25 December 2024, Wednesday
KSFE Galaxy Chits Banner 2

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ കുറഞ്ഞു

Janayugom Webdesk
July 15, 2022 10:17 pm

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ കുറഞ്ഞു. 2020–21 വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയില്‍ 420 കോടി (41.49 ശതമാനം) യുടെ കുറവുണ്ടായി. 2019–20, 2020–21 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ 39.23 ശതമാനം കുറവ് ഉണ്ടായതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാക്രമം 785.77 കോടി, 477.54 കോടി എന്നിങ്ങനെയാണ് ബിജെപിക്കു ലഭിച്ച സംഭാവന. 

2019–20 വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 139 കോടിയാണ് സംഭാവന ഇനത്തില്‍ ലഭിച്ചത്. എന്നാല്‍ 2020–21 വര്‍ഷത്തില്‍ ഇതില്‍ 46.39 ശതമാനം കുറവുണ്ടായി. 74.52 കോടിയാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഡല്‍ഹിയില്‍ നിന്നാണ് ദേശീയ പാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം സംഭാവന ലഭിച്ചത്, 246 കോടി. മഹാരാഷ്ട്ര (71.68 കോടി), ഗുജറാത്ത് (47 കോടി) എന്നിങ്ങനെയാണ് കണക്ക്. അതേസമയം 2020–21 സാമ്പത്തിക വർഷത്തിൽ ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച 37.91 കോടി (മൊത്തം തുകയുടെ 6.39 ശതമാനം) പാര്‍ട്ടികള്‍ നല്‍കിയ അപൂര്‍ണ വിവരങ്ങളെ തുടര്‍ന്ന് എവിടെ നിന്നാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപി, ബിഎസ്‌പി, സിപിഐ, സിപിഐ(എം), തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, എന്‍പിപി എന്നിവയാണ് എട്ട് അംഗീകൃത ദേശീയ പാർട്ടികൾ. 

ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റ് വ്യവസായ മേഖലകളിലെ 1,398 സംഭാവനകളില്‍ നിന്നായി 480.65 കോടിയാണ് ലഭിച്ചത്. ആകെ സംഭാവനയുടെ 80 ശതമാനവും കോര്‍പറേറ്റ് വ്യവസായ മേഖലകളില്‍ നിന്നാണ്. 2,258 വ്യക്തികളില്‍ നിന്നായി 111.65 കോടി (18.80 ശതമാനം)യാണ് 2020–21 വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.

Eng­lish Summary:Contributions to polit­i­cal par­ties have decreased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.