29 September 2024, Sunday
KSFE Galaxy Chits Banner 2

രാസവളങ്ങൾക്ക് വില കുത്തനെ കൂടി

Janayugom Webdesk
July 5, 2022 10:26 pm

രാസവളങ്ങൾക്ക് വില കുത്തനെ കൂടി. കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമായ ഫാക്ടം ഫോസിന്റെ വില വർധിച്ചത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പത്തുമാസത്തിനിടെ ഒരുചാക്ക് ഫാക്ടംഫോസിന് 500 രൂപയാണ് കൂടിയത്. 1490 രൂപയാണ് നിലവിലെ വില. അമോണിയം സൾഫേറ്റിന് 75 രൂപ കൂടി, ചാക്കിന് 1,100 രൂപയായി. 2021 മേയിൽ 990 രൂപയായിരുന്നു വില. ജൂണിൽ ഒറ്റയടിക്ക് 1,350 രൂപയായി വർധിപ്പിച്ചെങ്കിലും വിതരണക്കാർ സ്റ്റോക്ക് എടുക്കാതിരുന്നതോടെ 1,125 രൂപയാക്കി കുറച്ചിരുന്നു. ഓഗസ്റ്റിൽ 1,325 രൂപയാക്കി വർധിപ്പിച്ചു. ഈ വർഷം 1390 രൂപയായിരുന്നത് മാർച്ചിൽ 1490 രൂപയാക്കി. ഇഫ്കോ അടക്കമുള്ള മറ്റ് കമ്പനികളുടെ കോംപ്ലക്സ് വളം ലഭ്യമാണെങ്കിലും കർഷകർക്ക് കൂടുതൽ ആവശ്യം ഫാക്ടംഫോസാണെന്ന് വിതരണക്കാർ പറയുന്നു.
ഫാക്ടംഫോസിനോടൊപ്പം യൂറിയ കൂടി ചേർത്താണ് നെല്ലിന് രണ്ടാംവളപ്രയോഗം നടത്തുക. മൂന്നാം വളപ്രയോഗം നടത്തുമ്പോൾ യൂറിയയ്ക്കു പകരം പൊട്ടാഷാണ് ചേർക്കുക. തോട്ടവിളകൾക്കും പച്ചക്കറി, കരിമ്പ്, കിഴങ്ങ് വിളകൾക്കും ഫാക്ടംഫോസ് ആവശ്യമാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇറക്കുമതി ചെയ്യുന്ന ചേരുവകളുടെ ലഭ്യത കുറവുമാണ് വില കൂടാൻ കാരണം.
2021ലെ കേന്ദ്ര ബജറ്റിൽ രാസവളം സബ്സിഡിക്കായി 1,40,122 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ അത് 1,05,22 കോടിയായി കുറഞ്ഞു. 25 ശതമാനം കുറവാണ് വരുത്തിയത്. യൂറിയയുടെ സബ്സിഡി ഇനത്തിൽ 2021ൽ 75,930 കോടി നൽകിയ സ്ഥാനത്ത് ഇക്കുറി 63,222 കോടിയായി കുറച്ചു. 17 ശതമാനമാണ് കുറവ്. കർഷകർക്ക് ഏറ്റവുമധികം ആവശ്യമുള്ള വളമാണ് യൂറിയ. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ എൻപികെ വളങ്ങളുടെ സബ്സിഡിയിൽ 35 ശതമാനമാണ് കുറവ് വരുത്തിയത്. 2021ൽ 64,192 കോടി വകയിരുത്തിയ സ്ഥാനത്ത് ഇത്തവണ 42,00 കോടി മാത്രം.
നെൽകർഷകർ കൂടതലായും ഉപയോഗിക്കുന്ന ഫാക്ടം ഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയുടെ ക്ഷാമം രൂക്ഷമാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉല്പാദനത്തെ ബാധിക്കുമെന്നതിനാൽ രാസവളം ലഭിക്കാൻ കർഷകർ നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ഒന്നും രണ്ടും വിള നെൽകൃഷിയുടെ സമയത്ത് യൂറിയയുടെയും പൊട്ടാഷിന്റെയും ക്ഷാമം രൂക്ഷമായിരുന്നു. പ്രതിവർഷം ഒരു ലക്ഷത്തിലേറെ മെട്രിക് ടൺ പൊട്ടാഷ് ആവശ്യമുള്ള സംസ്ഥാനം ഇത്തവണ കടുത്ത ക്ഷാമം അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. നെല്ല് മുളപൊട്ടുന്ന സമയത്ത് വളങ്ങൾ ഇല്ലാതെ വന്നാൽ ഉല്പാദനം കുത്തനെ കുറയും. 

Eng­lish Sum­ma­ry: Fer­til­iz­er prices have increased sharply

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.