24 November 2024, Sunday
KSFE Galaxy Chits Banner 2

ഭാഷയുടെ മതിലുകള്‍ തകര്‍ത്ത സുല്‍ത്താന്‍

Janayugom Webdesk
July 10, 2022 7:20 am

തന്റെ ഓരോ കഥാപാത്രത്തെയും നമുക്കു ചുറ്റിലും കാണുന്നവരാക്കി, നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്ത ബഷീറിന്റെ വിയോഗത്തിന് 28 വർഷം തികഞ്ഞു.
സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ഹിമാലയ സാനുക്കളിൽ ധ്യാനമിരുന്ന ബഷീർ, വെപ്പുകാരനും മാജിക്കുകാരനും മുതൽ ഒരേ സമയത്ത് മൂന്നു പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചു തന്റെ അതിരുകൾ സ്വാതന്ത്ര്യത്തിന്റെ ആകാശമെന്നു തെളിയിച്ചു. അനുഭവങ്ങളുടെ ആഴക്കടലുകളാണ് ഒരാൾക്ക് ആത്മാവുള്ള കഥകളെഴുതാൻ ദ്രവ്യം നൽകുന്നതെങ്കിൽ, ബഷീറിന് അതിന്റെ കൂടെ ഏറെ അനുപമമായ ജീവിത വീക്ഷണങ്ങളുമുണ്ടായിരുന്നു. സംശയമില്ലാതെ പറയാം, ഇതുപോലെ മറ്റൊരെഴുത്തുകാരനുണ്ടായിരുന്നില്ല മലയാളത്തിൽ! കേട്ടറിഞ്ഞപ്പോൾ, വായിച്ചറിഞ്ഞപ്പോൾ, ഒരിക്കൽ കണ്ടറിയണമെന്നു തോന്നി, ഈ പച്ച മനുഷ്യനെ.
ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് അന്നു ഞങ്ങൾ പങ്കിട്ട വിഷയങ്ങൾ, അദ്ദേഹത്തിന്റെ ശബ്ദം, ആസ്ത്മയുടെ അസ്ക്യതയാൽ കൂടെക്കൂടെ വന്നിരുന്ന നീണ്ട ചുമകൾ, പൊട്ടിച്ചിരികൾ, പലപ്പോഴും എന്തെങ്കിലും സഹായങ്ങൾക്കായി പത്നി അടുത്തു വരാൻ ‘ഫാബീ… ’ എന്ന നീണ്ട വിളികൾ, രുചിച്ചു കുടിച്ചിറക്കിയ സുലൈമാനി മുതലായവയൊന്നും അത്ര പഴക്കമുള്ള ഓർമ്മകളായി തോന്നുന്നേയില്ല.
‘വൈലാലിൽ’ വീട്ടുവളപ്പിലെ മാങ്കോസ്റ്റിനുമേൽ മാത്രമല്ല, സകല മരങ്ങളിലുമിരുന്ന് കിളികൾ തങ്ങളുടെ ജീവിതം ഉല്ലാസഭരിതമാണിവിടെയെന്ന് കൂവി അറിയിക്കുമ്പോൾ, ആ കറുത്തു തടിച്ച കണ്ണടയിലൂടെ മരത്തിൽ നിന്ന് മരത്തിലേക്ക് ദൃഷ്ടി മാറ്റിമാറ്റി അദ്ദേഹം നോക്കിക്കൊണ്ടിരുന്നത്, കുരുവിയോടും, കുയിലിനോടും, കാക്കയോടും, പേരറിയാത്ത കുറെ പറവകളോടും, അവയും ഈ ‘ഭൂമിയുടെ അവകാശിക’ളാണെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കാനായിരിക്കും.
അണ്ണാനും, ആടും, ഓന്തും, ഉറുമ്പും, പാമ്പും, ചിത്രശലഭവുമടക്കം ഈ ഭൂമിയിലെ സകല ജീവജാലങ്ങളോടും കൂട്ടുകൂടിയ പ്രകൃതി സ്നേഹിയുടെയും, താൻ ഗാന്ധിജിയെ തൊട്ടെന്നു അഭിമാനത്തോടെ വിളിച്ചുപറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുടെയും, പട്ടിണിക്കാരുടെയും പണക്കാരുടെയും പൊങ്ങച്ചക്കാരുടെയും പോക്കറ്റടിക്കാരുടെയും കുറ്റവാളികളുടെയും കാമുകികാമുകന്മാരുടെയും കഥകളെഴുതിയ ബേപ്പൂർ സുൽത്താന്റെയും സ്വത്വമുറങ്ങുന്ന ഓർമ്മകൾക്കു പഴക്കം തോന്നുമോ?
ഇല്ല…
കാരണം, വൈക്കം മുഹമ്മദ് ബഷീർ തലയോലപ്പറമ്പുകാരനല്ല, ബേപ്പൂരുകാരനുമല്ല, ഈ പ്രപഞ്ചമത്രയും താനും തന്റെ തട്ടകവുമെന്നു കരുതിപ്പോന്ന ഒരു തത്ത്വജ്ഞാനിയായിരുന്നു. ഭാവബോധകമായ സാധാരണ കൃതികളാൽ കാലത്തിന്റെ പരിശോധനകളെ അതിജീവിച്ച ഒരു നാട്ടിൻപുറത്തുകാരൻ.
“പ്രിയ പ്രപഞ്ചമേ, ഞാനൊരു ചെറിയ ജീവിയാണ്, നിന്റെ അത്ഭുതങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ എനിയ്ക്കു കഴിയുന്നില്ല” എന്നു പറഞ്ഞ ഒരു വലിയ മനുഷ്യൻ.
ഷേക്സ്പീരിയൻ ഭാഷയുടെ വ്യാകരണ വേലികൾക്കകത്തുനിന്ന് ഇംഗ്ലീഷിനെ മോചിപ്പിച്ച്, ജനപ്രിയ രചനകൾ നടത്തിയ ചാൾസ് ഡിക്കെൻസിന്റെ നർമ്മോക്തിയും ലാളിത്യവും, ‘ഇമ്മിണി ബല്ല്യേ’ രൂപത്തിൽ സുൽത്താന്റെ കഥകളിൽ കണ്ടതിനാലാണല്ലൊ, ബ്രിട്ടീഷുകാരനായ ഡോ. റൊണാൾഡ് ആഷർ, ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’, ‘ബാല്യകാലസഖി’, ‘പാത്തുമ്മയുടെ ആട്’ മുതലായവയൊക്കെ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തി പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയത്.
എന്നാൽ, ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്നത് എന്താണെന്ന്, ‘deci­pher’ ചെയ്തു മനസ്സിലാക്കാൻ ‘കോയിക്കോട്ടുകാരല്ലാത്ത’ മലയാളികൾക്കുള്ള അതേ ബുദ്ധിമുട്ടു തന്നെ, ‘Me Grandad ‘ad An Ele­phant’ എന്നു ഇംഗ്ലീഷിൽ വായിക്കുന്ന വെള്ളക്കാർക്കും ഉണ്ടാകുമെന്നത് തീർച്ച. ബഷീർ തന്റെ പുസ്തകത്തിനു നൽകിയ പേരിനു തുല്യമായ അനൗപചാരിക വാക്കുകൾ തന്നെയാണ് ഇംഗ്ലീഷ് നാമധേയത്തിലും. കഥയുടെ പരിഭാഷയും ശൈലിയിൽ വിഭിന്നമല്ല.
ഇവിടേയും ബഷീറിനൊരു പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇംഗ്ളീഷിന്റെ വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഡിക്കൻസിനു മാത്രമല്ല, ജോർജ് ഏലിയറ്റിനു പോലും, ബഷീറിന്റേതിനു കിടപിടിക്കാൻ പോന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. സാഹിത്യവും കടന്ന് ഒരു സംസ്കൃതിയുടെ തന്നെ ഭാഗമായിത്തീർന്ന എട്ടുകാലി മമ്മൂഞ്ഞും, പൊൻകുരിശ് തോമയും, ആനവാരി രാമൻ നായരും ബഷീറിനല്ലാതെ മറ്റേതൊരു വിശ്വസാഹിത്യകാരനാണ് അവതരിപ്പിക്കാന്‍ കഴിയുക! എന്തിനേറെ, ശുദ്ധ ഫലിതം കൊണ്ട് അനുവാചകരെ ചിരിപ്പിക്കുന്നതുപോലെ കരയിപ്പിക്കുകയും ചെയ്ത മറ്റൊരു ആഖ്യായികാകാരനെ വായനക്കാർക്ക് അറിയുമോ?
ലോകം മുഴുവനുമുള്ള മനുഷ്യരുടെ പ്രതിനിധികളാണ് ബഷീറിന്റെ കഥാപാത്രങ്ങൾ. അദ്ദേഹമെഴുതിയ ‘ബാല്യകാലസഖി‘യിലെ യഥാക്രമം ഒന്‍പതും ഏഴും വയസുള്ള മജീദും സുഹറയും പോലും സന്ദേശങ്ങൾ നൽകുന്നതിൽ നിസ്സാരക്കാരായിരുന്നില്ലെന്നു വായനക്കാർ തിരിച്ചറിഞ്ഞിരുന്നു. മജീദും സുഹറയും ബാല്യകാലം തൊട്ടേ സുഹൃത്തുകളായിരുന്നു, ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന മജീദിന്റെ അവകാശവാദത്തെ ‘കൂർ‍ത്ത നഖങ്ങളെക്കൊണ്ട് ഞാനിനിയും മാന്തും’ എന്ന് ചെറുത്തു തോൽ‍പ്പിച്ചവളാണ് സുഹറ! വയസിൽ‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും കണക്ക് തലയിൽ കയറാത്ത മജീദും മിടുമിടുക്കിയായ സുഹറയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ഒന്നും ഒന്നും കൂട്ടിയാൽ‍ ഇമ്മിണി ബല്ല്യേ ഒന്ന് എന്ന നൂതന ‘ഗണിതശാസ്ത്ര തത്വം’ കണ്ടുപിടിച്ചു ശിക്ഷയേറ്റു വാങ്ങിയ മജീദ്, സുഹറയുടെ അടുത്തായി ബഞ്ചിൽ‍ സ്ഥാനം പിടിച്ചതോടെ കണക്കിൽ ഒന്നാമനായി! രണ്ടു പുഴകൾ‍ സംഗമിച്ച് ഒന്നായി ഒഴുകുന്നതിൽ‍ നിന്ന് മജീദ് ഉൾ‍ക്കൊള്ളുന്ന വലിയ യാഥാർത്ഥ്യത്തിന്, ഒന്നും ഒന്നും കൂട്ടിയാൽ‍ രണ്ട് എന്ന അക്ഷരാർത്ഥ വിവരത്തോട് കലഹിക്കേണ്ട കാര്യമില്ല എന്നാണ് ബഷീറിന്റെ നിരീക്ഷണം. ജീവിത തത്ത്വശാസ്ത്രത്തിൽ‍ വിജയിക്കണമെങ്കിൽ‍ മജീദ് ഉൾ‍ക്കൊണ്ട യഥാർ‍ത്ഥ്യം നാമും ഉൾ‍ക്കൊണ്ടേ മതിയാകൂ എന്ന ദർശനമാണ് വിവേകിയായ കഥാകാരൻ ഉൽബോധിപ്പിക്കുന്നത്.
പ്രണയ സാഹിത്യത്തിലൊന്നാമത് മാധവിക്കുട്ടിയെന്നാണ് ചില വായനക്കാരുടെയും നിരൂപകരുടെയും വിശ്വാസം. ഭ്രമാത്മകതയാണ് അവരുടെ പ്രേമകഥകളുടെ ഉൾക്കാമ്പ്. അതിശയോക്തിയാണ് അവയുടെ ആകർഷണശക്തി. എന്നാൽ, വിചിത്രകല്പനയുടെ ആനുകൂല്യമില്ലാതെത്തന്നെ പ്രേമം വിജയകരമായി അവതരിപ്പിക്കാമെന്ന് വായനക്കാരെ ബോദ്ധ്യപ്പെടുത്തിയത് ബഷീർ കൃതികളാണ്. ഉള്ളിൽത്തട്ടി പ്രേമിക്കാൻ അന്വോന്യം കാണുക പോലും വേണ്ടെന്നല്ലേ അദ്ദേഹത്തിന്റെ ‘മതിലുകൾ’ തെളിയിച്ചത്!
സ്വാതന്ത്യ്രസമര ഉദ്ബോധന എഴുത്തുകൾക്ക് രണ്ടര കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് ബഷീർ ജയിലിലെത്തിയത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും സെല്ലുകൾ ബഷീറിന്റെ ഭാഷയിൽ, ‘ലോകം മുഴുവൻ ചുറ്റി പോകുന്ന’ ഒരു മതിലിനാൽ വേർതിരിച്ചിരിക്കുന്നു.
വിഭജനഭിത്തിയുടെ അപ്പുറത്തും ഇപ്പുറത്തും കഴിയുന്ന രണ്ടു നിസഹായരായ മനുഷ്യരുടെ ഹൃദ്യമായ വർത്തമാനങ്ങൾ.

‘മതിലുകൾ’ ഇതേ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമാക്കുകയും കഥ പാശ്ചാത്യ നോവലിന്റെ അനുകരമംാണ് എന്ന വിവാദം നിലനില്‍ക്കുകയും ചെയ്ത സമയത്താണ് ബേപ്പൂരുപോയി ഞാൻ സുൽത്താനെ കണ്ടത്. അനുകരണത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു;
“അല്പം യാഥാർത്ഥ്യവും അല്പം ഭാവനയുമാണ് മതിലുകളുടെ കഥ. പിന്നെ, അനുകരണമെന്ന പരാതിയ്ക്ക് അനുഭവസാഹിത്യത്തിൽ പ്രസക്തിയില്ല. ഉല്പത്തി മുതൽ മനുഷ്യൻ ചെയ്യുന്നതെല്ലാം ആവർത്തനങ്ങളാണ്. അപ്പൂപ്പൻ ചെയ്തത് അപ്പനും, അപ്പൻ ചെയ്തത് മക്കളും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് മനുഷ്യകുലം നിലനിൽക്കുന്നത്. ഇതിനെ അനുകരണമെന്ന് വിശേഷിപ്പിക്കാൻ കഴിയുമോ?”
സുൽത്താൻ തന്റെ ‘മതിൽ’ കെട്ടിയത് ഒരു പാശ്ചാത്യ നോവലിൽ നിന്ന് ഇഷ്ടികകൾ അടർത്തിയെടുത്താണെന്ന് ആരോപിച്ചവർക്ക് കിട്ടിയത് ഉരുളയ്ക്കുപ്പേരിതന്നെ!
ലോകത്തെമ്പാടു നിന്നും നിരവധി സിനിമാ നിരൂപകർ പങ്കെടുത്ത 1990‑ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, മതിലിന്റെ മൗലികതയെക്കുറിച്ചാർക്കും ഒരു പരാതിയുമില്ലായിരുന്നു. മാത്രവുമല്ല, ഏറെ ശ്രദ്ധിക്കപ്പെട്ട അടൂരിന്റെ ‘മതിലുകൾ’ വെനീസിൽ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിറ്റിക്സ് പുരസ്കാരം നേടുകയും ചെയ്തു. യൂണിസെഫ്, ഗ്രാന്റ് പ്രൈസ്, ഒസിഐസി തുടങ്ങിയ അന്തർ‍ദേശീയ പുരസ്കാരങ്ങളും ‘മതിലുകൾ’ നേടി. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 1990‑ൽ നേടിക്കൊടുത്ത ‘മതിലുകൾ’, സുവർണ്ണ കമലമുൾപ്പെടെ നാല് വിലപ്പെട്ട ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും കേരളത്തിലേയ്ക്കു കൊണ്ടുവന്നു.

തന്നെ പ്രണയിക്കുന്നതിന്ന് കാമുകിയ്ക്ക് ശമ്പളം കൊടുക്കാമെന്നു ഹാസ്യാത്മകമായി പറയുന്ന പ്രേമലേഖനത്തിലെ കേശവൻ നായരും, ആ ഓഫർ സ്വീകരിക്കുന്ന സുന്ദരിയായ സാറാമ്മയും, ‘അന്ന കരെനീന’ ജീവിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയിലേക്കാണ് വായനക്കാരെ കൊണ്ടുപോകുക. കാലമെത്ര കഴിഞ്ഞാലും തലമുറകളെത്ര മാറിയാലും, ബഷീറിനെ അറിയാൻ ഇന്ന് വിശേഷണങ്ങളൊന്നും വേണ്ട. ആ പേരുതന്നെ ധാരാളം, 1987‑ൽ മികച്ച ഡോക്യുമെന്ററി ഫിലിമിനുള്ള സംസ്ഥാന പുരസ്കാരം നേടിയ എം എ റഹ്‌മാന്റെ ‘ബഷീർ ദ മാൻ’ പോലെ!

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.