മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്നും കോൺഗ്രസ് പുറത്തേക്കെന്ന വാര്‍ത്തകള്‍ സജീവമാകുന്നു. ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്നും കോൺഗ്രസ് പുറത്തുവന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾക്ക് ചൂടുപിടിച്ചത്. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിനെ ചില കോൺഗ്രസ് നേതാക്കളുടെ അഭാവവും ഇത്തരം വാർത്തകൾക്ക് ശക്തി പകർന്നിട്ടുണ്ട്.എന്നാൽ അഭ്യൂഹങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.പ്രതിപക്ഷത്തിന് എട്ട് വോട്ടുകളുടെ കുറവാണ്. വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയോടെ ഭൂരിപക്ഷം തതെളിയിക്കാൻ ഏക്നാഥ് ഷിൻഡെ സർക്കാരിന് സാധിച്ചിരുന്നു.
40 ശിവസേന എം എ ല്‍എമാരാണ് ഷിൻഡേയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. 99 എം എല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രതിപക്ഷത്തിന് എട്ടു വോട്ടുകളുടെ കുറവാണ് ഉണ്ടായത്. മുതിർന്ന കോൺഗ്രസ് നേതാക്കളും എം എൽ എമാരുമായ അശോക് ചവാൻ, വിജയ് വട്ടേഡിവാർ എന്നിവർ വിശ്വാസ വോട്ടെടുപ്പിന് വൈകിയായിരുന്നു സഭയിൽ എത്തിയത് ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് എം എൽ എ സീഷൻ സിദ്ദിഖ്, മറ്റൊരു കോൺഗ്രസ് എംഎൽഎ ധീരജ് ദേശ്മുഖ് എന്നിവർ വോട്ടെടുപ്പിന് എത്തിയിരുന്നില്ല. കോൺഗ്രസിന്റെ ലക്ഷ്മൺ ജഗ്താപ്, പ്രണിതി ഷിൻഡെ, രഞ്ജിത് കാംബ്ലെ, മുഫ്തി ഇസ്മായിൽ ഖാസ്മി എന്നിവരും ഹാജരായിരുന്നില്ല.
നേതാക്കളുടെ അഭാവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ബി ജെ പിയെ സംസ്ഥാന അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്ന ഏകലക്ഷ്യത്തോടെയായിരുന്നു 2019 ൽ മഹാരാഷ്ട്രയിൽ ബദ്ധവൈരികളായ ശിവസേനയുമായി സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായത്. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി പുറത്തായി.എന്നാൽ ഭരണത്തിലേറിയ പിന്നാലെ പലപ്പോഴായി എം വി എ സഖ്യത്തിനോടുള്ള എതിർപ്പുകൾ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നതായിരുന്നു നേതാക്കളുടെ പ്രധാന പരാതി.സഖ്യത്തോട് രാഹുൽ ഗാന്ധിയ്ക്കും തുടക്കം മുതൽ താത്പര്യം ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് പോകണമെന്ന നിലപാടാണ് പാർട്ടി അധ്യക്ഷൻ നാനാ പട്ടോൾ ആവർത്തിച്ചിരുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നായിരുന്നു പലപ്പോഴായി പട്ടോൾ പറഞ്ഞത്.
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ പലരും അസ്വസ്ഥരാണെന്നും ശിവസേനയേയും എൻ സി പിയേയും ലക്ഷ്യം വെച്ച് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മുൻപ് പട്ടോൾ ആരോപിച്ചിരുന്നു. ഇപ്പോൾ സഖ്യസർക്കാരിന്റെ പതനത്തോടെ കോൺഗ്രസിന് തനിച്ച് മുന്നേറാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്നാണ് പാർട്ടി നേതാക്കളുടെ വികാരമെന്നാണ് അഭ്യൂഹം. എന്നാൽ സഖ്യം വിട്ടേക്കുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നാണ് അശോക് ചവാൻ പ്രതികരിച്ചത്. തങ്ങൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വാർത്തകളിൽ പ്രതികരിച്ച് ബി ജെ പിയും രംഗത്തെത്തി. കോൺഗ്രസ് സഖ്യം വിട്ടാൽ തന്നെ അതിൽ യാതൊരു സർപ്രൈസും ഇല്ലെന്നായിരുന്നു ബി ജെ പി എം എൽ എ വിനയ് സഹസ്രബുദ്ധയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പിൽ എതിർവോട്ട് ചെയ്യാൻ എത്താതെ കോൺഗ്രസ്, എൻസിപി എംഎൽഎമാർ കൂട്ടത്തോടെ വിട്ടുനിന്നതോടെ മഹാവികാസ് അഖാഡി (എംവിഎ) സഖ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. അധികാരം നഷ്ടപ്പെട്ടെങ്കിലും ഉദ്ധവ് താക്കറെയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നായിരുന്നു കോൺഗ്രസ്, എൻസിപി നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാൽ, കാര്യത്തോട് അടുത്തപ്പോൾ 11 കോൺഗ്രസ് എംഎൽഎമാർ സഭാനടപടികളിൽനിന്ന് വിട്ടുനിന്ന് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ വീഴ്‌ചയുടെ ആഘാതം ഇരട്ടിയാക്കി. പ്രമുഖ നേതാവ്യ അശോക് ചവാൻ ഉൾപ്പെടെയുള്ളവരാണ് വിട്ടുനിന്നത്. വിജയ് വഡേട്ടിവാർ, ധീരജ് ദേശ്‌മുഖ്, പ്രണിതി ഷിൻഡെ, ജിതേഷ് അന്താപുർകർ, സീഷാൻ സിദ്ദിഖി, രാജു അവാലെ, മോഹൻ ഹംബർദേ, കുണാൽ പാട്ടീൽ, മാധവ്‌റാവു ജവൽഗാവ്‌കർ, സിരിഷ് ചൗധരി എന്നിവരും ഹാജരായില്ല. സഖ്യം വിടുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
English Summary: Reports of Congress withdrawing from Aghadi alliance in Maharashtra
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.