25 December 2024, Wednesday
KSFE Galaxy Chits Banner 2

വംശീയ തിരക്കഥയുടെ പുനർജീവനം

Janayugom Webdesk
July 3, 2022 5:01 am

നാധിപത്യം ഇത്രത്തോളം ധ്വംസിക്കപ്പെട്ട അനുഭവങ്ങളുണ്ടായിട്ടില്ല. ബഹുസ്വരതയിൽ ജീവിക്കുന്ന ജനതയോട് സാംസ്കാരിക പരിധികൾ ലംഘിക്കാൻ പ്രകടമായി നിർബന്ധിച്ച കാലങ്ങളും ഓർമ്മയിലില്ല. ജനങ്ങൾ പരസ്പരം ചേർന്നുനിന്നു, തനതായ മുഖച്ഛായക്ക് ശ്രമിച്ചതുമില്ല. എന്നിട്ടും 1925ൽ ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ, രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകൃതമായി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാശ്ചാത്യരിൽ ഗൊബിനേവ്, റോസെൻബെർഗ് തുടങ്ങിയവർ വംശീയതയുടെ പ്രത്യയശാസ്ത്രവും സംസ്കാരവും വിശാലമായ ഒരു മണ്ഡലത്തിൽ എത്തിക്കാൻ കരുതിക്കൂട്ടി പ്രവർത്തിച്ചിരുന്നു. രാജ്യത്താകട്ടെ ‘ആര്യൻ’ ശുദ്ധതയുടെ സിദ്ധാന്തം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. മനുസ്മൃതിയാകട്ടെ വംശീയതയുടെ പാരമ്പര്യങ്ങൾ വഹിക്കുന്നു. ആര്യൻ സങ്കല്പത്തെ ചുറ്റി സൃഷ്ടിച്ച ഐതിഹ്യങ്ങൾ അവ്യക്തമാകുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു. ജനങ്ങൾ സ്വജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിമഗ്നരാകുകയും ചെയ്തു. പക്ഷെ രാജ്യത്തിന്റെ ബഹുസ്വരതയെ വെല്ലുവിളിച്ച് ശുദ്ധതാവാദങ്ങൾ മടങ്ങിവന്നു. കാവിയണിഞ്ഞ ഹിറ്റ്ലറിസമായിരുന്നു അത്. സമ്പൂർണ അധികാരം കൈക്കലാക്കുക, രാജ്യത്തെ തങ്ങളുടെ ഇച്ഛയിൽ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ചരിത്രപരമായും പുനർനിർമ്മിക്കുക, ഇതുമാത്രമായിരുന്നു ലക്ഷ്യം. 2002ൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപം, മതഭ്രാന്ത് എത്രത്തോളം തീവ്രമാകും എന്നതിന് സാക്ഷ്യമായി. രണ്ടായിരത്തോളം പേരെയാണ് കൊന്നൊടുക്കിയത്. ഇരകളിൽ ഏറെയും മുസ്‌ലിങ്ങൾ. ഇരകളെ ജീവനോടെ ചുട്ടെരിക്കുകയായിരുന്നു.


ഇതുകൂടി വായിക്കു; ഉദയ്പൂര്‍ സംഭവം നല്‍കുന്ന മുന്നറിയിപ്പ് 


പിന്നീട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും കൊലപാതകങ്ങൾക്കും ക്ലീൻചിറ്റ് നൽകിയതും രാജ്യം കണ്ടു. ജൂൺ 23ന് വെള്ളിയാഴ്ച സുപ്രീം കോടതി ക്ലീൻചിറ്റ് സ്ഥിരീകരിച്ചു. ഭർത്താവ് എഹ്സാൻ ജാഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നീതി തേടിയുള്ള സാകിയാ ജാഫ്രിയുടെ പരാതി പിച്ചിച്ചീന്തപ്പെട്ടു. സാകിയയുടെ അപ്പീൽ “യോഗ്യതയില്ലാത്തത്” ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. “പ്രോസിക്യൂഷൻ ചെയ്യാവുന്ന തെളിവുകൾ” ഒന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയുമില്ല. മറ്റൊരു ഹർജിക്കാരിയായ ടീസ്ത സെതൽവാദിന് “സ്ഥാപിത താല്പര്യങ്ങൾ” ഉണ്ടായിരുന്നതായും അവർ വിലയിരുത്തി.
രാജ്യത്തിന്റെ പരമോന്നത നീതിപീഠം നീതിനിഷേധത്തിനൊപ്പം നിലകൊണ്ടപ്പോൾ പരിചിതമല്ലാത്ത പലതും രാജ്യം തിരിച്ചറിഞ്ഞു. വർത്തമാനകാലത്തെ ഭൂതകാലവുമായി താരതമ്യപ്പെടുത്തി റോം കത്തുമ്പോൾ നീറോ വീണവായിച്ചതുപോലെയെന്ന് ഇതേ കോടതി തന്നെയാണ് പറഞ്ഞത്. ഗുജറാത്ത് കലാപവും കൂട്ടക്കുരുതികളുമായി ബന്ധപ്പെട്ട് കോടതി നടത്തിയ നിരവധി ഇടപെടലുകൾക്ക് വ്യതിയാനങ്ങളൊന്നും അനുവദിക്കില്ലെന്ന് ദ്യോതിപ്പിച്ച നാളുകളായിരുന്നു അത്. ഇരകളും അതിജീവിതരും നീതിയുക്തമായ അവസാനം പ്രതീക്ഷിച്ചു.

പക്ഷെ എല്ലാറ്റിനും വിരുദ്ധമായി, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാറിനെയും മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനെയും അറസ്റ്റു ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തത് സുപ്രീം കോടതി വിധിയിൽ നിന്നും അതിന്റെ അനുബന്ധങ്ങളിൽ നിന്നുമുള്ള വിപുലമായ ഉദ്ധരണികളെ അടിസ്ഥാനമാക്കിയായിരുന്നു. എസ്ഐടിയുടെ ക്ലീൻ ചിറ്റ് സുപ്രീം കോടതി ശരിവച്ചതോടെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിനെതിരെ അക്കമിട്ട ഗൂഢാലോചനാ കുറ്റവും മോചിക്കപ്പെട്ടു. കുറ്റവാളികളെ വെളിച്ചത്തിലെത്തിക്കാനുള്ള പരിശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടു. പരാജയം ഞെട്ടിപ്പിക്കുന്നതാണെങ്കിലും അപ്രതീക്ഷിതമായിരുന്നില്ല. നീതിക്കായി കാത്തിരിക്കുന്നവർ ജീവിച്ചിരിക്കുന്നതിന്റെ കുരിശും പേറി അവശേഷിക്കുന്നു. “സബ് കാ സാത്, സബ് കാ വികാസ്” എന്ന മുദ്രാവാക്യത്തിന് യാഥാർത്ഥ്യവുമായി എത്രത്തോളം പൊരുത്തമുണ്ടെന്ന് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.

You may also like this video;

TOP NEWS

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.