng­lish Summary:Rainfall in 18 states; The econ­o­my will collapse
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.