20 December 2024, Friday
KSFE Galaxy Chits Banner 2

കേന്ദ്ര സര്‍ക്കാര്‍ അശോക സ്തംഭത്തിലേയ്ക്കും ഹിംസാംത്മകത കടത്തിവിടുന്നു: സുനില്‍ പി ഇളയിടം

Janayugom Webdesk
July 13, 2022 11:20 am

ആലപ്പുഴ: അശോക സ്തംഭത്തിലേയ്ക്കും ഹിംസാംത്മകത കടത്തിവിടുന്നതിലൂടെ മതം രാഷ്ട്രമാണ് എന്ന പ്രഖ്യാപനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പ്രഭാഷകന്‍ സുനില്‍ പി ഇളയിടം പറഞ്ഞു. വർഗീയതയ്ക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യമുയർത്തി എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതേതര മനുഷ്യ മതിലും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രജ്ഞ, കരുണ, മൈത്രി തുടങ്ങിയവയുടെ സന്ദേശം വിളിച്ചോതുന്ന സൗമ്യ മുഖങ്ങളായ സിംഹങ്ങള്‍ക്ക് പകരം അലറുന്ന സിംഹങ്ങളെയാണ് പാര്‍ലമെന്റില്‍ സ്ഥാപിച്ചത്. അടിസ്ഥാന മൂല്യങ്ങള്‍ പോലും അടിയറവ് വെയ്ക്കുന്നതിലൂടെ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടന തദ്ദേശീയമല്ല യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പകര്‍ത്തിയതാണെന്നുമായിരുന്നു ആര്‍എസ് എസ് നിലപാട്. മനുസ്മൃതി അടക്കമുള്ള പൗരാണിക ഭരണഘടനാ സങ്കല്‍പ്പങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിഫലിക്കില്ലെന്നും അവര്‍ പറഞ്ഞു.

മനുസ്മൃതി കത്തിക്കാന്‍ നേതൃത്വം നല്‍കിയ അംബേദ്കറാണ് പിന്നീട് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായത്. മനുസ്മൃതിയില്‍ നിന്നും വിപരീത ദിശയിലായിരുന്നു ഭരണഘടനയിലെ ആശയം. ഇന്ത്യന്‍ റിപ്പബ്ലിക് അടിസ്ഥാനപരമായി മതരാഷ്ട്രത്തിന്റെ പിടിയില്‍ നിന്നു അകന്നത് ഏറെ നാള്‍കൊണ്ടാണ്. ഇന്ത്യയുടെ ദേശിയ പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനം ഇതിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തെ രാഷ്ട്രീയ കാര്യപരിപാടിയായി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ അത് അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന പ്രകൃതമാണ് മതനിരപേക്ഷത. ഇത് നെഹ്രുവും അംബേദ്കറും അടക്കമുള്ളവര്‍ കടമെടുത്ത് ചേര്‍ത്തതല്ല. മതത്തെ മുന്‍നിര്‍ത്തുന്ന രാഷ്ട്രം എന്നതിന് പകരം ജനങ്ങളുടെ രാഷ്ട്രം എന്ന തത്വമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഹിന്ദുത്വത്തെ ചെറുക്കാനെന്ന മട്ടില്‍ മതഭീകരവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന നിലപാടുകള്‍ ഹൈന്ദവ വര്‍ഗീയതയ്ക്കുള്ള തുണയാണ്. ഹിന്ദുത്വം ആഗ്രഹിക്കുന്നതും ഇത്തരം മതപരമായ വിഭജനമാണ്. മതവിശ്വാസികള്‍ അല്ലാതിരുന്ന സവര്‍ക്കറും മുഹമ്മദലി ജിന്നയും മതത്തെ രാഷ്ട്രീയ ആയുധമാക്കിയ ചരിത്രം.

എന്‍ ഡി എഫ് — പോപ്പുലര്‍ഫ്രണ്ട്, ജമാത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ വര്‍ഗ്ഗീയപരമായ നിലപാട് മതപരമായ വിഭജനത്തിന് ഊര്‍ജ്ജം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയർമാനും കവിയുമായ വയലാർ ശരത് ചന്ദ്രവർമ്മ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഐക്യദീപം തെളിയിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശന്‍, ജി കൃഷ്ണപ്രസാദ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം കെ ഉത്തമന്‍, ദീപ്തി അജയകുമാര്‍, എഐവൈഎഫ് ദേശീയ കൗണ്‍സില്‍ അംഗം എ ശോഭ, പി ജ്യോതിസ്, വി മോഹന്‍ദാസ്, അസ്ലംഷാ, യു അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമുഖ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവർ മതിലിന്റെ ഭാഗമായി. തുടർന്ന് കേരളത്തിന്റെ മാതൃകയിൽ മതേതരത്വം ഊട്ടിയുറപ്പിച്ചു മനുഷ്യ മതിലായി ആയിരങ്ങൾ അണിനിരന്നു. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത് നന്ദി പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻ പാട്ടും ഉണ്ടായിരുന്നു.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.