5 May 2024, Sunday

Related news

May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024

സ്ത്രീകള്‍ക്ക് അഭയമാകാന്‍ എല്ലായിടത്തും ‘എന്റെ കൂട്’ പദ്ധതി വ്യാപിപ്പിക്കുന്നു

Janayugom Webdesk
July 2, 2022 9:58 pm

നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിതമായി താമസിക്കുന്നതിനുള്ള ‘എന്റെ കൂട്’ പദ്ധതി സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി എറണാകുളത്ത് കേന്ദ്രമൊരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വനിതാ ശിശുവികസന വകുപ്പിനു കീഴിലാണ് ‘എന്റെ കൂട്’ പ്രവർത്തിക്കുന്നത്. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസിനു താഴെ പ്രായമുള്ള ആൺകുട്ടികൾ എന്നിവർക്കാണ് ഇവിടെ പ്രവേശനം. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കേന്ദ്രങ്ങളുള്ളത്. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 23,902 സ്ത്രീകളാണ് കേന്ദ്രങ്ങളിൽ അഭയം തേടിയിട്ടുള്ളത്. ഇതിൽ 19,885 പേർ തിരുവനന്തപുരത്തും 4017 പേർ കോഴിക്കോടുമാണ് താമസത്തിനെത്തിയത്. 

2015ൽ കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യമായി ‘എന്റെ കൂട്’ പ്രവർത്തനമാരംഭിച്ചത്. നഗരത്തോട് ചേർന്ന് കസബ പൊലീസ് സ്റ്റേഷന് സമീപത്താണിത്. തിരുവനന്തപുരത്തു തമ്പാനൂർ കെ എസ്ആർടിസി ബസ് ടെർമിനലിലാണ് ഇതിന്റെ പ്രവർത്തനം. എറണാകുളത്ത് വനിത ശിശു വികസന വകുപ്പിന്റെ ജില്ലാ ഓഫീസിനു സമീപത്താണ് പ്രവർത്തനമാരംഭിക്കുന്നത്. നഗരങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് പലപ്പോഴും സുരക്ഷിതമായ ഒരു കേന്ദ്രം കണ്ടെത്താൻ കഴിയാതെ പോകുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽനിന്നെത്തുന്നവർക്ക് തനിച്ച് സുരക്ഷിതമായി തങ്ങാൻ കഴിയുന്ന ഇടമായി ‘എന്റെ കൂട്’ മാറുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറെയും. അശരണരായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കും. 

കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്. വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് ‘എന്റെ കൂട്ടി’ൽ വിശ്രമിക്കാനാവുക. മാസത്തിൽ പരമാവധി മൂന്നു ദിവസത്തേക്ക് മാത്രമാണ് സൗജന്യ പ്രവേശനം അനുവദിക്കുക. അടിയന്തിര സാഹചര്യങ്ങളിൽ മൂന്നു ദിവസങ്ങളിൽ കൂടുതൽ താമസിക്കേണ്ടിവന്നാൽ അധികമായി പണം നൽകണം. ഓരോ ദിവസത്തിനും 150 രൂപ വീതം നൽകേണ്ടിവരും. 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ളതാണിത്. 

Eng­lish Summary:Ente Koodu project is being spread every­where to become a shel­ter for women
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.