പ്രാദേശികമായി ലഭ്യമാവുന്ന ചീനക്കളിമണ്ണുപയോഗിച്ച് നിർമ്മിച്ച മൺപാത്രങ്ങൾക്കും വിവിധയിനം പിഞ്ഞാണങ്ങൾക്കും പ്രസിദ്ധമാണ് വിയറ്റ്നാം. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിൽനിന്ന് ഹാലോംഗ് ബേയിലേക്കുള്ള യാത്രയിൽ ദൂരമേറെ പിന്നിടുമ്പോൾ നാം ഒരു കരകൗശല ഗ്രാമത്തിലെത്തുന്നു. ഹാനോയിലുള്ള ബാത് ത്രാങ് സെറാമിക് വില്ലേജുമായി ചേർന്ന് ഡോങ് ത്രൂ എന്ന ഈ ഗ്രാമവും വിവിധയിനം പിഞ്ഞാണങ്ങളും ഗ്ലാസുകളും പ്ലേറ്റുകളും നിർമ്മിക്കുന്നുണ്ട്. വിയറ്റ്നാം യുദ്ധപ്പോരാളികളുടെ ഭിന്നശേഷിക്കാരായ മക്കൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെതാണ് ഈ കരകൗശല നിർമ്മാണ ശാലയും വിൽപനകേന്ദ്രവും. ശ്രവണശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടവരെങ്കിലും അതിശയിപ്പിക്കുന്ന മറ്റു ശേഷികളുള്ളവരായ ആൺകുട്ടികളും പെൺകുട്ടികളുമായി ആയിരത്തിലധികം പേർ ഹാനോയിൽമാത്രം ജോലിചെയ്യുന്നു. കരകൗശല സാധനങ്ങൾ പ്രദർശിപ്പിക്കുന്ന അഞ്ചു വിൽപനശാലകളും ഉണ്ട്.
ഗ്രാമത്തിലെ കരകൗശലശാലയിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ചിത്രരചനയിലും എംബ്രോയ്ഡറിയിലും പെയിന്റിങിലും മുഴുകിയിരിക്കുകയാണ് ആ കലാകാരൻമാരും കലാകാരികളും. സന്ദർശകരുടെ സാന്നിധ്യം അവരെ തെല്ലും അസ്വസ്ഥമാക്കുന്നതായി തോന്നിയില്ല. വർണനൂലുകളാൽ കാൻവാസിൽ തീർത്ത കലാരൂപങ്ങളും ജലച്ചായങ്ങൾകൊണ്ട് വരച്ചുണ്ടാക്കിയ പെയിന്റിങ്ങുകളും ചുവരിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. ബാഡ്ജുകൾ, മുത്തുകളും സ്വർണ്ണവും ചേർത്തുണ്ടാക്കുന്ന ആഭരണങ്ങൾ എന്നിവയും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മാവോഖേയിൽ എത്തുമ്പോൾ വിയറ്റ്നാമിലെ ഏറ്റവും വലിയ കൽക്കരിപ്പാടങ്ങൾ കാണാം. വർഷത്തിൽ 50 മില്യൺ ടൺ കൽക്കരി ഇവിടെനിന്നും ഉൽപാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്. അതിന്റെ അഞ്ചിലൊന്ന് ചൈനയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. മാവോ ഖേ മറ്റൊരുകാര്യത്തിലും പ്രസിദ്ധിയുള്ള സ്ഥലമാണ്. 1951ൽ വിയറ്റ്നാം വിപ്ലവ പോരാളികളും ഫ്രഞ്ചു സൈന്യവും തമ്മിൽ നടന്ന ആദ്യത്തെ ഇന്തോ-ചൈന യുദ്ധത്തിന്റെ പ്രഭവകേന്ദ്രവും ഇവിടെയായിരുന്നത്രെ.
ഈ യാത്രയിൽ ഞങ്ങളെ അനുഗമിക്കുന്ന വിയറ്റ്നാംകാരനായ ഗൈഡിന് മാതാപിതാക്കൾ നൽകിയ പേര് വിങ് എന്നാണ്. അദ്ദേഹത്തിൻറെ മുഴുവൻ പേര് ഓർത്തെടുക്കാൻ ഞങ്ങൾക്ക് പ്രയാസമാവുമെന്ന് അറിയാമായിരുന്നതിനാലാവണം വിങ് അതിന്റെ വാലറ്റംമാത്രം പറഞ്ഞുതന്നത്. വളർന്നു വലുതായപ്പോൾ, താൻകണ്ട ഒരു ഹോളിവുഡ് സിനിമയിലെ എറിക് എന്ന കഥാപാത്രത്തിന്റെ പേര് സ്വീകരിക്കാൻ സർക്കാരിന്റെ അനുമതിവാങ്ങി, ആ ചെറുപ്പക്കാരൻ. എറിക്കിന്റെ അച്ഛനുമമ്മയും ഗ്രാമത്തിലാണ് താമസം. ഐ ടി കോഴ്സ് പാസായ ഈ യുവാവ് ടൂറിസം മേഖലയിൽ ജോലിചെയ്യുന്നു.
പുതിയ തലമുറയ്ക്ക് കൃഷിയിൽ താൽപര്യമില്ലെന്നാണ് എറിക്കിന്റെ പക്ഷം. അത് കൂടുതൽ അധ്വാനം ആവശ്യമുള്ളതാണ്. യുവാക്കൾ ഫാക്ടറികളിലും കമ്പനികളിലും ജോലിതേടിപോകുന്നു, കൂടുതൽ വരുമാനംകിട്ടാൻ. എങ്കിലും അമ്പതുശതമാനം പേർ പാടങ്ങളിൽ പണിയെടുക്കുന്നുണ്ട്. നെല്ലിനുപുറമെ കരിമ്പും മരച്ചീനിയും ചോളവും മധുരക്കിഴങ്ങും നദീതടങ്ങളിലെ പ്രധാന കാർഷികവിളകളാണ്. മദ്ധ്യവിയറ്റ്നാമിൽ ചായയും കാപ്പിയും റബ്ബറും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ചെറിയതോപ്പുകളിലും അടുക്കളത്തോട്ടങ്ങളിലുമെല്ലാമായി അടക്കയും വെറ്റിലയും തേങ്ങയും ഓറഞ്ചും വാഴപ്പഴങ്ങളും ചക്കയും മാങ്ങയും മൾബറിയും കൃഷിചെയ്യുന്നു.
ബസ് പ്രയാണം തുടരുമ്പോൾ എറിക് വാചാലനാവുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നു വിയറ്റ്നാമിലെത്തിയ സഞ്ചാരികൾക്ക് ആ നാടിന്റെ സംസ്ക്കാരത്തെയും ജീവിതരീതികളെയും പരിചയപ്പെടുത്തിത്തരാൻ വളരെയേറെ ശ്രദ്ധാലുവാണ് ആ യുവാവ്. വിയറ്റ്നാമിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം പതിനെട്ട് ആണ്. എന്നാൽ ചൈനയിൽനിന്നും കുടിയേറി മലമുകളിൽ ജീവിക്കുന്ന ‘പഹാഡി ലോഗ്’ പതിമൂന്നോ പതിനാലോ വയസ്സാവുമ്പോൾത്തന്നെ വിവാഹിതരാവുന്നു. വർഷാദ്യത്തിൽ (ലൂണാർ കലണ്ടർ പ്രകാരം ജനുവരി 21നും ഫെബ്രുവരി 20നും ഇടയിൽ) ആണ് വിശ്വാസികൾ ക്ഷേത്രങ്ങളിൽ പോകുന്നത്. അപൂർവ്വം ചിലർ മാസത്തിലെ ആദ്യദിനത്തിലും. ഒക്ടോബർ ഒന്നിനാണ് ശരത്കാല ഉത്സവം [Mid-Autumn Fest] തുടങ്ങുന്നത്. പൗർണമിയുത്സവം എന്നും ഇത് അറിയപ്പെടുന്നു. ചൈനയിലാണ് ഇതിന്റെ ആരംഭം. പ്രധാനമായും കുട്ടികളുടേതാണ് ഈ ആഘോഷം. മാതാപിതാക്കൾ കുട്ടികൾക്കായ് വിവിധയിനം കടലാസു റാന്തലുകളും നക്ഷത്രങ്ങളും മുഖംമൂടികളും കേക്കുകളും പുത്തനുടുപ്പുകളും വാങ്ങുന്നു. കുട്ടികൾ റാന്തലുകളിലും പല ആകൃതിയുള്ള നക്ഷത്രങ്ങളിലും വിളക്ക് തെളിയിക്കുന്നു. പുതുവസ്ത്രങ്ങളണിഞ്ഞ് ‘മൂൺകേക്കു‘കൾ മുറിച്ച് കുട്ടികൾ ആഘോഷത്തിമിർപ്പിലാവുന്ന നാളുകൾ.
ലൂണാർ കലണ്ടറിലെ എട്ടാം മാസത്തിന്റെ മദ്ധ്യത്തിലാണ് വിളവെടുപ്പ് നടക്കുന്നത്. അതിനുശേഷമാണ് ഈ ശരത്കാല ഉത്സവം കൊടിയേറുന്നത്. എറിക് പറഞ്ഞതനുസരിച്ച് എഴുപത് ശതമാനം വിയറ്റ്നാംകാരും അവിശ്വാസികളോ അനിശ്ചിതത്വത്തിൽ വിശ്വസിക്കുന്നവരോ ആണ്. ബുദ്ധിസവും കൺഫ്യൂഷനിസവും താവോയിസവുമാണ് വിയറ്റ്നാമിലെ പ്രധാന മതവിശ്വാസങ്ങളായി കരുതപ്പെടുന്നതെങ്കിലും നാടോടി ദേവൻമാരേയും പരമ്പരാഗത വിശ്വാസങ്ങളേയും പിന്തുടരുന്നവരും അക്കൂട്ടത്തിലുണ്ട്. ഫ്രഞ്ച്ഭരണകാലത്ത് മതപരിവർത്തനത്തിലൂടെ വന്ന ക്രിസ്ത്യാനികൾ, മുസ്ലിംകൾ എന്നിവർ ന്യൂനപക്ഷമാണ്.
വിയറ്റ്നാം തലസ്ഥാനനഗരിയായ ഹാനോയിലെ ഹോചിമിൻ മ്യൂസിയത്തിനു പിന്നിലായി ഒറ്റത്തൂണിൽ നിർമ്മിച്ച ഒരു പഗോഡ കാണാം. കമ്യൂണിസ്റ്റ്പാർട്ടിയുടെ ഭരണമാണെങ്കിലും ഇപ്പോൾ മതം അനുവദനീയമാണ്. ധാരാളം ബുദ്ധമതക്ഷേത്രങ്ങൾ ഇവിടെയുണ്ട്. പഗോഡയിൽവന്ന് മുട്ടുകുത്തിനിന്ന് സാമ്പ്രാണിത്തിരി കത്തിച്ച് പ്രാർത്ഥിക്കുന്ന ധാരാളംപേരെ ഞങ്ങൾ കണ്ടു. മതവിശ്വാസത്തിൻറെയും പ്രാചീനവും പരമ്പരാഗതവുമായ അനവധി വിശ്വാസങ്ങളുടെയും ഒരു സമ്മിശ്രരീതിയാണ് വിയറ്റ്നാം ജനത പിന്തുടരുന്നത് എന്നുതോന്നുന്നു. പഗോഡകളിലെത്തുന്ന വിശ്വാസികൾ നിവേദ്യങ്ങളായി പഴങ്ങൾ, പൂക്കൾ, ചന്ദനത്തിരികൾ എന്നിവയെല്ലാം അർപ്പിക്കുന്നതാണ് പതിവുള്ള രീതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.